Editorial Foot Ball Top News

ആര്സെനലിന്റെ ശനിദശ മാറുമോ?

September 29, 2019

author:

ആര്സെനലിന്റെ ശനിദശ മാറുമോ?

കഴിഞ്ഞ 3 സീസണുകളായി യൂറോപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ആര്സെനലിന്റെ ഗ്രാഫ് താഴെ തന്നെയാണ്. തൽഫലമായി തുടരെ 3ആം വർഷവും ചാമ്പ്യൻസ് ലീഗിന് പുറത്ത്, 22കൊല്ലം നീണ്ട വെങ്ങർ യുഗത്തിന് ശേഷമെത്തിയ എമറിക്കും ആദ്യ സീസണിൽ നിലമെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിലും ആദ്യ 6 മത്സരങ്ങൾ കഴിയുമ്പോൾ മുൻവർഷങ്ങളിലെ ഡിഫെൻസ് പാളിച്ചകൾ ഇപ്പോഴും മുഴച്ചു നിൽക്കുന്നു. ഏത് ടീമിന് വേണമെങ്കിലും ഗോൾ നേടാൻ കഴിയുമെന്ന പരിഹാസം തള്ളിക്കളയാൻ കടുത്ത ആരാധകർക്ക് പോലും പറ്റുന്നില്ല. എന്നാൽ ഒക്ടോബർ 1നു പുലർച്ചെ മറ്റൊരു ഇംഗ്ലീഷ് വമ്പനായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ആർസെനലിനെ കഴിഞ്ഞ ഏതാനും കൊല്ലമായി ബാധിച്ച ശനിദശ മാറുമോ എന്ന് പരിശോധിക്കുകയാണിവിടെ.

6കളികളിൽ നിന്നും 11പോയിന്റ് നേടി നിലവിൽ 4ആം സ്ഥാനത്താണ് ഗണ്ണേഴ്‌സ്‌. പ്രീമിയർ ലീഗിൽ സീസണിൽ തങ്ങളുടെ മികച്ച പ്രകടനം ഇതുവരെയും കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, കഴിഞ്ഞ 10 ദിവസങ്ങളിൽ ആർസെനലിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവ് വാർത്തകളാണ് വന്നത്. ആദ്യമായി യൂറോപ്പ ലീഗിൽ 3-0എന്ന ആധികാരിക വിജയത്തോടെ ഫ്രാങ്ക്ഫർട്ടിനെ എവേ മത്സരത്തിൽ തോല്പിക്കുന്ന ആദ്യ ഇംഗ്ലീഷ് ടീം എന്ന ഖ്യാതി, രണ്ട്, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ 10പേരായി ചുരുങ്ങിയിട്ടും പിന്നിൽ നിന്നും തിരിച്ചടിച്ചു നേടിയ ത്രസിപ്പിക്കുന്ന ജയം.മൂന്ന്, കരബാവോ കപ്പിൽ നോട്ടിങ്ഹാമിനെതിരെ യുവനിരയെ ഇറക്കി നേടിയ 5-0 എന്ന തകർപ്പൻ വിജയം. ഇതിനെല്ലാം പുറമെ മാസങ്ങളോളമായി പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്ന ഒരുപറ്റം താരങ്ങൾ തിരിച്ചെത്തുന്നു. ഇതെല്ലാം ആര്സെനലിന്റെ ആയുധപ്പുരയെ എപ്രകാരം മൂർച്ച കൂട്ടുന്നുവെന്നു നോക്കാം.

കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിൽ ബോബി പറയുന്ന പോലെ ഇവിടിനി തൊലഞ്ഞു പോകാൻ ഒന്നുമില്ല എന്ന് പറയുന്നതിനെ സാധൂകരിക്കുന്ന പ്രതിരോധ നിരയാണ് പോയ വാരം വരെയും ആർസെനലിനു ഉള്ളത്. ലൂയിസ്, സോക്രട്ടീസ്, മുസ്താഫി മേയ്റ്റ്ലാൻഡ് നെയ്ൽസ്, കോലാസിനാക്, DM ആയ ഷാക്ക എന്നിവർ ഉൾപ്പെടുന്ന ആർസെനാൽ ഡിഫെൻസ് തുള വീണ കപ്പലാണ്. എല്ലാ മത്സരങ്ങളിലും എതിർ ടീം വക ഗോളുറപ്പ്. അതിനാൽ തന്നെ യാത്രയിലുടനീളം കപ്പലിൽ നിന്നും വെള്ളമെടുത്തു കളയുക അതോടൊപ്പം കരപറ്റിക്കുക എന്ന ഭീകരമായ ഉത്തരവാദിത്തം ആണ് എപ്പഴും അബാമേയങ്ങ് നയിക്കുന്ന മുൻ നിരക്കു. ആ പ്രശ്നത്തിന് വലിയൊരു പരിഹാരമാണ് ടിർണി, ബെല്ലറിൻ, ഹോൾഡിങ്, മാവ്‌റോപ്പാനോസ് എന്നിവർ ടീമിൽ മടങ്ങിയെത്തുന്നത്. ഡിഫെൻസിൽ ഇനിയൊന്നും നഷ്ടപെടാനില്ലാത്ത ആർസെനലിനു ഇവർ യുവ താരങ്ങളാണെന്നതിനൊപ്പം, ഡിഫെൻസിൽ ഓപ്ഷൻ കൂടുന്നത് ടീമംഗങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരത്തിനും അതോടൊപ്പം നിലവാരത്തിലും ഉയർച്ച ഉണ്ടാകുമെന്നുറപ്പ്. മാത്രമല്ല ബെല്ലറിൻ, ടിർണി എന്നിവർ എന്ത്കൊണ്ടും നിലവിലെ ടീമിലെ പകരക്കാരാക്കാൾ ഒരുപടി മുകളിലാണ്.

മറ്റൊന്ന് യുവതാരങ്ങളുടെ അതിവേഗത്തിലുള്ള പുരോഗതിയാണ്. ഗെൻഡൂസി ഇപ്പോൾ തന്നെ ഫസ്റ്റ് ടീമിൽ സ്ഥാനമുറപ്പിച്ചതിനൊപ്പം ഫാൻ ഫെവ്‌റേയ്റ്റും ആയിക്കഴിഞ്ഞു. ഇതോടൊപ്പം സാക, വില്ലോക്, നെൽസൺ,മാർട്ടിനെല്ലി എന്നിവരും മികച്ച പ്രകടനത്തിലൂടെ ഫസ്റ്റ് ടീമിലേക്ക് തങ്ങളുടെ അവകാശമുന്നയിക്കുകയാണ്. ഈ പ്രതിഭാ വൈവിദ്ധ്യം ടീമിന്റെ മുൻ നിരക്കു ഓപ്ഷനും അത്പോലെ മറ്റു കോംപെറ്റീഷനുകൾ പ്രമുഖ താരങ്ങൾക് വിശ്രമം നൽകുന്നത് വഴി വർക്ക്‌ലോഡും അതോടൊപ്പം പരിക്കുകളും കുറയാൻ ടീമിനെ സഹായിക്കും. കഴിഞ്ഞ സീസണിൽ അവസാനം ഗണ്ണേഴ്സിന് കാലിടറിയതു റാംസെ, വെൽബെക്ക് എന്നീ മുൻ നിര താരങ്ങളുടെ പരിക്കും അതിനു ശെരിയായ ബാക്കപ്പ് പ്ലെയേഴ്‌സ് ഇല്ലാത്തതും കൊണ്ടായിരുന്നു. ഈ സീസണിൽ അതുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.

ഈ പോസിറ്റീവുകൾ ആർസെനലിനെ ഏതൊരു ടീമിനെതിരെയും നിർഭയം കളിക്കാൻ പോതുന്ന ഒരു ടീം ആക്കി മാറ്റും എന്നുറപ്പ് . എന്നാൽ ട്രോഫികൾ നേടുന്ന സ്‌ക്വാഡ് ആകുമോ എന്ന കാര്യത്തിൽ ആർസെനൽ കോച്ച് ഉനായി എമറിയുടെ കൈയിലാണ് കാര്യങ്ങൾ. സീസണിൽ ഏറ്റവും മികച്ച സ്റ്റാർട്ടിങ് ഇലവൻ ഇതുവരെയും ഇറക്കാൻ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിനു കാരണം. അതേസമയം പ്രതിരോധത്തിലും മുന്നേറ്റത്തിലും എല്ലാ താരങ്ങളും തിരിച്ചെത്തുന്നതോടെ ടീം സെലക്ഷനിൽ കടുപ്പക്കാരനായ എമറിക്കു തീരുമാനമെടുക്കൽ എളുപ്പമാവും. പ്രതിഭാധാരാളിത്തം കൊണ്ട് അനുകൂലമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ആ തീരുമാനങ്ങൾ ശെരിയായ ദിശയിലാണെങ്കിൽ ഇനിയങ്ങോട്ട് സീസണിൽ ഏത് ടീമിനെയും എവിടെയും നേരിടാൻ കെല്പുള്ള ഒരു ആർസെനലിനെ എമറിയുടെ കീഴിൽ നമുക്ക് കാണാൻ കഴിഞ്ഞേക്കും.

Leave a comment