Cricket Editorial legends Top News

സഹീർ ഖാൻ അഥവാ രണ്ടു ലോകകപ്പുകളുടെ കഥ

October 7, 2019

author:

സഹീർ ഖാൻ അഥവാ രണ്ടു ലോകകപ്പുകളുടെ കഥ

രണ്ടു ലോകകപ്പ് ഫൈനലുകളുടെ കഥ.

സഹീർ ഖാൻ എന്ന ഇടംകൈയൻ ഫാസ്റ്റ് ബൗളറെ മറ്റൊരു വാക്കുകൊണ്ടു വിശേഷിപ്പിക്കാനാകില്ല. 2003 ലോകകപ്പ് ഫൈനലിൽ സമ്മർദ്ദം പേറാനാകാതെ തകർന്നു നിന്ന ചെറുപ്പക്കാരനിൽ നിന്നും 2011ൽ ലോകകപ്പ് കിരീടവുമായി നിന്ന് മുതിർന്ന കളിക്കാരനിലേക്കുള്ള യാത്ര. അതായിരുന്നു സഹീറിന്റെ കരിയർ.

രണ്ടായിരാമാണ്ടിൽ ഇന്ത്യൻ ദേശീയ ടീമിലേക്കു കടന്നുവന്ന ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ വളരെ പെട്ടന്നായിരുന്നു ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. കൗതുകകരവും സൗന്ദര്യാത്മകവുമായ ഒരു ബൌളിംഗ് ആക്ഷൻ അവതരിപ്പിച്ച സഹീർ വളരെവേഗം ഇന്ത്യൻ ബൌളിംഗ് നിരയിലെ പ്രധാന ആയുധമായി. ജനിച്ചത് മഹാരാഷ്ട്രയിലായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സഹീർ ആദ്യ ചുവടുകൾ വച്ചത് ബറോഡയിലൂടെയായിരുന്നു. ബറോഡയ്ക്കു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് സഹീറിനെ ഇന്ത്യൻ കുപ്പായമണിയിച്ചതും.

2003 ലോകകപ്പ് ടീമിൽ പരിചയസമ്പന്നനായ ജവഗൽ ശ്രീനാഥിനൊപ്പം ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയാകാൻ നായകൻ സൗരവ് ഗാംഗുലി വിശ്വാസമർപ്പിച്ചത് സഹീറിലായിരുന്നു. ന്യൂസിലണ്ടിനെതിരായ നിർണായക മത്സരത്തിൽ എട്ടോവറിൽ 42 റണ്ണുകൾ വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ സഹീർ ആ വിശ്വാസത്തെ ന്യായീകരിക്കുകയും ചെയ്തു. പക്ഷേ ഫൈനലിൽ ആദം ഗിൽക്രിസ്റ്റിന്റെയും ഹെയ്ഡന്റെയും കടന്നാക്രമണത്തിൽ തുടക്കത്തിലേ പതറിയ അയാൾ ലൈനും ലെങ്തും കണ്ടെത്താനാകാതെ ഉഴറി. വെറും എഴോവറിൽ 67 റണ്ണുകളാണ് അന്നയാൾ വിട്ടുകൊടുത്തത്.

2003 ലോകകപ്പിനു ശേഷം മോശം ഫോമും പരിക്കും കുറേക്കാലം സഹീറിനെ വേട്ടയാടി. ഈ കാലഘട്ടത്തിൽ ശ്രീശാന്ത്, മുനാഫ് പട്ടേൽ, ഇർഫാൻ പത്താൻ തുടങ്ങിയ പ്രതിഭകളുടെ കടന്നുവരവോടെ പതിയെ അയാൾ ടീമിനു പുറത്തായി. 2006 ൽ സഹീർ ബറോഡയിൽ നിന്നും മുംബൈ രഞ്ജി ടീമിലേക്കു ചേക്കേറി.

മുംബൈക്കായി കളിച്ചു തുടങ്ങിയ സഹീർ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അതേ വർഷം തന്നെ വൂസ്റ്റർഷെയറിനു വേണ്ടി കൗണ്ടിയിൽ കളിച്ച അയാൾ ആ പരിചയം നന്നായി ഉപയോഗിച്ചു. സ്വിങ് ബൗളിങ്ങിനനുകൂലമായ ഇംഗ്ലണ്ടിലെ കാലാവസ്ഥ അയാളുടെ ആത്മവിശ്വാസവും വർധിപ്പിച്ചു. മുനാഫ് പട്ടേലിനേറ്റ പരിക്ക് അയാളെ തിരികെ വീണ്ടും ഇന്ത്യൻ കുപ്പായത്തിലെത്തിച്ചു.

2003 ലോകകപ്പിലെ പാപഭാരം കഴുകിക്കളയാനുള്ള അവസരമയാൾക്കു കൈവന്നത് എട്ടു വർഷങ്ങൾക്കു ശേഷമായിരുന്നു. ഇപ്പോഴും ബൗളർമാർ സ്വായത്തമാക്കാൻ കിണഞ്ഞുശ്രമിക്കുന്ന നക്കിൾ ബോൾ 2011 ലോകകപ്പിൽ ആദ്യമായി ഉപയോഗിച്ചത് സഹീറായിരുന്നു. ഫൈനലിൽ ബാറ്റിങ്ങിനനുകൂലവും ചെറിയ ബൗണ്ടറികളുമുള്ള വാൻഖഡെയിൽ നക്കിൾ ബോളുകൾ സഹീറിനെ വളരെയധികം സഹായിച്ചു. ശ്രീലങ്കൻ മുൻ നിര ബാറ്സ്മനാമെർകെതിരെയെറിഞ്ഞ തന്റെ ആദ്യ മൂന്നോവറിൽ അയാൾ ഒരു റൺ പോലും വിട്ടുകൊടുത്തില്ല. അവസാന ഓവറുകളിൽ തല്ലുകൊണ്ടെങ്കിലും നിശ്ചിത പത്തോവറിൽ 60 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ സഹീർ വീഴ്ത്തിയ സഹീർ 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ മികച്ച വിക്കെറ്റ് വേട്ടക്കാരനായി.

ഒരു വ്യാഴവട്ടക്കാലത്തിലേറെ ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന കരിയറിന് 2015ൽ പൂർണ്ണവിരാമമിടുമ്പോൾ സഹീർ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകൈയൻ ഫാസ്റ്റ്ബൗളറായിരുന്നു. പക്ഷേ കണക്കുകളേക്കാളേറെ ലോകം സഹീറിനെ ഓർക്കുക രണ്ടു ഫൈനലുകളുടെ പേരിലാകും. പരാജയമെന്നത് വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണെന്ന് സ്വന്തം കരിയറിലൂടെ നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ജന്മദിനാശംസകൾ സഹീർ…

Leave a comment

Your email address will not be published. Required fields are marked *