ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഉത്തരകൊറിയയോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യ
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. കൊറിയന്‍ ക്യാപ്റ്റന്‍ ജോങ് ഗ്വാനാണ് മത്സരത്തിലെ മികച്ച താരം.
ആദ്യപകുതി അവസാനിച്ചപ്പോള്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചപ്പോള്‍ കൊറിയ രണ്ട് ഗോളുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ പതനം പൂര്‍ണമാക്കി. ഉത്തര കൊറിയ്ക്കായി ക്യാപ്റ്റന്‍ ജോങ് ഗ്വാന് രണ്ട് ഗോളുകളും സിം ജിന്‍, റീ ചോല്, റീ ജിന്‍ എന്നിവര്‍ ഒരോ ഗോള്‍ വീതവും സ്വന്തമാക്കി.ഇന്ത്യക്കായി ലാലിയന്‍സുവാല ചാങ്തെയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഓരോ ഗോള്‍ വീതം നേടി.
മത്സരത്തിന്റെ ആദ്യ മിനിട്ടുമുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഉത്തര കൊറിയ കിട്ടിയ അവസരങ്ങൾ മുതലാക്കിയപ്പോൾ ഇന്ത്യക്കാർ കളി മറന്നു.പലപ്പോഴും മിസ്പാസുകൾ ആണ് ഇന്ത്യക്ക് വിനയായത്.ഇനി ഇന്ത്യയുടെ മത്സരം 16 ആം തിയതി ആണ്.സിറിയ ആണ് എതിരാളികൾ.