Editorial Foot Ball Top News

ഏലിങ് ഹാലൻഡ്; ലോകഫുട്ബോളിലെ അടുത്ത ഗോൾ വസന്തം

October 4, 2019

author:

ഏലിങ് ഹാലൻഡ്; ലോകഫുട്ബോളിലെ അടുത്ത ഗോൾ വസന്തം

“ഏലിങ് ബ്രാട് ഹാലൻഡ്”

ഈ പേര് ആദ്യമായി ഫുട്ബോൾ വൃത്തങ്ങളിൽ വാർത്തയായത് ഈ വർഷം മേയിൽ പോളണ്ടിൽ വച്ചു നടന്ന അണ്ടർ 20 ലോകകപ്പിനിടെയാണ്. ഹോണ്ടുറാസിനെതിരെ നടന്ന മത്സരത്തിൽ നോർവെയ്‌ക്കു വേണ്ടി കളിച്ച ഏലിങ് ഹാട്രിക്കുകളുടെ ഹാട്രിക്കാണ് അടിച്ചുകൂട്ടിയത്. ഏലിങ്ങിന്റെ ഒൻപതുഗോളുകളുടെ മികവിൽ അന്ന് നോർവേ എതിരില്ലാത്ത 12 ഗോളുകൾക്കാണ് വിജയിച്ചത്. ഒരു അണ്ടർ 20 മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ലോകറെക്കോർഡും അതോടെ ഏലിങ് സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ വീണ്ടും ഏലിങ് വാർത്തകളിൽ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം ഏലിങ്ങിനെ ഓൾഡ് ട്രാഫോഡിലെത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ വ്യക്തമാക്കിയതോടെയാണ് ഏലിങ് വീണ്ടും ഫുട്ബോൾ ലോകത്തു ചർച്ചാവിഷയമായത്. തത്കാലം ഓൾഡ് ട്രാഫോഡിലേക്കു പോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമീപ ഭാവിയിൽതന്നെ ഏതെങ്കിലും ഒരു പ്രമുഖ ടീമിലേക്കു ഏലിങ് ചേക്കേറാൻ സാധ്യതയുണ്ടെന്നു തന്നെയാണ് ഫുട്ബോൾ വിദഗ്ധരുടെ അഭിപ്രായം.

നിലവിൽ ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിനു വേണ്ടി കളിക്കുന്ന ഏലിങ് മിന്നുന്ന ഫോമിലാണ്. കഴിഞ്ഞ ദിവസം യുവേഫ ചാംപ്യൻസ് ലീഗിൽ ഗെങ്കിനെതിരെ നേടിയ മിന്നുന്ന ഹാട്രിക് അടക്കം കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഏലിങ്ങിന്റെ ബൂട്ടിൽനിന്നും വന്നത്. വെയ്ൻ റൂണിയ്ക്കു ശേഷം യുവേഫ ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ ടീനേജ് താരമാകാനും ഈ നോർവീജിയൻ സ്‌ട്രൈക്കർക്കു സാധിച്ചു.

പ്രമുഖ ഇംഗ്ലീഷ് പ്രേമിയർ ലീഗ് ക്ലബ്ബുകൾക്കു വേണ്ടി പന്തു തട്ടിയിട്ടുള്ള ഡിഫൻഡർ ആൽഫിഞ് ഹാലണ്ടിന്റെ മകനായി ജനിച്ച ഏലിങ് നോർവീജിയൻ ക്ലബ്ബായ മോൽഡേയിലൂടെയാണ് റെഡ് ബുള്ളിലെത്തിയത്. മോൾഡേയിൽ തന്റെ പരിശീലകനായിരുന്ന ഒലെ അന്നേ ആ പതിനാറുകാരന്റെ പ്രതിഭയെ വിലയിരുത്തിയിരുന്നു. ലീഗിൽ ബ്രാണിനെതിരായ എവേ മത്സരത്തിൽ ആദ്യ 21 മിനുട്ടിനുള്ളിൽ തന്നെ നാലു ഗോളുകൾ അടിച്ചുകൂട്ടിയ ഏലിങ്ങിന്റെ പ്രകടനത്തെ ഒലെ വാനോളം പുകഴ്ത്തിയിരുന്നു.

2018ൽ സാൽസ്ബർഗിലെത്തിയ ഏലിങ് അവിടെയും തന്റെ ഗോളടി മികവു തുടർന്നു. ഈ വർഷം മാത്രം നാലു ഹാട്രിക്കുകളാണ് ഏലിങ് എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത്. അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റുവാനുള്ള ഏലിങിന്റെ ഈ കഴിവുതന്നെയാണ് അവനെ പ്രമുഖ ക്ലബ്ബുകളുടെ ലക്ഷ്യമായി മാറ്റുന്നതും. ഇപ്പോൾ തുടരുന്ന ഈ ഫിനിഷിങ് മികവ് തുടർന്നുള്ള സീസണുകളിലും ഏലിങ് തുടർന്നാൽ ലോക ഫുടബോളിലെ നെക്സ്റ്റ് ബിഗ് തിങ് ഈ പത്തൊൻപതുകാരനാകുമെന്നതിൽ സംശയമില്ല.

Leave a comment