മഗ്ഗ്വയറിനായി 80 മില്യൺ യൂറോ വരെ വാഗ്ദാനം ചെയ്ത യുണൈറ്റഡ് !!
പ്രതിരോധത്തിലെ പിഴവുകൾ ചില്ലറ ഒന്നുമല്ല ചുവന്ന ചെകുത്താന്മാരെ കഴിഞ്ഞ കൊല്ലം അലട്ടിയത്. മാത്രമല്ല ഫെർഡിനന്റിന്റെയും വിഡിച്ചിന്റെയും വിടവാങ്ങലിന് ശേഷം പിന്നിൽ നിന്ന് നയിക്കാൻ കഴിവുള്ള ഒരു താരത്തിനെയും യുണൈറ്റഡിൽ പിന്നീട് കണ്ടിട്ടില്ല. വാൻ ഡൈക് ലിവർപൂളിൽ കൊണ്ട് വന്ന മാറ്റം ശക്തനായ ഒരു സെൻട്രൽ ഡിഫെൻഡറെ മേടിക്കാൻ സോൾഷെയറിനെ പ്രേരിപ്പിക്കുന്നു.
അതിന് പറ്റിയ കളിക്കാരനാണ് ഇംഗ്ലണ്ടിന്റെയും ലെസ്റ്റർ സിറ്റിയുടെയും താരമായ ഹാരി മഗ്ഗ്വയർ. 6’4″ ഉയരമുള്ള ഹരിയെ മറികടക്കുക അത്ര എളുപ്പമല്ല. ഹൈ ബോളിലും അസാമാന്യ വഴക്കമാണ് അദ്ദേഹത്തിന്. തന്റെ ഗർജ്ജനത്തിലൂടെ ടീമിലെ മറ്റ് കളിക്കാരെ പ്രചോദിപ്പിക്കുന്ന ഹരിയുടെ ആവേശം കാണാൻ തന്നെ അഴകാണ്. ഇതെല്ലം ഇംഗ്ലണ്ടിന്റെ അനിഷേധ്യ താരമായി അദ്ദേഹത്തെ മാറ്റുകയും ഉണ്ടായി. വെറും 26 വയസ്സ് മാത്രമേ ഉള്ളു എന്നുള്ളതും അദ്ദേഹത്തിന്റെ വില കൂട്ടുന്നു.
ഹാരിക്കും ക്ലബ് വിട്ട് പോകാൻ താല്പര്യം ഉണ്ട്. അത് ലെസ്റ്റർ മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇത്ര വലിയ തുക വാഗ്ദാനം ചെയ്ത സ്ഥിതിക്ക് ലെസ്റ്റർ ഈ കൂടുമാറ്റം അംഗീകരിക്കാനാണ് സാധ്യത. ഹരിയുടെ വരവ് യുണൈറ്റഡിൽ ഉന്മേഷം പകരും എന്നതിൽ തർക്കമില്ല.കാലതാമസം വരുത്താതെ യുണൈറ്റഡ് താരത്തിന്റെ സേവനം ഉറപ്പ് വരുത്തുകയാണ് വേണ്ടത്.






































