Editorial Foot Ball Top News

ഐ. എസ്. എൽ 2019; കരുത്തുകാട്ടാൻ ഹൈലാണ്ടേഴ്സ്

October 4, 2019

author:

ഐ. എസ്. എൽ 2019; കരുത്തുകാട്ടാൻ ഹൈലാണ്ടേഴ്സ്

ഫുട്ബോളിലെ പരമ്പരാഗത ശക്തികളായി കണക്കാക്കപ്പെടുന്നത് ബംഗാളിനും കേരളത്തിനുമൊപ്പം കാൽപന്തുകളിയിൽ പാരമ്പര്യം അവകാശപ്പെടാൻ കഴിവുള്ളവരാണ് ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ളവരും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഫുട്ബോൾ ടീം നായകൻ ടാലിമേറാൻ ഔ മുതൽ ബൈച്ചുങ് ബൂട്ടിയയും ജെജെ ലാൽപെഹുലയുമടക്കം എത്രയോ മികച്ച താരങ്ങളെ ആ ഏഴു സുന്ദരികൾ ഇന്ത്യക്കു സമ്മാനിച്ചിരിക്കുന്നു.

പലപ്പോഴും മികച്ച ഒരു ആസൂത്രണമില്ലായ്മയുടെ കുറവ് അവരുടെ ഫുട്ബോളിനെ പിറകോട്ടടിച്ചിട്ടുണ്ട്. പക്ഷേ അടുത്തിടെയായി സ്ഥിതിഗതികൾ ഒരുപാടു മാറിയിരിക്കുന്നു. ഐസ്വാൾ എഫ്. സിയിലൂടെ ആദ്യമായി ഐ ലീഗ് കിരീടം നേടിയ വടക്കുകിഴക്കേ നാട്ടുകാർ ഐ. എസ്. എൽ കിരീടവും തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്. അവരുടെ സ്വന്തം നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിലൂടെ.

ഐ. എസ്. എൽ ആദ്യ സീസൺ മുതലേ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സ്ഥിരത പുലർത്തുന്നതിൽ പരാജയപ്പെട്ടതാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന ന്യൂനതയായി കണക്കാക്കപ്പെടുന്നത്. ബോളിവുഡ് താരം ജോൺ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ടീം ഇത്തവണ പക്ഷേ രണ്ടും കൽപ്പിച്ചാണ്. ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടതിൽ വച്ചേറ്റവും പേരുകേട്ട ഒരു സൈനിംഗുമായാണ് അവർ അതിനു തുടക്കമിട്ടത്. ഘാനയുടെ ഏറ്റവും മികച്ച ഗോൾസ്‌കോറർ അസമാവോ ഗ്യാനിനെ ഇത്തവണ ഹൈലാണ്ടേഴ്സ് ടീമിലെത്തിച്ചിരിക്കുന്നു. ഘാനയ്ക്കുവേണ്ടിയും പ്രീമിയർ ലീഗ് ക്ലബ്‌ സണ്ടർലാൻഡിനു വേണ്ടിയും യു. എ. ഇ ക്ലബ്‌ അൽ ഐൻ എഫ്. സിയ്ക്കു വേണ്ടിയും ഗ്യാൻ തുടർന്ന ഗോളടിമികവ് ഇന്ത്യയിലും ആവർത്തിച്ചാൽ നോർത്ത് ഈസ്റ്റിന്റെ ഏറ്റവും മികച്ച സീസനാകുമിത്.

ആദ്യസീസൺ മുതലേ തങ്ങൾക്കൊപ്പമുള്ള ഗോൾകീപ്പർ രഹനേഷിനെ നഷ്ടമായെങ്കിലും ഐ. എസ്. എലിൽ മികച്ച റെക്കോർഡുള്ള സുഭാഷിഷ് റോയ് ചൗധരിയെ ബാറിനു കീഴിലെത്തിക്കാൻ ക്ലബ്ബിനു കഴിഞ്ഞു. പവൻ കുമാറും സോയ്റാൻ പൊയ്റേയും ചേരുമ്പോൾ ടീമിന്റെ ഗോൾ കീപ്പിങ് ഭദ്രമാണ്. ഡച്ചുതാരം കീരിങ്‌സ് ഹൈയും ക്രോയേഷ്യൻ താരം കൊമോര്ക്സിയും പ്രതിരോധനിരയിൽ അണിനിരക്കുമ്പോൾ ഇവർക്കൊപ്പം തമങ്ങും, റീഗൻ സിങ്ങും രാകേഷ് പ്രധാനും പ്രോവത് ലോക്രയും ഗുർമീത് സിങ്ങും സൗവിക് ഘോഷുമടങ്ങുന്ന ഇന്ത്യൻ താരങ്ങളും നോർത്ത് ഈസ്റ്റ്‌ പ്രതിരോധത്തെ ശക്തമാക്കുന്നു.

സ്വന്തം നാട്ടുകാരുടെ ബാഹുല്യമാണ് നോർത് ഈസ്റ്റ്‌ മധ്യനിരയിൽ. മിലൻ സിങ്ങിനും ലാൽതാങ്ങയ്ക്കും റെഡീമിനും ലാൽരേംപുയയ്ക്കും നിഖിൽ ഖദാമിനും ഒപ്പം കംബോഡിയയുടെ ജോസ് ലുഡോയും ഗ്രീക് താരം പനാജിയോറ്റിസ് ത്രിയാഡിസും നോർത്ത് ഈസ്റ്റ്‌ മധ്യനിരയിലുണ്ട്. അസമാവോ ഗ്യാൻ നേതൃത്വം നൽകുന്ന മുന്നേറ്റനിരയിൽ ഉറുഗ്വേയുടെ മാർട്ടിൻ ചാവേസും അർജന്റീനൻ താരം മാക്സിമിലിയാനോ ബാരെരിയോയും അണിനിരക്കുന്നു.

കഴിഞ്ഞ സീസണുകളിൽ പലതിലും നിർഭാഗ്യം കൊണ്ടുകൂടി തിളങ്ങാനാകാതെ പോയ നോർത്ത് ഈസ്റ്റ്‌ ഇത്തവണ മികച്ച തയ്യാറെടുപ്പിലാണ്. ക്രോയേഷ്യക്കാരൻ റോബർട്ട്‌ ജാർണി അണിയിച്ചൊരുക്കുന്ന സുന്ദരികൾക്ക് ഇത്തവണ ഐ.എസ്.എൽ കിരീടത്തിൽ മുത്തമിടാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a comment

Your email address will not be published. Required fields are marked *