Cricket Editorial legends Top News

നൂറിന്റെ നിറവിൽ ഹർമൻപ്രീത് കൗർ

October 5, 2019

author:

നൂറിന്റെ നിറവിൽ ഹർമൻപ്രീത് കൗർ

ഇന്ത്യൻ ടീമിനുവേണ്ടി നൂറ് അന്താരാഷ്ട്ര ടി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാവുക, അതും കുട്ടിക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ കോഹ്ലിയ്ക്കും ധോണിക്കും രോഹിതിനുമൊക്കെ മുന്നേ. ഏതൊരു ക്രിക്കറ്റ്‌ താരവും സ്വപ്നം കാണുന്ന ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹർമൻപ്രീത് കൗർ എന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ.

പഞ്ചാബിലെ മോഗ എന്ന ചെറുപട്ടണത്തിൽ ജനിച്ച ഹർമൻ കോളേജ് പഠനകാലത്താണ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു ക്രിക്കറ്റ്‌ ആരാധകനായിരുന്ന തന്റെ പിതാവിൽ നിന്നും കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ച ഹർമൻ പിന്നീട് ഇന്ത്യൻ റെയിൽവെയിൽ ജോലി നേടി മുംബൈയിലെത്തി.

വിരേന്ദർ സെവാഗിന്റെ കടുത്ത ആരാധികയായിരുന്ന ഹർമന്റെ പ്രൊഫഷണൽ ക്രിക്കറ്റിലെ വളർച്ച വളരെ പെട്ടന്നായിരുന്നു. 2009ൽ നടന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തന്റെ അരങ്ങേറ്റം കുറിച്ച ഹർമൻ അതേ വർഷം തന്നെ ഇംഗ്ലണ്ടിനെതിരെ കുട്ടി ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.

നല്ലൊരു പവർ ഹിറ്ററാണ് ഹർമൻ. പന്തിനെ വളരെയധികം ദൂരേക്കു പായിക്കാനുള്ള അവളുടെ കഴിവ് ഹർമനു ധാരാളം ആരാധകരെ സമ്മാനിച്ചു. 2012 ടി ട്വന്റി ഏഷ്യ കപ്പിൽ പരിക്കുമൂലം മിതാലി രാജും ജൂലാൻ ഗോസ്വാമിയും മാറി നിന്നതോടെ പാക്കിസ്ഥാനെതിരായ കലാശപ്പോരാട്ടത്തിൽ ടീമിനെ നയിച്ചത് ഹർമനായിരുന്നു. നായികയായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ ടീമിനു കിരീടം നേടിക്കൊടുത്ത ഹർമൻ അടുത്ത വർഷത്തെ ബംഗ്ലാദേശ് പര്യടനത്തിലൂടെ ഏകദിന ക്യാപ്റ്റൻസിയിലും ഹരിശ്രീ കുറിച്ചു.

ബംഗ്ലാദേശിനെതിരെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ഹർമൻ പിന്നീടങ്ങോട്ടു ഇന്ത്യൻ മധ്യനിരയുടെ നെടുംതൂണാകുകയായിരുന്നു. 2014ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്‌ അരങ്ങേറ്റം കുറിക്കാനും ഹർമനു സാധിച്ചു. ഹർമന്റെ സ്ഫോടനാത്മകമായ ബാറ്റിങ് ലോകശ്രദ്ധയാകർഷിച്ചതോടെ ഓസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ സിഡ്‌നി തണ്ടേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാനും ഹർമനു സാധിച്ചു. ലോകകപ്പ് ടിട്വൻറി മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയും ഹർമൻ തന്നെ.

ഓർമയിൽ നിൽക്കുന്ന ഒരുപാടു നിമിഷങ്ങൾ സമ്മാനിക്കാൻ ഈ പഞ്ചാബുകാരിയ്ക്കു സാധിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതാമത്സര ഫൈനലിൽ സൗത്ത് ആഫ്രിക്കയെ തോൽപിച്ച ആ ലാസ്റ്റ് ബോൾ സിക്സെർ എങ്ങനെ മറക്കാൻ സാധിക്കും?. ലോകകപ്പ് സെമിഫൈനലിൽ പേരുകേട്ട ഓസ്ട്രേലിയൻ ബൗളർമാരെ തച്ചു തകർത്തു നേടിയ ആ 171 റണ്ണുകൾ ലോകകപ്പ് നോക് ഔട്ട്‌ റൗണ്ടിൽ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. മികച്ച ഒരു സ്പിൻ ബൗളർ കൂടിയാണ് ഹർമൻ. 2017ൽ രാജ്യം അർജുന അവാർഡും ഈ വർഷം പദ്മശ്രീ അവാർഡും നൽകി ആദരിച്ച ഹർമൻ ഓരോ നാഴികക്കല്ലും താണ്ടി അവളുടെ യാത്ര തുടരുകയാണ്. പുതിയ ഉയരങ്ങൾ തേടി.

Leave a comment