Cricket Editorial legends Top News

സാറ ടെയ്‌ലർ; വനിതാ ക്രിക്കറ്റിലെ മഹേന്ദ്രസിങ് ധോണി !!

September 27, 2019

author:

സാറ ടെയ്‌ലർ; വനിതാ ക്രിക്കറ്റിലെ മഹേന്ദ്രസിങ് ധോണി !!

“സാറ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു”.

ഈ വാർത്ത വനിതാ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയിലും സങ്കടമുളവാക്കുമെന്നതിൽ സംശയമില്ല. ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഒരിടം നേടാൻ ഈ ഇംഗ്ളീഷ് വിക്കെറ്റ് കീപ്പർക്കു കഴിഞ്ഞിരുന്നു. നീണ്ട പതിമൂന്നു വർഷത്തെ ക്രിക്കറ്റ്‌ ജീവിതത്തിനാണ് സാറ ഇന്നു വിരാമമിട്ടത്.

2006ൽ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സാറയെ തന്റെ പതിനെട്ടാം വയസ്സിൽ അന്താരാഷ്ട്ര വനിതാക്രിക്കറ്റിൽ ആയിരം റണ്ണുകൾ പൂർത്തിയാക്കിയ എറ്റവും പ്രായം കുറഞ്ഞവൾ എന്ന ബഹുമതി നേടിയതോടെയാണ് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽ ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ്‌ കളിച്ചു വളർന്ന സാറ അവളുടെ മത്സരപരിചയം മുഴുവൻ കളിക്കളത്തിൽ ഉപയോഗിച്ചു. പതിമൂന്നു വർഷം നീണ്ട കരിയറിൽ മൂന്നു ഫോർമാറ്റിലുമായി 219 മത്സരങ്ങളിൽ നിന്നായി 6500ൽ അധികം റണ്ണുകൾ സാറ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഏഴു സെഞ്ചുറികളും 19 അർദ്ധസെഞ്ചുറികളും നേടിയ ഈ മുപ്പതുകാരി കുട്ടി ക്രിക്കറ്റിൽ 16 അർധശതകങ്ങൾ സ്വന്തമാക്കി.

ബാറ്റിങ്ങിനെക്കാൾ സാറ മികവു കാട്ടിയത് കീപ്പിങ്ങിലായിരുന്നു. അതിവേഗം സ്റ്റമ്പിങ് പൂർത്തിയാക്കുന്നതിൽ പേരുകേട്ട സാറ “വനിതാ ക്രിക്കറ്റിലെ മഹേന്ദ്രസിംഗ് ധോണി” എന്നായിരുന്നു അറിയപ്പെട്ടത്. മൂന്നു ഫോർമാറ്റിലുമായി നൂറിലേറെ സ്റ്റമ്പിങ്ങുകളടക്കം ഇരുന്നൂറ്റിയൻപതോളം പുറത്താക്കലുകളിൽ സാറ പങ്കാളിയായി. 2014ൽ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റർ പുരസ്‌കാരം നേടിയ സാറ അടുത്ത വർഷം ആഭ്യന്തര ക്രിക്കറ്റിൽ പുരുഷന്മാരോടൊപ്പം കളത്തിലിറങ്ങുന്ന ആദ്യ വനിതാ താരമായി.

കുറച്ചുകാലം കൂടി നീളുമായിരുന്ന സാറയുടെ ക്രിക്കറ്റ്‌ കരിയറിനു വിലങ്ങുതടിയായത് അമിതമായ ഉൽകണ്ഠ ആയിരുന്നു. തന്റെ കരിയറിലുടനീളം തന്നെ പിന്തുടരുന്ന രോഗത്തെപ്പറ്റി അവൾ ആദ്യം വെളിപ്പെടുത്തിയത് 2015ൽ ആണ്. കുറച്ചുകാലം വിട്ടുനിന്ന അവൾ വീണ്ടും ക്രിക്കറ്റ്‌ ജീവിതം പുനരാരംഭിച്ചെങ്കിലും വിഷാദരോഗം പൂർണമായും വിട്ടുമാറിയിരുന്നില്ല. രോഗം മൂലം ഹോട്ടൽ മുറിയിൽ തന്നെ കഴിഞ്ഞുകൂടിയിരുന്ന അവൾ പലപ്പോഴും പരിഹാസപാത്രമായിരുന്നു.

എങ്കിലും തന്നെ ഗ്രസിച്ച രോഗത്തിനു പൂർണമായും കീഴടങ്ങാൻ അവൾ തയ്യാറായില്ല.കോച്ചിന്റെ പിന്തുണയോടെ കളി തുടർന്ന അവൾക്കു പക്ഷേ രോഗം മൂലം 2018ൽ വീണ്ടും ക്രിക്കറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. വീണ്ടുമൊരു തിരിച്ചുവരവിനായി അവൾ ശ്രമിച്ചെങ്കിലും 2019 ടി ട്വൻറി ലോകകപ്പിനുള്ള ടീമിൽ നിന്നും സ്വയം പിന്മാറിയ സാറ ഒടുവിൽ ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കലും പ്രഖ്യാപിച്ചിരിക്കുന്നു.

കരിയറിലുടനീളം നിന്നെ തോൽപ്പിക്കാൻ ശ്രമിച്ച രോഗത്തോടു പോരടിച്ചു നീ സ്വന്തമാക്കിയ കണക്കുകൾ പറയും സാറ നിന്റെ പ്രതിഭ, കായികലോകം ഒരിക്കലും മറക്കാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് നീ ക്രിക്കറ്റിനോടു വിട പറയുന്നത്.

Leave a comment