Editorial Foot Ball legends Top News

ലിവർപൂളിന്റെ മാറ്റിപ്; വാഴ്ത്തപ്പെടാത്ത പ്രതിഭ

October 8, 2019

author:

ലിവർപൂളിന്റെ മാറ്റിപ്; വാഴ്ത്തപ്പെടാത്ത പ്രതിഭ

പണ്ടൊരു കാർത്തവീര്യാർജ്ജുനന്റെ കഥ വായിച്ചിട്ടുണ്ട്. മാഹിഷ്മതി ഭരിച്ച ആയിരം കൈകളുള്ളൊരു രാജാവിന്റെ കഥ. തന്റെ കൈകൾ കൊണ്ടു നർമദയിലെ വെള്ളം തടഞ്ഞുനിർത്തി രാവണനോടു പോരിനിറങ്ങി അയാളെ പരാജയപ്പെടുത്തിയവൻ. പക്ഷേ കഥയ്ക്കൊടുവിൽ രാമനെയും രാവണനെയും കരുത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തിയപ്പോൾ കാർത്തവീര്യാർജ്ജുനൻ കഥയിലും മനസ്സിലും ഉൾത്താളുകളിലെവിടെയോ മറഞ്ഞുപോയി.

“അണ്ടർറേറ്റഡ്” എന്ന വാക്കിനൊപ്പം ഇന്നു ഫുട്ബോൾ ലോകം ചേർത്തു വായിക്കുക ജോയൽ മാറ്റിപ്പിന്റെ പേരാകും. നർമദയേക്കാൾ ഒഴുക്കോടെ ആക്രമണങ്ങൾ ആർത്തലച്ചു വന്നാലും വൻമതിലായി നിൽക്കുന്ന ലിവർപൂൾ പ്രതിരോധത്തിലെ ആണിക്കല്ലുകളിലൊന്ന്. പക്ഷെ പലപ്പോഴും വിർജിൽ വാൻ ഡൈക് എന്ന് വന്മരത്തിന്റെ അപദാനങ്ങളിൽ മറഞ്ഞു പോകുന്നു ഈ സെന്റർ ബാക്കിന്റെ പ്രകടനങ്ങളുടെ തിളക്കം.

കാമറൂണുകാരനായ പിതാവിനു ജർമൻ വനിതയിൽ ജനിച്ച മാറ്റിപ് ഷാൽകെയ്ക്കു വേണ്ടി ബുണ്ടസ്‌ലീഗ അരങ്ങേറ്റത്തിൽ തന്നെ കളിയിലെ കേമനായാണ് ഫുട്ബോൾ ലോകത്തു ശ്രദ്ധ പിടിച്ചു പറ്റിയത്. സാക്ഷാൽ ബയേൺ മ്യൂണിക്കിനെതിരെ അവസാന നിമിഷം നേടിയ ആ സമനിലഗോൾ അയാളുടെ ഫുട്ബോൾ ജീവിതത്തിൽ അത്രയേറെ പ്രധാനമായിരുന്നു.

2015ൽ ലിവർപൂൾ പരിശീലകനായ ജർഗൻ ക്ലോപ് ടീമിന്റെ പ്രതിരോധം പൊളിച്ചു പണിയാൻ തീരുമാനിച്ചതോടെ തൊട്ടടുത്ത വർഷം മാറ്റിപ് ആൻഫീൽഡിലെത്തി. മുൻ ബൊറൂസിയ പരിശീലകനായിരുന്ന ക്ലോപ്പിന് താൻ പലപ്പോഴും എതിർനിരയിൽ നിന്നുകണ്ട മാറ്റിപ്പിന്റെ കളിയിൽ അത്രയേറെ മതിപ്പുണ്ടായിരുന്നു. ഫ്രീ ട്രാൻസ്ഫറായാണ് മാറ്റിപ് ലിവർപൂൾ നിരയിലെത്തിയതെന്നോർക്കുമ്പോൾ ഒരു പക്ഷേ ക്ലോപ്പിനു പോലും ഇപ്പോൾ അതിശയമായേക്കാം. കാരണം അത്രയേറെ മികവുറ്റ കളിയാണയാൾ കാഴ്ചവെക്കുന്നത്. കഴിഞ്ഞ യുവേഫ ചാംപ്യൻസ് ലീഗിൽ ലിവർപൂളിന്റെ കിരീടക്ഷാമം തീർക്കാനായി ഒറിജിയുടെ കാലുകളിലേക്കു നൽകിയ അസിസ്റ്റ് മാത്രം മതി ടീമിലയാളുടെ വില നിർണയിക്കാൻ. സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ മൂന്നു ഗോൾ ലീഡിന്റെ ആത്മവിശ്വാസവുമായി നിന്ന ബാഴ്സലോണയുടെ വിശ്വവിഖ്യാത മുന്നേറ്റനിര മാറ്റിപ്പിനും സംഘത്തിനും മുന്നിൽ സ്കൂൾ കുട്ടികളെപ്പോലെ നിന്നത് എങ്ങനെ മറക്കാനാകും?.

സ്വദേശമായ ജർമനിയ്ക്കുവേണ്ടി കളത്തിലിറങ്ങിയിരുന്നെങ്കിൽ മാറ്റിപ് ഇതിലേറെ പ്രശസ്തനായേനെ. പക്ഷേ അയാൾ തെരഞ്ഞെടുത്തത് തന്റെ പിതാവിന്റെ ജന്മദേശമായ കാമറൂണായിരുന്നു. പിന്നീടു ടീം മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം വെറും ഇരുപത്തിയേഴാം വയസ്സിൽ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമ്പോൾ മാറ്റിപ്പിനു തന്റെ തീരുമാനത്തിൽ ഒട്ടും തന്നെ പശ്ചാത്താപം തോന്നിയിട്ടുണ്ടാകില്ല.

ഭൂരിഭാഗവും പരിക്കു കവർന്നെടുത്ത കഴിഞ്ഞ പ്രീമിയർ ലീഗ് സീസണു പ്രായശ്ചിത്തം ചെയ്യുകയാണ് അയാളിപ്പോൾ. കളിച്ച എട്ടു കളികളിലും വിജയികളായി ലിവർപൂൾ പോയൻറ് പട്ടികയിൽ ബഹുദൂരം മുന്നിൽ നിൽകുമ്പോൾ ചർച്ചചെയ്യപ്പെടുന്നത് അവരുടെ പ്രതിരോധമാണ്. വാൻ ഡൈക്കും റോബർട്സനും ആർനോൾഡിനുമൊപ്പം ആ പ്രതിരോധനിരയുടെ കാവലാളായി അയാളുമുണ്ട്. ലോവ്റെനേക്കാൾ മാറ്റിപ്പിന്റെ സാന്നിധ്യമാണ് തന്നിൽ കൂടുതൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതെന്ന് വാൻ ഡെക്കിന്റെ പ്രസ്താവന അയാൾ ടീമിന് എത്രമാത്രം പ്രിയപ്പെട്ടവനാകുന്നുവെന്നതിന്റെ തെളിവാണ്. ഓരോ ക്ലീൻ ഷീറ്റുകൾ ലഭിക്കുമ്പോഴും ആലിസൺ നന്ദിയോടെ നോക്കുക മാറ്റിപ്പിന്റെ മുഖത്തേക്കു കൂടിയാകും. മികച്ച ഡ്രിബിളിംഗിലൂടെ നിർണായക ഗോളുകൾ നേടാനും വഴിയൊരുക്കുവാനുമുള്ള പ്രാവീണ്യം അയാളെ സമ്പൂർണമായ ഒരു ഫുട്ബോൾ പാക്കേജാക്കുന്നു. പ്രീമിയർ ലീഗിലെ ഈ മാസത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അംഗീകരിക്കപ്പെടുന്നത് അയാൾ ടീമിനായൊഴുക്കിയ വിയർപ്പുതുള്ളികളാണ്.

ഒരിക്കൽ കളത്തിൽനിന്നും തിരികെ നടക്കുമ്പോൾ അയാൾ തന്റെ അപൂർണമായ അന്താരാഷ്ട്രകരിയറിലേക്ക് ദൈന്യതയോടെ നോക്കുമായിരിക്കും. അവിടെ അയാൾക്കു സന്തോഷമേകാൻ പുരസ്‌കാരങ്ങളുടെ ഒരു നിരതന്നെ മാറ്റിപ്പിനെ കാത്തിരിക്കണം. കാരണം അയാളുടെ നഷ്ടങ്ങൾ ഫുട്ബോൾ പ്രേമികളുടേതുകൂടിയായിരിക്കും.

“Joel Matip, you deserve more, നിങ്ങളിലെ പ്രതിഭ ഇനിയുമേറെയർഹിക്കുന്നു”.

Leave a comment

Your email address will not be published. Required fields are marked *