Editorial Foot Ball legends Top News

മൊഹമ്മദ്‌ സലിം; യൂറോപ്പിനെ വശീകരിച്ച ഇന്ത്യക്കാരൻ

September 25, 2019

author:

മൊഹമ്മദ്‌ സലിം; യൂറോപ്പിനെ വശീകരിച്ച ഇന്ത്യക്കാരൻ

“കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദ്‌ സലിം എന്ന ഇന്ത്യക്കാരൻ സെൽറ്റിക് പാർക്കിലെ കാണികളെ വശീകരിച്ചിരുത്തി. ഫുട്ബോൾ അയാളുടെ നഗ്നമായ പാദങ്ങളിലെ പത്തു വിരലുകളിലൂടെയും സഞ്ചരിക്കുന്ന കാഴ്ച അവരെ ആഹ്ലാദിപ്പിച്ചു. എതിർ കളിക്കാരെ നിശ്ചലരാക്കിക്കൊണ്ട് അയാൾ പന്തിനെ നിയന്ത്രിച്ച കാഴ്ച അത്രമേൽ മനോഹരമായിരുന്നു”

സ്കോട്ലൻഡിലെ പ്രശസ്തമായ സെൽറ്റിക് ക്ലബ്ബിന്റെ ബ്ലോഗിലെ വരികൾ വായിക്കുന്ന ഏതൊരാളും അതിലേ നായകന്റെ ഭൂതകാലം തേടിയിറങ്ങും. ആദ്യമായി ഒരു യൂറോപ്യൻ ക്ലബ്ബിനുവേണ്ടി പന്തു തട്ടിയ ഇന്ത്യക്കാരനായ മുഹമ്മദ്‌ സലിം എന്ന മഹാന്റെ ജീവിതത്തിലെ ഓരോ ഏടും വിസ്മയിപ്പിക്കുന്നതായിരുന്നു.

1904 ൽ കൽക്കട്ടയിൽ ജനിച്ച സലിം തന്റെ പതിനാലാം വയസിൽ തന്നെ കളിയോടുള്ള കമ്പം മൂലം പഠനം ഉപേക്ഷിച്ചിരുന്നു. 1934 ൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിൽ ചേർന്ന സലിം ആ വർഷമാദ്യമായി മുഹമ്മദനു കൽക്കട്ട ലീഗ് കിരീടം നേടിക്കൊടുത്താണ് ഹരിശ്രീ കുറിച്ചത്. തുടർച്ചയായ നാലു വർഷങ്ങൾ കൂടി ലീഗ് കിരീടം മുഹമ്മദനു നേടിക്കൊടുക്കാൻ സലീമിനു കഴിഞ്ഞു.

ബ്രിട്ടീഷ് റെജിമെൻറ് ക്ലബ്ബുകളെ തോൽപ്പിക്കുന്നത് ഒരു ലഹരിയായാണ് സലിം കണ്ടത്.1937 IFA ഷീൽഡ് മത്സരങ്ങൾക്ക് മുൻപുള്ള ഇടവേളയായിരുന്നു സലീമിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവ്. ഇന്ത്യ സന്ദർശിച്ച ചൈനീസ് ടീമിനെതിരെ നടന്ന ആദ്യ മത്സരത്തിലെ സലീമിന്റെ പ്രകടനം എതിരാളികളെ പോലും വിസ്മയിപ്പിച്ചു. ചൈനീസ് കോച്ചിന്റെ പ്രശംസ പിടിച്ചു പറ്റിയ സലീം പക്ഷേ രണ്ടാം മത്സരത്തിനു തലേദിവസം അപ്രത്യക്ഷനായി.

കൽക്കട്ടയിൽ പോലീസും സഹതാരങ്ങളും ചേർന്നു തിരച്ചിൽ നടത്തവേ സലിം ഒരു യാത്രയിലായിരുന്നു. ബ്രിട്ടീഷ് ഷിപ് യാർഡിൽ ഉദ്യോഗസ്ഥനായിരുന്ന തന്റെ അർദ്ധസഹോദരൻ ഹാഷിമിന്റെ ഉപദേശപ്രകാരം യൂറോപ്പിലേക്കായിരുന്നു ആ യാത്ര. കെയ്‌റോയും ലണ്ടനും കടന്ന ഇരുവരും സ്കോട്ലൻഡിലെ ഗ്ലാസ്കോയിലെത്തി.

ഗ്ലാസ്കോയിലെ സെൽറ്റിക് പാർകിലെത്തിയ സലിമിനെ ഹാഷിം ക്ലബ്‌ മാനേജർക്കു പരിചയപ്പെടുത്തി. ഹാഷിമിന്റെ നിർബന്ധപ്രകാരം സലീമിന് ഒരവസരം നൽകുവാൻ അദ്ദേഹം തയ്യാറായി. ട്രെയിനിങ് ഗ്രൗണ്ടിലെ സലീമിന്റെ പ്രകടനത്തിൽ അത്ഭുതപ്പെട്ട മാനേജർ തൊട്ടടുത്ത ദിവസം ഹാമിൽട്ടൺ ഏസസിനെതിരെ നടന്ന മത്സരത്തിൽ അയാളെ കളത്തിലിറക്കി. കളിയിൽ രണ്ടു ഗോളുകൾ നേടിയാണ് സലിം തന്റെ സെലക്ഷനെ ന്യായീകരിച്ചത്. 1936 ആഗസ്ത് 28നു നടന്ന തന്റെ ആദ്യ ഔദ്യോഗിക മത്സരത്തിൽ സെൽറ്റിക് പാർക്കിലെ കാണികളെ മുഴുവൻ വിസ്മയിപ്പിച്ച സലിം അവരുടെ ഹീറോയായി മാറി. “The Indian Juggler – New Style” എന്നായിരുന്നു തൊട്ടടുത്ത ദിവസത്തെ സ്കോട്ടിഷ് ഡെയിലി എക്സ്പ്രസ്സ്‌ പത്രത്തിലെ തലക്കെട്ട്.

സലീമിന്റെ കളി കാണാനായി കാണികൾ തിരക്കുകൂട്ടിയതോടെ ക്ലബ്ബിന്റെ വരുമാനത്തിലും ഉയർവുണ്ടായി. സ്കോട്ടിഷ് കേളീശൈലിയോടു പെട്ടന്നുതന്നെ ഇഴുകിച്ചേരാൻ സലീമിന് സാധിച്ചു. പക്ഷേ ഏതൊരു പ്രവാസിയെയും പോലെ ഗൃഹാതുരത്വം അദ്ദേഹത്തെ വളരെയധികം അലട്ടി. വെറും രണ്ടുമാസത്തെ യൂറോപ്യൻ കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതുതന്നെയായിരുന്നു. ഇതിനുള്ളിൽ തന്നെ സ്കോട്ലൻഡിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുവാൻ സലീമിന് സാധിച്ചു. സലിം ഇന്ത്യയിലേക്കു തിരിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒരു പ്രദർശനമത്സരം സംഘടിപ്പിച്ച ക്ലബ്‌ വരുമാനത്തിന്റെ അഞ്ചു ശതമാനം തുക സലീമിന് നൽകാൻ തീരുമാനിച്ചു. പക്ഷേ ഈ തുക ഗ്ലാസ്‌കോയിലെ അനാഥരായ കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമായി നീക്കിവയ്ക്കാൻ ക്ലബ്ബിനോട്‌ നിർദേശിച്ച ആ മനുഷ്യസ്നേഹി ഒരിക്കൽകൂടി സ്കോട്ടിഷ് ജനതയെ വിസ്മയിപ്പിച്ചു.

തിരികെ ഇന്ത്യയിലെത്തി മുഹമ്മദൻ സ്പോർട്ടിങ്ങിനുവേണ്ടി കായികജീവിതം പുനരാരംഭിച്ച സലിം 1938 വരെ ക്ലബ്ബിൽ തുടർന്നു. ജീവിത സായാഹ്നം പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും വിനിയോഗിച്ച ആ മഹാൻ 1980ൽ തന്റെ എഴുപത്തിയാറാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.

മറക്കാൻ കഴിയാത്തൊരു വികാരമായിരുന്നു സെൽറ്റികിനു സലിം. അദ്ദേഹത്തിന്റെ കളി അവരെ വശീകരിച്ചുവെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയും ഉണ്ടാകില്ല. അവസാന നാളുകളിലെ സലീമിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് സെൽറ്റികിനെഴുതുമ്പോൾ അദ്ദേഹത്തിന്റെ മകൻ റാഷിദിന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ റാഷിദിനെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കുള്ളിൽ അവരുടെ പ്രിയപ്പെട്ട ഇന്ദ്രജാലക്കാരനുള്ള സ്നേഹ സമ്മാനമെത്തി. നൂറു ബ്രിട്ടീഷ് പൗണ്ടിന്റെ ഒരു ചെക്ക്. ആ സമ്മാനം റാഷിദ്‌ സൂക്ഷിച്ചു വെച്ചിരുന്നു. വെള്ളക്കാരന്റെ ബൂട്ടിനെയും ഹൃദയത്തെയും ഒരു പന്തുകൊണ്ടു കീഴടക്കിയ തന്റെ ബാപ്പയുടെ ഇന്ദ്രജാലങ്ങളുടെ തിരുവവശേഷിപ്പായി.

Syam…

Leave a comment

Your email address will not be published. Required fields are marked *