Editorial Foot Ball Top News

ജീസസിനെതിരെ വംശവെറി… താങ്ങായി ക്ലബ്ബ് അധികൃതർ..

September 29, 2019

author:

ജീസസിനെതിരെ വംശവെറി… താങ്ങായി ക്ലബ്ബ് അധികൃതർ..

ആധുനിക ഇറ്റലിയുടെ ചരിത്രത്തിൽ കളങ്കം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ് വംശീയ വിധ്വേഷങ്ങൾക്ക് ഇടം കിട്ടുക എന്നത്. പ്രാചീന റോമൻ സംസ്കാരത്തിൽ, തൊലിയുടെ നിറത്തിന്റെ പേരിൽ അടിമകളും ഉടമകളും പിറവികൊണ്ട പഴങ്കഥകൾ മുതൽ ബെനിറ്റോ മുസോളിനി എന്ന ഫാസിസ്റ്റ് കിരാതൻ വളർത്തിയ വംശവെറികളുടെ നേർസാക്ഷ്യങ്ങൾ വരെ ഇറ്റലിയെ ഇന്നും ചൂഴ്ന്നു നിൽക്കുന്നു. ഇറ്റാലിയൻ ജനതയുടെ സംസ്കാരത്തിന്റെ സമസ്ത മേഖലകളിലും കറുപ്പിനോടുള്ള വെറുപ്പ് പ്രകടമാണ്. കളിക്കളങ്ങളും അതിൽ നിന്നും മുക്തമല്ല. അതി ക്രൂരമായി കറുത്തവനെ ഉയിരോടെ തൊലിയുരിക്കുന്ന പ്രവണത, അവിടുത്തെ കളിക്കളങ്ങൾക്ക് അന്യമല്ല. ബെലോട്ടെല്ലിയെ പോലെയും കൗലിബലിയെപോലെയും അനേകം പ്രതിഭാ ശാലികൾ കറുപ്പിന്റെ പേരിൽ കണ്ണീരുപ്പ് കുടിച്ചവരത്രെ..

Say no to racism എന്ന ബാനറുകൾ ഉയർത്തി… വംശീയ വിദ്വെഷത്തെ ഒന്നിച്ചു ചെറുക്കാം എന്നു ലോകത്തോട് വിളിച്ചു പറഞ്ഞ പ്രസ്ഥാനങ്ങൾ പോലും… കായിക സംഘടനകൾ പോലും, ഇത്തരം നടപടികൾക്ക് മുന്നിൽ മൗനം പാലിച്ചതെ ഉണ്ടായിട്ടുള്ളൂ… ആരാധകർ എന്ന പേരിൽ ഗാലറികളിൽ തടിച്ചു കൂടുന്നവർ, കറുത്തവൻ പന്ത്തട്ടുമ്പോൾ കാതടപ്പിക്കും വിധം ശാപം ചൊരിയുന്നു.. അയാൾ കരഞ്ഞു കൊണ്ട് കളം വിടും വരെ, അയാളുടെ പിതൃക്കളെ പോലും നികൃഷ്ടമായി ചിത്രീകരിച്ചുകൊണ്ടുള്ള ക്രൂരവിനോദം തുടരുന്നു.

മുദ്രാവാക്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഒതുങ്ങി നിൽക്കുന്ന കാംപെയിനുകളും എങ്ങുമെത്താതെ നിൽക്കവേ, ശപിക്കപ്പെട്ട ഈ വ്യവസ്ഥിതിക്കെതിരെ ക്രിയാത്മകമായ ആദ്യ ചുവടുമായി ഇറ്റാലിയൻ സെറി എ ക്ലബായ AS റോമ മുന്നോട്ട് വരികയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് റോമയുടെ പ്രതിരോധതാരം ജുവാൻ ജീസസ്സിനു ട്വിറ്ററിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവം ആണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. വംശ വെറി മൂത്ത ഒരു റോമൻ ആരാധകൻ, ബ്രസീലുകാരനായ ജുവാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. താരത്തെ മാത്രമെന്നല്ല, ലോകമെമ്പാടുമുള്ള റോമൻ ആരാധകർക്കും, സംഭവം വേദനയായി. എന്നാൽ പ്രശ്നത്തിൽ അതിവേഗം ഇടപെട്ട റോമൻ അധികൃതർ, കമന്റുകൾ രേഖപ്പെടുത്തിയ ആരാധകന്, റോമൻ ഹോം ഗ്രൗണ്ടായ സ്റ്റേഡിയോ ഒളിമ്പിയാക്കോയിൽ കാലുകുത്തുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. വംശവറിക്കെതിരെ സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കുവാൻ, റോമൻ മാനേജുമെന്റ് കാട്ടിയ ഇടപെടൽ ശ്രദ്ധേയമാണ്. പോയ കാലത്തിന്റെ കളങ്കം പേറുന്ന വംശീയതക്കെതിരെ ക്രിയാത്മകമായ പോരാട്ടത്തിനാണ് റോമ ഇടമൊരുക്കുന്നത്. പുതിയ സീസൺ തുടങ്ങവേ കഗ്ലിയാറി ആരാധകരാൽ അപഹസിക്കപ്പെട്ട ലുക്കക്കുവും, വേറോണാ-മിലാൻ പോരാട്ടത്തിനിടെ സമാനമായ ക്രൂരതയ്ക്ക് പാത്രമാകേണ്ടി വന്ന കേസ്സെയും നിസ്സഹായരായി നിൽക്കുമ്പോൾ സ്വന്തം താരത്തിന്‌ കരുതലിന്റെ തണൽ വിരിക്കുകയാണ് ജിയല്ലോറോസി.

റെയിസിസ്റ് ചിന്തകൾ ഇറ്റലിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.. യൂറോപ്പിലാകമാനം അതിന്റെ അലയൊലികൾ ശക്തമാണ്. കളിയിടങ്ങൾ എല്ലായിടത്തും ഇത്തരത്തിൽ പ്രക്ഷുബ്ധങ്ങളാണ്. എന്നിരുന്നാലും ഇറ്റലിയൻ വംശീയത അത്രമേൽ തീവ്രമാണ്. കറുപ്പിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നവർ ഏറിവരുന്ന കളിക്കളങ്ങളിൽ, മറ്റു ടീമുകളും റോമയെ മാതൃകയാക്കട്ടെ… റെയിസിസം എന്നെന്നേക്കുമായി നശിക്കും വരെ…

Leave a comment

Your email address will not be published. Required fields are marked *