Editorial Foot Ball legends Top News

ഇന്ത്യൻ ഫുട്ബോളിലെ രാമന്റെ കയ്യൊപ്പ് !!.

September 27, 2019

author:

ഇന്ത്യൻ ഫുട്ബോളിലെ രാമന്റെ കയ്യൊപ്പ് !!.

ശാരംഗപാണി രാമൻ എന്നൊരു പേര് നാമധികം കേട്ടിരിക്കാനിടയില്ല. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ രാമനും കൂട്ടരും ചേർന്നു രചിച്ചൊരു പോരാട്ടത്തിന്റെ അധ്യായമുണ്ട്.

ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിനു വളരെയേറെ പഴക്കമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ തന്നെ മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ മുതലായ ക്ലബ്ബുകളിലൂടെ കാൽപന്തുകളിയുടെ ഇന്ത്യൻ പെരുമ കടലുകൾ താണ്ടികടന്നിരുന്നു. പക്ഷേ ഒരു സ്വതന്ത്രരാജ്യമെന്ന നിലയിൽ ത്രിവർണ്ണപതാകയുടെ കീഴിൽ നമ്മുടെ ദേശീയ ടീം ആദ്യമായൊരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനിറങ്ങിയത് 1948 ഒളിംപിക്സിലാണ്. വർഷങ്ങളായി കയ്യടക്കി വച്ചിരുന്ന ഹോക്കിയിലെ അപ്രമാദിത്യത്തിനപ്പുറം മറ്റൊരു മേഖലയിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനം ആരും ഇന്ത്യയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ടൂർണമെന്റിൽ ആദ്യം ഇന്ത്യക്കു നേരിടേണ്ടിവന്നത് യൂറോപ്പിന്റെ കിരീടപ്രതീക്ഷയായ ഫ്രാൻസിനെയായിരുന്നു എന്നതും ഇന്ത്യയെ എഴുതിത്തള്ളാനുള്ള കാരണമായി.

അങ്ങനെ നാഗാലാൻഡുകാരൻ ടാലിമേറാൻ ഔയുടെ നേതൃത്വത്തിൽ നമ്മുടെ ദേശീയ ടീം ആദ്യ മത്സരത്തിൽ കളത്തിലിറങ്ങി. മത്സരത്തിനു മുൻപ് നടന്ന അഞ്ചു സന്നാഹ മത്സരങ്ങളിലും വിജയികളായ ആത്മവിശ്വാസത്തിൽ 1948 ജൂലൈ 31നു ഇൽഫോർഡിലെ ലിൻ റോഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം ഫ്രഞ്ച് പടയുമായി പോരാട്ടം തുടങ്ങി.

ആദ്യ അര മണിക്കൂറിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. പക്ഷേ മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ റെനേ കർബിൻ ഫ്രാൻസിനുവേണ്ടി ഇന്ത്യൻ ഗോൾവല ചലിപ്പിച്ചു. ഒരു ഗോളിനു പിന്നിലായ ഇന്ത്യ കൈ മെയ് മറന്നു ആക്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ഭാഗ്യം ത്രിവര്ണപതാകയോടൊപ്പമെത്തി, മത്സരത്തിന്റെ നാല്പത്തിനാലാം മിനുട്ടിൽ ഇന്ത്യക്കനുകൂലമായി പെനാൽറ്റി കിക്ക് !. ഉറച്ച കാലടികളോടെ ശൈലൻ മന്ന പന്തുമായി പെനാൽറ്റി സ്പോട്ടിലേക്കു നടന്നു.

ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും തന്റെ കാലുകളിൽ പേറി കിക്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‍ബോളർക്കു പക്ഷേ പിഴച്ചു. മന്നയുടെ കിക്ക് ഗോളായി മാറിയില്ല.ഫ്രഞ്ച് ആരാധകരുടെ ആരവങ്ങൾക്കൊപ്പം റഫറിയുടെ ഹാഫ് ടൈം വിസിലും മുഴങ്ങി. സ്കോർ അപ്പോഴും 0-1

“നഷ്ടപ്പെടാൻ നമുക്കൊന്നുമില്ല, നേടാനോ ചരിത്രത്തിലൊരു സ്ഥാനവും.” ഇതായിരിക്കണം ഇടവേള സമയത്തു ഇന്ത്യൻ കോച്ച് ബലായിദാസ് ചാറ്റർജി തന്റെ ശിഷ്യൻമാരോടു പറഞ്ഞിരിക്കുക. കൂടുതൽ ആത്മവിശ്വാസത്തോടെ രണ്ടാം പകുതി കളിക്കാനിറങ്ങിയ ഇന്ത്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ഫ്രഞ്ച് പ്രതിരോധം ശിഥിലമായി. മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ഈ ആക്രമണങ്ങൾക്കു ഫലവും കണ്ടു. മുന്നേറ്റനിരക്കാരൻ അഹ്‌മദ്‌ ഖാന്റെ മനോഹരമായ ഒരു ത്രൂ ബോളിനു കാൽ വച്ച ശാരംഗപാണി രാമന്റെ ഷോട്ട് ഫ്രഞ്ച് കോട്ട ഭേദിച്ച് ലക്ഷ്യം കണ്ടു. ഒരന്താരാഷ്ട്ര മത്സരത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗോൾ !. ഇന്ത്യക്കു സമനില !. തൊട്ടു പിന്നാലെ തന്നെ ലീഡ് നേടാനുള്ള സുവർണാവസരം മറ്റൊരു പെനാൽറ്റിയിലൂടെ ഇന്ത്യക്കു കൈവന്നുവെങ്കിലും. ഇത്തവണ കിക്കെടുത്ത മഹാബീർ പ്രസാദിന്റെ കിക്ക് ഫ്രഞ്ച് ഗോളി റോക്സിൽ തട്ടിയകറ്റി.

അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ അവസാന മിനുട്ടിൽ റെനേ പേഴ്സിലിൻ നേടിയ ഗോളിൽ ഫ്രാൻസ് വിജയിച്ചു ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി.

ഒളിംപിക്സിൽ ഇന്ത്യ കാട്ടിയ പോരാട്ടവീര്യം മൂലം യൂറോപ്യൻ പര്യടനം തുടരുവാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. എല്ലാ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലെയും ക്ലബ്ബുകളുമായി ഏറ്റുമുട്ടിയ ഇന്ത്യൻ ടീം ഒളിംപക്‌സിലെ തങ്ങളുടെ മികച്ച പ്രകടനം തുടർന്നു. അത്തരമൊരു മതസരത്തിൽ ഹോളണ്ടിലെ പ്രശസ്തമായ അയാക്സ് ആംസ്റ്റർഡാമിനെ 5-2 നു നമ്മുടെ ടീം തകർത്തുവിട്ടിട്ടുണ്ടെന്നു പറഞ്ഞാൽ ഇന്നത്തെ തലമുറയിൽ എത്ര പേർ വിശ്വസിക്കും ?.

രാമനെഴുതിയ ഹരിശ്രീയുടെ പ്രതിഫലനം ഏതാണ് രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യൻ ഫുട്‍ബോളിൽ ശോഭയോടെ തന്നെ തെളിഞ്ഞു നിന്നു. തുടർച്ചയായി നാലു ഒളിംപിക്സുകളിൽ പങ്കെടുത്ത ഇന്ത്യ 1956ൽ സെമിഫൈനൽ പ്രവേശനവും നേടിയെടുത്തു. മഹായുദ്ധകാലത്തു തകർന്നടിഞ്ഞ ജപ്പാൻ പോലുള്ള രാജ്യങ്ങൾ പിന്നീടു ഫുട്ബോൾ രംഗത്തു കുതിച്ചു പാഞ്ഞപ്പോൾ റിവേഴ്‌സ് ഗിയറിലായിരുന്നു നമ്മുടെ യാത്ര. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കുക. ഒരു ശിലാഫലകത്തിലും രാമനെപ്പോലുള്ളവരുടെ പേര് കൊത്തിവച്ചിട്ടില്ല, വരും തലമുറയ്ക്ക് വേഗത്തിൽ വായിച്ചറിയാനൊരു ഹ്രസ്വ വിവരണം പോലും നിലവിലില്ല. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ചിതലരിച്ച ചരിത്രത്താളുകളിലെങ്ങോ ഒരു മന്ദഹാസം തൂകി ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഗോളിന്റെ അവകാശി വിശ്രമിക്കുന്നുണ്ട്. ഒരു ചെറിയ അനുസ്മരണത്തിനു കാതോർത്ത്.

Syam….

Leave a comment

Your email address will not be published. Required fields are marked *