ആർസെനൽ പ്രതിരോധം കാക്കാൻ ടിർണി എത്തുമോ?
രണ്ടു മാസത്തോളം ആരാധകരെ നിരാശരാക്കിയ ആര്സെനലിന്റെ ട്രാൻസ്ഫർ വിൻഡോ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ കീഴ്മേൽ മറിയുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ യൂറോപ്യൻ വമ്പന്മാരായ ലിവർപൂൾ, നാപോളി, ബയേൺ എന്നിവർ നോട്ടമിട്ടിരുന്ന ലില്ലി താരം നിക്കൊളാസ് പെപ്പെയുടെ സൈനിങ് അന്നൗൻസ് ചെയ്തതോടുകൂടി ആരാധകർ ആവേശത്തിലായിരിക്കുകയാണ്. എങ്കിലും ഒരു കാതലായ ചോദ്യം ആരാധകർ ഇപ്പോഴും ഉയർത്തുന്നുണ്ട്, ഏതു വമ്പൻ ടീമിനെയും വിറപ്പിക്കാൻ പോന്ന ലോകോത്തര അറ്റാക്കിങ് നിര ടീമിനുണ്ടെങ്കിലും ദുർബലമായ ഡിഫെൻസ് ഇത്തവണയും ആർസെനലിനു തിരിച്ചടിയാകുമോ എന്ന്.
ഈ ആശങ്ക ചെറുതല്ല. കഴിഞ്ഞ 3 സീസണുകളായി ആര്സെനലിന്റെ മോശം പ്രകടനത്തിന് ഉത്തരവാദി ദുർബലമായ ഡിഫെൻസ് ആണെന്ന് നിസംശയം പറയാം. പ്രായം തളർത്തി തുടങ്ങിയ മോൻറിയാൽ, കഷോൽനി, വാലെൻസിയയിൽ നിന്നും വന്നത് മുതൽ ഡിഫെൻസിവ് പിഴവുകൾ കൊണ്ട് കുപ്രസിദ്ധനായ മുസ്താഫി, പിന്നെ എതിരാളിക്ക് ലൂസ് ബോൾ നൽകുന്നതിൽ ഒട്ടും പിശുക്കു കാണിക്കാത്ത ഡിഫെൻസിവ് മിഡ്ഫീൽഡർ ഷാക്ക എന്നിവർ എല്ലാം തന്നെ ഉത്തരവാദികൾ ആണ്. ഈ സീസണിൽ ക്യാപ്റ്റൻ കഷോൽനി ടീമുമായി കലഹിച്ചു പുറത്തേക്ക് എന്ന നിലയിലാണ്, കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച ബെല്ലെറിൻ, ഹോൾഡിങ് എന്നിവർ പരിക്ക് ഭേദമായി പൂർണ ഫിറ്റ്നസ്സിലേക്ക് എത്തിയിട്ടില്ല എന്നതിനാൽ ആദ്യ മത്സരങ്ങൾ നഷ്ടമാകാനാണ് സാധ്യത. ഈ ഒരു സാഹചര്യത്തിലാണ് കെൽറ്റിക് ഡിഫൻഡർ(LB) കീറൻ ടിർനി പ്രസക്‌തനാകുന്നത്.
22വയസ്സേ ഉള്ളുവെങ്കിലും ഇതിനോടകം 170മത്സരങ്ങളിൽ താരം കെൽറ്റിക്കിനു വേണ്ടി ബൂട്ടണിഞ്ഞു. മികച്ച ഡിഫെൻസിവ് റെക്കോർഡിനൊപ്പം ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ 2 പൊസിഷനിലും കളിക്കാൻ കഴിവുള്ള ടിർനിയുടെ സേവനം ലഭിച്ചാൽ, ആര്സെനലിന്റെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. കെൽറ്റിക് 25മില്യൺ പൗണ്ട് പ്രതീക്ഷിക്കുന്ന താരത്തിന് വേണ്ടി ആര്സെനലിന്റെ 2ഓഫറുകൾ ഇനിഷ്യൽ പേയ്‌മെന്റ് കുറവാണെന്ന കാരണത്താൽ നിരസിക്കുകയുണ്ടായി. ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ 1 വാരം മാത്രം ബാക്കി നിൽക്കേ ഗണ്ണേഴ്‌സ് താരം ക്രിസ്ത്യൻ ബെയ്ലിക് 10മില്യൺ പൗണ്ട് ഡീലിൽ ഡെർബി ക്ലബ്ബിലേക്ക് പോവുന്നത് ഒരുപക്ഷെ ടൈറ്റ് ബഡ്ജറ്റിൽ നിൽക്കുന്ന ആർസെനലിനു, ടിർനിക്കു വേണ്ടി കെൽറ്റിക് ആവശ്യപ്പെടുന്ന ഇനിഷ്യൽ ഫീ നൽകി ഡീലുറപ്പിക്കാൻ സജ്ജരാക്കിയേക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആരാധകർക്ക് ഈ വർഷം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലേക്ക് ആര്സെനലും ഒരു വെല്ലുവിളി ഉയർത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.