Cricket Editorial legends Top News

ഗ്രേവി; ഗാലറിയിലെ വെസ്റ്റ് ഇന്ത്യൻ കാർണിവൽ

October 8, 2019

author:

ഗ്രേവി; ഗാലറിയിലെ വെസ്റ്റ് ഇന്ത്യൻ കാർണിവൽ

ക്രിക്കറ്റ്‌ ലോകത്തെ എന്റർടൈനേഴ്സ് എന്ന വിശേഷണം ചാർത്തിക്കിട്ടിയവരാണ് വെസ്റ്റ് ഇൻഡീസുകാർ. കളിക്കളത്തിലും പുറത്തും മികച്ച പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും ആനന്ദിപ്പിക്കാൻ കരീബീയൻ ദ്വീപുകാർക്കു കഴിഞ്ഞിരുന്നു. എവെർട്ടൻ വീക്സ്, വിവ് റിച്ചാർഡ്‌സ്, കോര്ട്ണി വാൽ‌ഷ്, ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ എന്നിങ്ങനെ ക്രിക്കറ്റ്‌ ആരാധകർ ഒരിക്കലും മറക്കാത്ത അനവധി പേരുകൾ വിൻഡീസ് ക്രിക്കറ്റിന്റെ സംഭാവനയായുണ്ട്. എന്നാൽ ഒരു പന്തുപോലും എറിയാതെ ഒരു റൺ പോലും നേടാതെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച എന്റെർറ്റൈനെർമാരുടെ പട്ടികയിൽ ഇടം നേടിയൊരു വിൻഡീസുകാരനാണ് “ലബോൺ കെന്നത്‌ ബ്ലാക്ക്ബൺ ബക്കനാൻ ബെഞ്ചമിൻ ” എന്ന ആന്റിഗ്വയുടെ സ്വന്തം “ഗ്രേവി”.

1955ൽ ജനിച്ച ഗ്രേവിയുടെ ബാല്യം പട്ടിണി നിറഞ്ഞതായിരുന്നു. ആ ബാല്യകാലതിന്റെ തിരുശേഷിപ്പാണ് തന്റെ വിളിപ്പേരെന്നാണ് ഗ്രേവിയുടെ ഭാഷ്യം. കുട്ടിക്കാലത്തു ആഴ്ചയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന മാംസാഹാരത്തിന്റെ രുചി ചുണ്ടിൽ നിന്നു മറയാതിരിക്കാൻ അവൻ അമ്മയോട് ഭക്ഷണത്തിൽ കൂടുതൽ ഗ്രേവി ആവശ്യപ്പെടുമായിരുന്നത്രെ. അന്നു സഹോദരങ്ങൾ അവനു ചാർത്തിയ ഗ്രേവി എന്ന വിളിപ്പേര് പിന്നീടവനെ വിട്ടുപോയില്ല. പന്ത്രണ്ടു വർഷത്തോളം USA യിൽ ഒരു ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനിൽ ജോലിക്കാരനായി ജോലിനോക്കിയ ഗ്രേവി പിന്നീട് തന്റെ സ്വദേശമായ ആന്റിഗ്വയിൽ തിരിച്ചെത്തി.

1988 മുതലാണ് ഗ്രേവി ആന്റിഗ്വ റീക്രീയേഷൻ ഗ്രൗണ്ടിന്റെ മുഖമായി മാറുന്നത്. ഒരു ടെസ്റ്റ്‌ മത്സരത്തിനിടെ മഴ മൂലമുണ്ടായ അപ്രതീക്ഷിത ഇടവേളയിൽ ഗ്രേവി തന്റെ നൃത്തചുവടുകൾ കൊണ്ടു കാണികളെ രസിപ്പിച്ചു. ആ മത്സരം കണ്ടിറങ്ങിയ കാണികളിലോരാൾ അദ്ദേഹത്തോട് പറഞ്ഞു, ” ഈ മത്സരം എന്നുമെന്റ ഓർമയിൽ നില്കാൻ സഹായിക്കുക താങ്കളുടെ പ്രകടനമാണ്”. പിന്നീടിങ്ങോട്ടു ഗ്രേവി ആന്റിഗ്വ സ്റ്റേഡിയത്തിലെ സ്ഥിരസാന്നിധ്യമായി മാറി. ഓരോ മത്സരത്തിലും വ്യത്യസ്ത രീതിയിലുള്ള വസ്ത്രധാരണവും ആരുടേയും ശ്രദ്ദയാകർഷിക്കുന്ന നൃത്തച്ചുവടുകളും കൊണ്ട് ഗ്രേവി ഒരു ആരാധകവൃന്ദത്തെതന്നെ സൃഷ്ടിച്ചു.

ഗാലറിയിലെ ഗ്രേവിയുടെ പ്രകടനങ്ങൾ കളിക്കളത്തിൽ വിൻഡീസ് ടീമിനും ഗുണം ചെയ്തിരുന്നു. അക്കാലത്തു ആന്റിഗ്വയിൽ കരീബിയൻ പട അജയ്യരായിരുന്നുവെന്നു തന്നെ പറയാം. കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഗ്രേവിയുടെ സാന്നിധ്യത്തിൽ വളരെയധികം മികച്ചു നിന്നു. അക്കാലത്തെ ടെസ്റ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറായ 375 റൺസ് ബ്രയൻ ലാറ നേടുമ്പോൾ ഗാലറിയിൽ ഗ്രേവിയുടെ പ്രകടനം അകമ്പടിയായുണ്ടായിരുന്നു വർഷങ്ങൾക്കു ശേഷം ടെസ്റ്റിലെ ആദ്യ ക്വാഡ്രപ്പിൾ സെഞ്ച്വറി ലാറ നേടിയതും ഇതേ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു. എത്രയോ വിലപ്പെട്ട വിക്കറ്റുകൾക്ക് കോർട്ടനി വാൽഷും ആംബ്രോസും ഗ്രേവിയോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കൽ വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ് ഗ്രേവിയോട് പറഞ്ഞു: “Gravy, what you’re doing, keep on doing it, cause the world is happy when you do it.”

ഇന്ന് നാം കാണുന്ന സുധീർ ചൗധരിയുടെമാരുടെയൊക്കെ പൂര്വികനായിരുന്നു “ഗ്രേവി” 1988 മുതൽ കരിബീയനിലെ ആന്റിഗ്വ റീക്രീയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഓരോ അന്താരാഷ്ട്ര മത്സരത്തിലും ഗ്രേവിയുടെ സാന്നിധ്യമുണ്ടായിരുന്നു. 2000 ഏപ്രിൽ മാസത്തിൽ വിരമിക്കുന്നതുവരെ തന്റെ സേവനത്തിനു ഒരു രൂപ പോലും
ഗ്രേവി പ്രതിഫലമായി വാങ്ങിയിരുന്നില്ല. തന്റെ രാജ്യത്തെ പ്രോത്സാഹിപ്പിക്കാൻ ലഭിച്ച ഒരു അവസരം മാത്രമായാണ് ഇതിനെ അദ്ദേഹം കണക്കാക്കിയിരുന്നത്.

ഗ്രേവി വിരമിച്ച ശേഷം ആന്റിഗ്വ സ്റ്റേഡിയത്തിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2007 ലോകകപ്പിനുവേണ്ടി പുതുതായി നിർമിക്കപ്പെട്ട സ്റ്റേഡിയതിലെ വിവ് റിച്ചാർഡ്‌സ് പവലീയനിൽ ഒരു സ്റ്റോർ നടത്തുകയാണ് ഗ്രേവി ഇന്ന്. ഇപ്പോഴും കളിക്കളത്തിൽ നിന്നും ആരവങ്ങളുയരുമ്പോൾ അറിയാതെ ആ മനുഷ്യന്റെ ശ്രദ്ധ സ്റ്റേഡിയത്തിനകത്തേക്കു തിരിയും, കാരണം അദ്ദേഹത്തിന്റെ ആത്മാവ് ഇന്നും അവിടെയാണ്. നാട്ടുകാരായ റിച്ചാർഡ്‌സിനെക്കാളും ആംബ്രോസിനേക്കാളും ഗ്രേവി ആന്റിഗ്വക്കാർക്കു പ്രിയപ്പെട്ടവനായതും അതുകൊണ്ടു തന്നെയാണ്.

Leave a comment

Your email address will not be published. Required fields are marked *