ട്രാൻസ്ഫർ ന്യൂസ് : കുട്ടീഞ്ഞോ എവിടേക്ക്?
ബാഴ്സലോണയുടെ റെക്കോഡ് സൈനിങ് ആയ ബ്രസീലിയൻ താരം കുട്ടീഞ്ഞോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കെന്നു സൂചന. അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയ കുട്ടീഞ്ഞോക്കു വേണ്ടിയുള്ള മത്സരത്തിൽ ലണ്ടൻ വൈരികളായ ആര്സെനാലും ടോട്ടൻഹാമുമാണ് മുന്നിട്ട് നിൽക്കുന്നത്.
2018ഇൽ ലിവർപൂളിൽ നിന്നും ബാഴ്‌സയിലേക്ക് കൂടുമാറിയ താരത്തിന് എന്നാൽ അതിനു ശേഷം ആ മികവ് ആവർത്തിക്കാനായിട്ടില്ല. നിലവിൽ അത്ലറ്റിക്കോയിൽ നിന്നും ഗ്രീസ്‌മാൻ ടീമിലേക്ക് വന്നതോടുകൂടി ബ്രസീലിയൻ താരത്തെ വിൽക്കാൻ ബാർസ ശ്രമിച്ചുവെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടില്ല. അതിനാൽ ഇംഗ്ലീഷ് ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കും മുൻപ് ലോൺ(25മില്യൺ പൗണ്ട്) അല്ലെങ്കിൽ പെർമനന്റ് ട്രാൻസ്ഫെറിനു തയ്യാറാണെന്ന് ബാർസ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂൾ , മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസെനാൽ, ടോട്ടൻഹാം എന്നിവരെ അറിയിച്ചതായാണ് വിവരം.
സാധ്യതകൾ : തന്റെ മുൻ ക്ലബ്ബായ ലിവർപൂളിന്റെ എതിരാളികളായ യുണൈറ്റഡിലേക്ക് പോകാൻ കുട്ടീഞ്ഞോക്കു താല്പര്യമില്ല, താരത്തെ തിരിച്ചു കൊണ്ട് വരാൻ ലിവർപൂളിനും നിലവിൽ ഉദ്ദേശമില്ല, അതിനാൽ കൈമാറ്റം നടക്കുകയാണെങ്കിൽ ടോട്ടൻഹാമോ ആര്സെനലോ, അല്ലെങ്കിൽ ബാഴ്സയിൽ തന്നെ തുടരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു സെന്റർ ബാക്കിനും ലെഫ്റ്റ് ബാക്കിനും ആണ് ആർസെനാൽ നിലവിൽ പ്രഥമ പരിഗണന നൽകുക എന്ന് കോച്ച് ഉനായി എമേറി വ്യക്‌തമാക്കി കഴിഞ്ഞു. ടോട്ടൻഹാം കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്ന ക്രിസ്ത്യൻ എറിക്‌സനു വേണ്ടി ടീമുകൾ വന്നാൽ പകരക്കാരനായി കുട്ടീഞ്ഞോയെ ടീമിലെത്തിക്കാൻ സാധ്യത കൂടുതലാണ്.