ജന്മദിനാശംസകൾ സെറീന !!
തന്റെ മക്കൾ ടെന്നീസ് ലോകം കീഴടക്കുമെന്ന റിച്ചാർഡ് വില്യംസിന്റെ വാക്കുകളെ ഒരിക്കൽ ലോകം പരിഹസിച്ചു തള്ളിയിരുന്നു. പക്ഷേ പിന്നീടയാളെ ലോകം അദ്ഭുതത്തോടെ അംഗീകരിച്ചു. ഒന്നല്ല പലതവണ !!.

നാലു വയസ്സുമാത്രം പ്രായമുള്ള പെൺമക്കളുടെ കൈകളിൽ അവരെക്കാൾ വലിയ ടെന്നിസ് റാക്കറ്റ് വെച്ചുകൊടുക്കുമ്പോൾ റിച്ചാർഡിനു മുന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.
അതിനും വളരെ മുന്നേതന്നെ അയാൾ അതിനുവേണ്ടി എൺപതോളം പേജുകളുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അതിന്റെ ഫലം ലോകം ആദ്യമായി കണ്ടത് 1999 യു എസ് ഓപ്പണിലായിരുന്നു. തന്റെ മുൻഗാമിയായ ആർതർ ആഷെയുടെ പേരിലുള്ള കോർട്ടിൽ സ്വിസ് സൂപ്പർ താരം മാർട്ടീന ഹിൻജിസിനെ പരാജയപ്പെടുത്തി റിച്ചാർഡിന്റെ ഇളയ പുത്രി സെറീന കിരീടമുയർത്തിയപ്പോൾ ഒരു പതിറ്റാണ്ടിലേറെക്കാലം ഗ്രാൻഡ്സ്ലാമുകളെ അടക്കിവാണ വില്യംസ് യുഗത്തിനു തുടക്കമാവുകയായിരുന്നു.
പിന്നീടങ്ങോട്ടു സീസണിലെ മിക്ക ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളുടെയും കലാശപ്പോരാട്ടങ്ങളിൽ വില്യംസ് സഹോദരിമാർ മുഖാമുഖം വന്നു. തുടക്കത്തിൽ വീനസായിരുന്നു മികച്ചുനിന്നതെങ്കിലും പിന്നീടു സെറീനയുടെ മികവിനുമുന്നിൽ രണ്ടാമതാകാനായിരുന്നു ചേച്ചിയുടെ വിധി.
ഏഴു ഗ്രാൻഡ്സ്ളാം കിരീടങ്ങളിൽ വീനസിന്റെ പ്രകടനമൊതുങ്ങിയെങ്കിലും സെറീന തന്റെ തേരോട്ടം തുടർന്നുകൊണ്ടേയിരുന്നു.

1999ൽ കന്നി ഗ്രാൻഡ്സ്ളാം കിരീടം സ്വന്തമാക്കിയ സെറീനയ്ക്കു രണ്ടാമതൊരു കിരീടനേട്ടത്തിനായി മൂന്നു വർഷം കാത്തിരിക്കേണ്ടിവന്നു. പക്ഷേ 2002ൽ നാലിൽ മൂന്നു ഗ്രാൻഡ്സ്ലാമുകളും വിജയിച്ചാണ് അവൾ തിരിച്ചുവന്നത്. പിന്നീടു സെറീന തിരിഞ്ഞുനോക്കിയിട്ടില്ല. കരിയറിലിതുവരെ എഴുപത്തിരണ്ടു W.T.A സിംഗിൾസ് കിരീടങ്ങൾ, ഇരുപത്തിമൂന്നു ഗ്രാൻഡ്സ്ളാം സിംഗിൾസ് കിരീടങ്ങൾ, ലോക ഒന്നാം നംബറിലെത്തുന്ന എറ്റവും പ്രായം കൂടിയ വനിതാ താരം, ഏറ്റവും നീളമേറിയ ഗ്രാൻഡ്സ്ളാം ടൈറ്റിൽ കരിയർ, ഗർഭിണിയായിരിക്കെ 2017ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവിജയം, 2018ൽ ഗ്രാൻഡ്സ്ളാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരം, ഇങ്ങനെ സെറീനയുടെ നേട്ടങ്ങൾ എണ്ണിയാലൊടുങ്ങില്ല. ഡബിൾസിലാകട്ടെ സഹോദരിയോടൊപ്പം പ്രവേശിച്ച പതിനാലു ഗ്രാൻഡ്സ്ളാം ഫൈനലുകളിലും വിജയം. വനിതാ ടെന്നീസിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമായിക്കഴിഞ്ഞു സെറീന. ഇതിനു പുറമെ മൂന്നു ഡബിൾസ് അടക്കം നാലു ഒളിമ്പിക്സ് സ്വര്ണമെഡലുകളും ആ കരിയറിനു മിഴിവേകുന്നു.
1998ലാണ് സെറീന തന്റെ ആദ്യ ഗ്രാൻഡ്സ്ളാം മത്സരം വിജയിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി ടെന്നീസിന്റെ ലോകവേദിയിൽ അവൾ അജയ്യയായി നിൽകുന്നു. മുൻപേ വന്നവരും കൂടെ പൊരുതിയവരും പിന്മാറിയ ശേഷവും പുതിയ തലമുറയ്ക്കുപോലും പിന്തുടരാനുള്ള ഒരു നാഴികക്കല്ലായി, ഒരു പാഠപുസ്തകമായി സെറീന കളി തുടരുകയാണ്. റിച്ചാർഡ് വില്യംസിന്റെ വാക്കുകളെ പരിഹസിച്ചു തള്ളിയ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു, പക്ഷേ അയാളുടെ വാക്കുകൾ സെറീനയിലൂടെ ഇപ്പോഴും പ്രസക്തമായി തുടരുന്നു.
ജന്മദിനാശംസകൾ സെറീന..