Editorial Foot Ball legends Top News

ലയണൽ മെസ്സി ജൈത്രയാത്ര തുടരുമ്പോൾ

September 25, 2019

author:

ലയണൽ മെസ്സി ജൈത്രയാത്ര തുടരുമ്പോൾ

“എനിക്കിതു പൂർണമായും പുതിയ ഒരനുഭവമാണ്, ഒരു വലിയ സദസ്സിന്റെ മുന്നിൽ പുരസ്കാരവുമായി നിൽകുമ്പോൾ വാക്കുകൾക്കായി ഞാൻ പരതുകയാണ്. എന്നാൽ മെസ്സിക്ക് ഇതൊരു പുതിയ സംഭവമല്ലെന്ന് എനിക്കറിയാം”.

ഫിഫയുടെ മികച്ച വനിതാ ഫുട്‍ബോളറായി തെരഞ്ഞെടുക്കപ്പെട്ട മേഗൻ റാപിനോയുടെ വാക്കുകളാണിത്.

മേഗൻ പറഞ്ഞതു ശരിയല്ലേ?.
വേദികൾ മാറുന്നുണ്ടായിരിക്കാം, പക്ഷേ ലയണൽ മെസ്സിയെന്ന പേര് ഫുട്‍ബോൾമികവിന്റെ പര്യായമായി നാം കാണാൻ തുടങ്ങിയിട്ട് ഏറെകാലമായി. അതിന്റെ ഒരു ആവർത്തനം മാത്രമാണ് മിലാനിലെ ലാ സ്കാല ഓപ്പറ ഹൗസിൽ സംഭവിച്ചത്.

പുരസ്കാരനിറവിൽ നിൽക്കുന്ന മെസ്സി ആരാധകർക്കൊരുപുതിയ കാഴ്ചയല്ല. എത്രയോ തവണ ലോകത്തിന്റെ നെറുകയിൽ ആ മനുഷ്യൻ ഒരു പുഞ്ചിരിയോടെ നില്കുന്നത് നാം കണ്ടിരിക്കുന്നു. പക്ഷേ ഓരോ തവണയും ആ കാഴ്ച നൽകുന്ന ആനന്ദം ചെറുതല്ല. കാരണം ലയണൽ മെസ്സിയെന്ന കുറിയ മനുഷ്യനെ ഫുട്ബോൾ പ്രേമികൾ അത്രമേൽ സ്നേഹിക്കുന്നു.

നയനമനോഹരമായ ഫുട്ബോൾ കാഴ്ചകൾ. അതാണ് ഓരോ തവണ കളത്തിലിറങ്ങുമ്പോഴും അയാൾ നമുക്കു സമ്മാനിക്കുന്നത്. പ്രതിരോധനിരയെ അതിശയിപ്പിച്ചുകൊണ്ട് ഗോൾ പോസ്റ്റിലേക്കു താഴ്നിറങ്ങുന്ന മഴവിൽ ഫ്രീ കിക്കുകൾ എത്രകണ്ടാലാണ് മതിവരിക?. ഇക്കൊല്ലം പുഷ്കാസ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ട ആ ചിപ്പ് ഗോൾ കണ്ടു നിന്ന ഗോൾകീപ്പറുടെ മുഖഭാവം എത്രയോ തവണ നാമറിയാതെതന്നെ അയാൾ നമ്മിൽ സൃഷ്ടിച്ചിട്ടുണ്ട്?.

ഇത്തവണത്തെ ഫിഫ പുരസ്‌കാരം ചിലരിലെങ്കിലും സംശയം ജനിപ്പിച്ചേക്കാം. അത്ര മികച്ചതായിരുന്നുവോ മെസ്സിയ്ക്ക് കഴിഞ്ഞ സീസൺ?. ഒന്നിലധികം തവണ അയാൾക്ക് നിർണായക ഘട്ടങ്ങളിൽ കാലിടറിയില്ലേ?. കോപ അമേരിക്ക സെമി ഫൈനലിൽ, ചാംപ്യൻസ് ലീഗ് മത്സരത്തിൽ, എല്ലാം മെസ്സിയുടെ പ്രകടനം ആരാധകരിൽ നിരാശ സമ്മാനിച്ചു. പക്ഷേ വ്യക്തിഗത പ്രകടനങ്ങളിൽ അയാൾ മികച്ചുതന്നെ നിന്നു. യൂറോപ്പിലെയും സ്പെയിനിലെയും മികച്ച ഗോൾ സ്‌കോറർ അയാൾ തന്നെ. വര്ഷമിത്ര കഴിഞ്ഞിട്ടും അയാളെ മറികടക്കാൻ ഒരു താരത്തിനും സാധിക്കുന്നില്ല.

ബാർസലോണ നേടിയ ലാ ലീഗ കിരീടം മാത്രമാണ് കഴിഞ്ഞ വർഷത്തെ മെസ്സിയുടെ പ്രധാന നേട്ടമായി കണക്കാക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയെന്ന തനിക്കൊത്ത എതിരാളിയുടെ ലീഗിലെ അഭാവമായിരിക്കാം ലീഗ് കിരീടത്തെ വില കുറച്ചു കാണുവാൻ നിരൂപകരെ പ്രേരിപ്പിക്കുന്നത്. ഫുട്ബോളിൽ അങ്ങനെയല്ലേ?, കാലവും എതിരാളികളും മാറും, പക്ഷേ പോരാടി ജയിക്കുന്ന കിരീടങ്ങളുടെ മാറ്റ എങ്ങനെയാണ് കുറയുക?.

ലയണൽ മെസ്സിയെന്ന ഫുട്ബോളർക്ക് വിമർശകർ ഏറെയുണ്ട്. ചില വിമർശനങ്ങളിൽ യാഥാർഥ്യമുണ്ടായിരിക്കാം. ദൈവത്തിന്റെ ഒരു സൃഷ്ടിയും പൂർണമല്ലല്ലോ !. റൊസാരിയോയിൽ നിന്നുമാരംഭിച്ച ആ ജൈത്രയാത്രയുടെ അവസാന ഭാഗങ്ങളിലേക്ക് അയാൾ പ്രവേശിച്ചു കഴിഞ്ഞു. നമുക്കോർത്തു വെയ്ക്കാൻ സാധിക്കുന്ന കുറച്ചു നിമിഷങ്ങൾ കൂടി നൽകാൻ അയാൾക്കു സാധിക്കട്ടെയെന്നു പ്രത്യാശിക്കാം, മെസ്സിയോടുള്ള ആരാധനയാൽ തന്റെ വീടിനു മുഴുവൻ അർജന്റീന പതാകയുടെ നിറം നൽകിയ പശ്ചിമബംഗാളുകാരൻ ശിബ് ശങ്കർ പത്രയെപ്പോലെ ഒരുപാടുപേർ അവരുടെ മനസ്സിന്റെ ചുവരുകളിൽ കാൽപന്തുകളിയുടെ മിശിഹായുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. അവർക്കായി, കാൽപന്തുകളിയെ സ്നേഹിക്കുന്നവർക്കായി മെസ്സി കളി തുടരട്ടെ

Leave a comment