Editorial Foot Ball legends Top News

സ്ലാട്ടൻ ഇബ്രാഹിമോവിച് ; വീര്യം കൂടുന്ന വീഞ്ഞ്

October 3, 2019

author:

സ്ലാട്ടൻ ഇബ്രാഹിമോവിച് ; വീര്യം കൂടുന്ന വീഞ്ഞ്

“പ്രായത്തെ പിറകിലേക്കു സഞ്ചരിപ്പിക്കുന്നവൻ”

സ്ലാട്ടൻ ഇബ്രാഹിമോവിച് എന്ന സ്വീഡിഷ് താരത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ അതിനുള്ള ഒരേയൊരു മറുപടിയാകുമത്. പ്രായമെന്നത് വെറുമൊരു സംഖ്യ മാത്രമാണെന്ന് സ്ലാട്ടൻ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു
തനിക്കൊപ്പം കളി തുടങ്ങിയവർ കുപ്പായമഴിച്ചുവെച്ചുകഴിഞ്ഞുവെങ്കിലും മുപ്പത്തിയെട്ടാം വയസ്സിലും ലോകഫുട്ബോളിൽ സ്ലാട്ടൻ വാർത്തയാണ്. 29 ഗോളുകളുമായി 2019 മേജർ ലീഗ് സോക്കർ ലീഗിലെ മികച്ച ഗോൾസ്കോറർമാരിൽ രണ്ടാമനാണയാൾ.

ഫുട്ബോൾ കഴിവിനൊപ്പം വേഗതയുടെയും മെയ് വഴക്കത്തിന്റെയും കൂടി കളിയാണ്. അതുകൊണ്ടുതന്നെ മുപ്പതിനു താഴെയുള്ള പ്രായമാണ് ഒരു കാൽപന്തുകളിക്കാരന്റെ കരിയറിലെ സുവർണകാലമായി കണക്കാക്കപ്പെടുക. പക്ഷേ ഇവിടെയും വ്യത്യസ്തനാണ് ഈ സ്വീഡിഷ് താരം. മുപ്പതു വയസ്സിനു മുൻപു നേടിയതിനേക്കാൾ കൂടുതൽ ഗോളുകളാണ് അടുത്ത എട്ടുവർഷത്തിനുള്ളിൽ അയാൾ അടിച്ചുകൂട്ടിയത്.

സ്വദേശമായ സ്വീഡനിലെ മാൽമോ ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം കുറിച്ച സ്ലാട്ടൻ പക്ഷേ തന്റെ മികവിന്റെ പാരമ്യത്തിലെത്തിയത് ഹോളണ്ടിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബിനുവേണ്ടി പന്തുതട്ടാൻ തുടങ്ങിയപ്പോഴാണ്. മൂന്നു വർഷം അയാക്സിൽ ചിലവഴിച്ച സ്ലാട്ടന്റെ ഏറ്റവും മനോഹരമായ ഗോൾ പിറന്നതും അവിടെവച്ചായിരുന്നു. എൻ. എ. സി. ബ്രെഡ ടീമിനെതിരായ ഒരു മത്സരത്തിൽ എതിർടീമിലെ പകുതിയിലേറെ കളിക്കാരെ തോൽപിച്ചു സ്ലാട്ടൻ നേടിയ ആ ഗോൾ ആരാധകരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കും. മത്സരത്തിൽ രണ്ടു ഗോളുകളും നാല് അസിസ്റ്റുകളും നേടിയ സ്ളാട്ടൻ അയാക്സ് നേടിയ എല്ലാ ഗോളുകളിലും പങ്കാളിയായി.

അയാക്സിലെ മികച്ച പ്രകടനം സ്ലാട്ടനെ ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസിലേക്കും ഇന്റർമിലാനിലേക്കും എത്തിച്ചു. ഇന്ററിനുവേണ്ടി തന്റെ ആദ്യ സീസണിൽ തന്നെ സീരി എ ടോപ് സ്കോററായ സ്ളാട്ടൻ 2008-09 സീസണിൽ വീണ്ടും ടോപ് സ്‌കോറർ പ്രകടനം ആവർത്തിച്ചു. സ്ലാട്ടന്റെ മികവിൽ റെക്കോർഡു പോയന്റോടെയാണ് ഇന്റർ ലീഗ് ചാമ്പ്യന്മാരായത്.

2008-09 സീസണിലെ മികച്ച പ്രകടനമാണ് സ്ലാട്ടനെ ബാഴ്സലോണയിലെത്തിച്ചത്. പക്ഷേ അവിടെനിന്നും അയാൾ 2011ൽ ലോണിൽ വീണ്ടും മിലാൻ പട്ടണത്തിലെത്തി. ഇത്തവണ പക്ഷേ അയൽക്കാരായ എ. സി മിലാനായിരുന്നു അയാളുടെ തട്ടകം. രണ്ടു വർഷങ്ങൾ അവിടെ ചിലവഴിച്ച ശേഷം സ്ലാട്ടൻ പാരീസിലെത്തി.

പി. എസ്. ജി ആക്രമണങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ അയാൾ മുപ്പതുകൾ പിന്നിട്ടിരുന്നു. പക്ഷേ മനസ്സ വെറും ഇരുപതുകാരന്റേതും. അഞ്ചു വർഷം നീണ്ട പി. എസ്. ജി കരിയറിൽ 113 മത്സരങ്ങളിൽ നിന്ന് അയാൾ അടിച്ചു കൂട്ടിയത് 122 ഗോളുകളായിരുന്നു. പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോഡിൽ സ്ലാട്ടനെ പരീക്ഷിച്ചെങ്കിലും അയാൾക്കവിടെ തിളങ്ങാനായില്ല. അതോടെ സ്ലാട്ടൻറെ പ്രതാപകാലം അസ്തമിച്ചെന്നു പലരും വിധിയെഴുതി.

പക്ഷേ സ്ലാട്ടൻ തോൽക്കാൻ തയ്യാറായിരുന്നില്ല. സ്വീഡന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ അയാൾ അമേരിക്കയിലേക്കു ചേക്കേറി. അമേരിക്കൻ ലീഗിൽ ലോസ് ഏഞ്ചൽസ് ഗാലക്സിയിലെ പ്രകടനത്തിലൂടെ സ്ളാട്ടൻ വീണ്ടും ലോകത്തെ അദ്‌ഭുതപ്പെടുത്തുവാൻ തുടങ്ങി. വിടുവായത്തവും അച്ചടക്കമില്ലായ്മയും ഒരുപാടു വിമർശകരെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തന്റെ അക്രോബാറ്റിക് ഗോളുകളുമായി സ്ലാട്ടൻ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. ഇനിയുമൊരുപാടുകാലം അതു തുടർന്നുകൊണ്ടേയിരിക്കട്ടെ

ജന്മദിനാശംസകൾ സ്ലാട്ടൻ !!!.

Leave a comment

Your email address will not be published. Required fields are marked *