Editorial Foot Ball Top News

ഇന്ത്യൻ സൂപ്പർ ലീഗ്; കരുത്തുകാട്ടാൻ ചെന്നൈയിൻ എഫ്.സി

October 9, 2019

author:

ഇന്ത്യൻ സൂപ്പർ ലീഗ്; കരുത്തുകാട്ടാൻ ചെന്നൈയിൻ എഫ്.സി

കാൽപന്തുകളിയേക്കാൾ ക്രിക്കറ്റിനു വളക്കൂറുള്ള മണ്ണാണ് ചെന്നൈ പട്ടണം. സൂപ്പർ കിങ്‌സും തല ധോണിയുമൊക്കെ അരങ്ങു വാഴുന്ന മണ്ണ്!!. പക്ഷേ ചരിത്രമുറങ്ങുന്ന റിപ്പൺ ബിൽഡിങ്ങിനു സമീപത്തിലൂടെ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചാൽ കഥ മാറും. ക്രിക്കറ്റ്‌ ഭ്രാന്ത്‌ ഫുട്ബോൾ ജ്വരത്തിനു വഴിമാറിക്കൊടുക്കുന്ന കാഴ്ചയാണ് “മറീന അരീന”യിൽ നമുക്കു കാണാൻ സാധിക്കുക.

തികച്ചും അപ്രതീക്ഷിതമായായിരുന്നു ലീഗിൽ ചെന്നൈയുടെ അരങ്ങേറ്റം. ബംഗളുരു കേന്ദ്രമാക്കി ഒരു ഐ എസ് എൽ ക്ലബ്ബ് എന്ന് ഉദ്യമത്തിൽ നിന്നും സൺ‌ ഗ്രൂപ്പ പിന്മാറിയതോടെ ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ ചെന്നൈ ടീമിനു വേണ്ടി രംഗത്തെത്തി. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി കൂടി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം പങ്കിട്ടതോടെ ലീഗിലെ സെലിബ്രിറ്റി ടീമുകളിലൊന്നായി ചെന്നൈ മാറി.

പേരിനൊത്ത പെരുമയുമായാണ് ചെന്നൈ ആദ്യ സീസണിൽ കളത്തിലിറങ്ങിയത്. ഇറ്റലിയുടെ ലോകകപ്പ് വിന്നർ മാർക്കോ മറ്റെരാസി, ബ്രസീലിയൻ ഡെഡ് ബോൾ സ്പെഷ്യലിസ്റ്റ് എലാനോ, കൊളമ്പിയൻ ഗോൾ മെഷിൻ സ്റ്റീവൻ മെൻഡോസ, ഫ്രഞ്ച് ഡിഫെൻഡർ ബെർണാഡ് മെന്റി മുതലായ സൂപ്പർ താരങ്ങൾ അണിനിരന്ന ടീം സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിനോടു തോറ്റു പുറത്തായെങ്കിലും തൊട്ടടുത്ത സീസണിൽ ലീഗ് ദർശിച്ച ഏറ്റവും അവിസ്മരണീയമായ ഒരു തിരിച്ചു വരവിൽ എഫ് സി ഗോവയെ തോൽപിച്ചു തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി.

വീണ്ടുമൊരു വർഷത്തിനു ശേഷം ബംഗളുരു എഫ് സിയെ പരാജയപ്പെടുത്തി രണ്ടാം കിരീടം നേടിയ ക്ലബ്ബ് പക്ഷേ പോയൻറ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനുറച്ചു തന്നെയാണ് ഇത്തവണ ചെന്നൈയിൻ എഫ്.സി കളത്തിലിറങ്ങുന്നത്. എ എഫ് സി ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ മുന്നേറ്റനിര താരങ്ങളായ സി കെ വിനീത്, മുഹമ്മദ്‌ റാഫി, ദേശീയ താരം ഹോളിചരൻ നർസാരി മുതലായ പരിചയസമ്പന്നരായ താരങ്ങളെ റിലീസ് ചെയ്ത ക്ലബ്ബ് പകരം കൊണ്ടുവന്നത് പരിചയസമ്പന്നരായ മാൾട്ടൻ താരം ആന്ദ്രേ ഷേംബ്രിയെയും ലാത്‌വിയൻ ഫോർവേഡ് നെറിജസ് വാൽസ്കിസിനെയുമാണ്. ഇവർക്കൊപ്പം ഇന്ത്യൻ സൂപ്പർ ഫോർവേഡ് ജെജെ ലാൽപെഖുലയും ചേരുന്നതോടെ ചെന്നൈയിൻ ആക്രമണനിര കൂടുതൽ ശക്തി പ്രാപിക്കുന്നു. പത്തൊൻപതുകാരനായ ഇന്ത്യൻ സെന്റർ ഫോർവേഡ് റഹീം അലി തനിക്കു ലഭിക്കുന്ന അവസരങ്ങൾ മുതലാക്കിയാൽ ആരും ഭയക്കുന്ന ഒരു മുന്നേറ്റനിരയാകും ചെന്നൈയുടേത്.

മധ്യനിരയായിരുന്നു എക്കാലവും ചെന്നൈയുടെ ശക്തി. കഴിഞ്ഞ സീസണുകളിൽ മധ്യനിരയുടെ കടിഞ്ഞാൺ കൈവശം വെച്ചിരുന്ന മിഡ്ഫീൽഡ് ജനറൽ റാഫേൽ അഗസ്റ്റോ ബെംഗളുരുവിലേക്കു ചേക്കേറിയെങ്കിലും ഇന്ത്യൻ ഇന്റർനാഷനലുകളായ അനിരുദ്ധ് ഥാപ്പയ്ക്കും ധനപാൽ ഗണേഷിനും ഒപ്പം ബ്രസീലിയൻ താരം റാഫേൽ ക്രിവെല്ലാരോയും ഇന്ത്യൻ ഭാവി വാഗ്ദാനം ലാലിൻസുവാരാ ചാങ്‌തെയും ഇത്തവണ മറീന അരീനയിലെ മധ്യനിര ഭരിക്കും. വിങ്ങുകളിലൂടെ തോയി സിങ്ങും പുതിയ പത്താം നമ്പർ റൊമാനിയയുടെ ഡ്രാഗോസ് ഫിർടുലെസുവും പന്തുകളെത്തിക്കാൻ മത്സരിക്കുമ്പോൾ മുന്നേറ്റനിരയിലേക്കുള്ള ബോൾ സപ്ലൈ ഇത്തവണയും ചെന്നൈക്ക് ഒരു പ്രശ്നമാകാൻ സാധ്യതയില്ല.

വർഷങ്ങളായി മികച്ച മുന്നേറ്റനിരയുണ്ടെങ്കിലും ചെന്നൈ ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടിയിരുന്നില്ല. അതുകൊണ്ടാകണം, പ്രതിരോധത്തിലാണ് ഇത്തവണ ചെന്നൈ ഏറ്റവും മികച്ച സൈനിങ്‌ നടത്തിയത്. ലീഗിലെതന്നെ ഏറ്റവും മികച്ച ഡിഫെൻഡർ ലൂസിയൻ ഗോയനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ചെന്നൈക്കു കരുത്താകും. ഗോയനൊപ്പം ഇന്ത്യൻ ദേശീയ ടീമംഗം ജെറിയും ബ്രസീലിയൻ താരം എലി സാബിയയുമായിരിക്കും ഇത്തവണ ചെന്നൈയ്ക്കുവേണ്ടി പ്രതിരോധം തീർക്കുക. ബാറിനു കീഴിൽ ഒന്നാം നമ്പർ ഗോളി കരൺജിത്ത സിംഗിനൊപ്പം പുതിയ സൈനിങ്‌ വിശാൽ കൈതും ചെന്നൈ ഡിഫെൻസിന്റെ അവസാനവാക്കാകും.

അക്രമണമാകും ഇത്തവണ ചെന്നൈയുടെ പ്രധാന തലവേദന. ജെജെയ്‌ക്കൊപ്പം ഇന്ത്യൻ കാലാവസ്ഥയിൽ കഴിവു തെളിയിച്ച മറ്റൊരു മുന്നേറ്റനിര താരത്തിന്റെ അഭാവം ടീമിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ സാധ്യതയുണ്ട്. വിദേശ താരങ്ങളിൽ മിക്കവരും ഇന്ത്യയിൽ പുതുമുഖങ്ങളാണെന്നതും ഒരു പ്രധാന ന്യൂനതയാണ്. ഒരു ടീമെന്ന നിലയിൽ ഒത്തിണക്കം കാട്ടുവാൻ ഇവർ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും ഇത്തവണ ചെന്നൈയുടെ സാദ്ധ്യതകൾ.

യുവത്വത്തിന്റെ ചുറുചുറുക്കും പരിചയസമ്പത്തും കോർത്തിണക്കിയ ടീം മൂന്നാം തവണയും ഐ എസ് എൽ കിരീടം മറീന അരീനയിലേക്കു കൊണ്ടു വരുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു. അവരുടെ പ്രതീക്ഷക്കൊത്തുയരാൻ ഇംഗ്ലീഷ് പരിശീലകൻ ജോൺ ഗ്രിഗറിയുടെ ശിഷ്യൻമാർക്കു സാധിക്കട്ടെ.

Leave a comment

Your email address will not be published. Required fields are marked *