Cricket Editorial Top News

രവിചന്ദ്രൻ അശ്വിൻ; തകർക്കാനാകാത്ത വിശ്വാസം

October 3, 2019

author:

രവിചന്ദ്രൻ അശ്വിൻ; തകർക്കാനാകാത്ത വിശ്വാസം

തനിക്കു മുന്നിൽ കുത്തിയുയർന്ന പന്ത് ബാറ്റിനും പാഡിനുമിടയിലൂടെ സ്റ്റമ്പുകളുടെ ക്രമം തെറ്റിക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മാർകാറാമിന്റെ മുഖത്തു നിരാശയായിരുന്നില്ല മറിച്ചു അദ്‌ഭുതമായിരുന്നു. മുപ്പതുകളിലേക്കു പ്രവേശിച്ചിരിക്കുന്ന ഒരു സ്പിന്നറിൽ നിന്നും അയാൾ അത്തരമൊരു പന്തു പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ മത്സരം ഇന്ത്യയിലായിരുന്നു പിച്ചിന്റെ മറുവശത്തു രവിചന്ദ്രൻ അശ്വിൻ എന്ന ബൗളറായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്‌ ഇലവനിൽ അശ്വിന്റെയും ജഡേജയുടെയും പേരുകൾ കണ്ടപ്പോൾ ഒരുപക്ഷെ ചിലരെങ്കിലും നെറ്റി ചുളിച്ചിരിക്കാം. കാരണം കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഫൈനലിനു ശേഷം ഇന്ത്യൻ ടീമിന്റെ സ്പിൻ ഡിപ്പാർട്മെന്റിൽ പുതിയ ആയുധങ്ങൾ വന്നിരുന്നു. 2019ൽ ഇതുവരെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പന്തുപോലും അശ്വിൻ എറിഞ്ഞിരുന്നില്ല. പക്ഷേ ഇന്ത്യൻ പിച്ചുകളിൽ അശ്വിനുള്ള മേധാവിത്വത്തിൽ കോഹ്ലിക്കു പൂർണ വിശ്വാസമുണ്ടായിരുന്നു.

താൻ എറിഞ്ഞ മൂന്നാം ഓവറിൽ തന്നെ അശ്വിൻ ക്യാപ്റ്റന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. മാർകാറാമിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിൻ പ്രൊറ്റീസ്‌ ഇന്നിങ്സിന്റെ തുടക്കത്തിൽതന്നെ ഇന്ത്യയ്ക്കു മേൽക്കോയ്മ നേടിത്തന്നു. ടീം സ്കോർ 33ൽ നിൽക്കേ ഡി ബ്രൂയനെ പുറത്താക്കി അയാൾ വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ നൈറ്റ്‌ വാച്ച്മാൻ പിഡിറ്റിനെ പുറത്താക്കി ജഡേജ ടെസ്റ്റിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.

ഇന്ത്യൻ പിച്ചുകളിൽ അശ്വിൻ എന്ന് ബൗളർ മറ്റൊരു തലത്തിലാണ്. ഹർഭജൻ സിംഗിന്റെ കയ്യിൽ നിന്നും ഇന്ത്യൻ സ്പിൻ ബൗളിങ്ങിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം എത്രയോ കളികളിൽ അയാൾ അതു തെളിയിച്ചിരിക്കുന്നു. അറുപത്തിയഞ്ചു ടെസ്റ്റുകളിൽ നിന്നും 344 ടെസ്റ്റ്‌ വിക്കറ്റുകൾ എന്നത് ലോങ്ങർ ഫോർമാറ്റിൽ അയാൾ എത്രത്തോളം വിനാശകാരിയായ ഒരു ബൗളറാണെന്നതിന്റെ നേർ സാക്ഷ്യമാണ്. വിൻഡീസിലെ തന്റെ ആദ്യ വിദേശ ടെസ്റ്റ്‌ പരമ്പരയിൽത്തന്നെ സെഞ്ചുറിയും മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയ അശ്വിൻ വെറും ഒൻപതു ടെസ്റ്റുകളിൽ നിന്നാണ് അൻപതു വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്.

പിന്നീടങ്ങോട്ടയാൾ ഇന്ത്യൻ നായകൻമാരുടെ വിശ്വസ്തനാവുകയായിരുന്നു. പല കളികളിലും അയാൾ ഒറ്റയ്ക്കുതന്നെ ടീമിനെ വിജയത്തിലെത്തിച്ചു. ഇടക്കാലത്തയാളുടെ ശക്തി ക്ഷയിച്ചു തുടങ്ങി. 2013 ചാംപ്യൻസ് ട്രോഫിയിലും പിന്നീടു നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും അയാൾ തീർത്തും നിറം മങ്ങി. പക്ഷേ 2015 ശ്രീലങ്കൻ പര്യടനത്തിൽ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയ അശ്വിനെയാണ് നാം കണ്ടത്. കുമാർ സംഗക്കാരയെപ്പോലൊരു ബാറ്റ്സ്‌മാനെ തന്റെ ബണ്ണിയാക്കിയ അയാൾ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. തൊട്ടടുത്ത വർഷം മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരവും നേടിയ അശ്വിൻ തന്റെ തിരിച്ചുവരവു ഗംഭീരമാക്കി.

ഇടക്കാലത്തു പല മുഖങ്ങളും മാറിയെത്തിയെങ്കിലും ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ പ്രാധാന്യമെന്തെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ചെന്നൈക്കാരൻ എൻജിനീയർ. അശ്വിൻ തന്റെ മികവു തുടരട്ടെ അയാളിലൂടെ ഇന്ത്യ ഒരുപാടു വിജയങ്ങൾ നേടട്ടെ.

Leave a comment

Your email address will not be published. Required fields are marked *