Editorial Foot Ball Top News

മേഗൻ റപീനോ – വനിതാ ഫുട്ബോളിന്റെ പ്രതിച്ഛായ മാറ്റിയവൾ

July 8, 2019

മേഗൻ റപീനോ – വനിതാ ഫുട്ബോളിന്റെ പ്രതിച്ഛായ മാറ്റിയവൾ

നമ്മളിൽ പലരിൽ അറിയാതെ വനിതാ ഫുട്ബോൾ ലോക കപ്പ് കഴിഞിരിക്കുന്നു. ഫ്രാൻസിലെ ലിയോണിൽ വെച്ച് നടന്ന ഫൈനലിൽ അമേരിക്ക എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നെതർലാൻഡ്സിനെ തോൽപ്പിച്ച് കിരീടവും ഉയർത്തി. എന്നാൽ അതിൽ ഒരു വനിതയുടെ മുഖം ഇന്ന് ലോകം മൊത്തം അറിയപ്പെടുന്നു. ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ അമേരിക്കയുടെ മേഗൻ റപീനോ ആണ് ആ താരം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വനിതാ ഫുട്ബോളിൽ അമേരിക്കൻ ആധിപത്യം ആണ്. ഈ ആധിപത്യത്തിന്റെ പ്രധാന കരണക്കാരികളിൽ ഒരാള് മേഗൻ. അമേരിക്കയുടെ നിലവിലെ ക്യാപ്റ്റൻ ആയ അലക്സ് മോർഗനും മേഗൻ റപീനോയും തമ്മിലുള്ള കൂട്ടുകെട്ട് അവരെ വൻ ശക്തിയാക്കി മാറ്റിയിരിക്കുകയാണ്. 2015 ലും അമേരിക്ക ആണ് കിരീടം കൊണ്ടുപോയത്. 2011 ൽ അവർ രണ്ടാം സ്ഥാനക്കാരാകുകയും ചെയ്തിരുന്നു. മെഗാന്റെ പ്രകടനമാണ് 2012 ലണ്ടൻ ഒളിംപിക്സിൽ അമേരിക്ക സ്വർണം നേടാനുള്ള പ്രധാന കാരണം. പുരുഷ വനിതാ വിത്യാസമില്ലാതെ ഒളിംപിക്സിൽ കോർണർ കിക്ക്‌ നേരിട്ട് ഗോൾ ആക്കിയ ഏക താരം കൂടി ആണ് മേഗൻ. ഈ ലോക കപ്പിൽ അമേരിക്കക്ക് വേണ്ടി 7 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്.

കളിക്കളത്തിലെ മികവ് കൊണ്ട് മാത്രമല്ല മേഗൻ ശ്രദ്ധ നേടിയത്. ശക്തമായ രാഷ്ട്രീയ നിലപാടുള്ള ഒരു വ്യക്തിയും കൂടി ആണ് അവൾ. കറുത്ത വംശജർ പോലീസ് വെടിവെപ്പിൽ മരിക്കുന്നത് സാധരണ സംഭവമായപ്പോൾ ദേശീയ ഗാനം പാടുമ്പോൾ മുട്ടുകുത്തി പ്രധിഷേധിക്കുന്നത് അമേരിക്കയിൽ തരംഗം ആയിരുന്നു. ആ പ്രധിഷേധത്തിൽ പങ്കു ചേർന്ന ഒരു വ്യക്തിയുമാണ് മേഗൻ. എന്നാൽ യാഥാസ്ഥിക വെള്ളക്കാരുടെ പ്രിയപ്പെട്ടവനായ പ്രസിഡന്റ് ട്രംപ് ഈ പ്രധിഷേധത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആയതിനാൽ ലോക കപ്പ് വിജയിക്കുക ആണെങ്കിൽ വൈറ്റ് ഹൗസിൽ നടക്കുന്ന സ്വീകരണ പരിപാടി ബഹിഷ്ക്കരിക്കും എന്ന് മേഗൻ നിലപാട് എടുത്തിരുന്നു. “കപ്പ് അടിച്ചിട്ടാകാം അഭിപ്രായം” എന്ന് ട്രംപ് ഇതിനു മറുപടിയും നൽകി. എന്നാൽ മേഗനും കൂട്ടരും കിരീടം ഉയർത്തി പ്രെസിഡന്റിനെ കൊണ്ട് പ്രശംസ പറയിപ്പിക്കുന്നതും ഇന്ന് ചരിത്രം.

സ്ത്രീകൾക്ക് തുല്യ വേദനം എന്ന ആവശ്യം ഉയർത്തി പിടിക്കുന്ന ഒരു വ്യക്തി കൂടി ആണ് 34 വയസ്സുള്ള ഈ കായിക താരം. അത് ഫുട്ബോളിൽ വേണം എന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്ഫന്റിനോയോട് സമാപന ചടങ്ങിൽ നേരിട്ട് അവതരിപ്പിക്കുക ഉണ്ടായി. മെഗാന്റെ പ്രവർത്തനം യുനെസ്കോയും ഈ വിഷയം ഏറ്റടുക്കാനും ഇടയായി.

സ്വയം സ്വവർഗാനുരാഗിയായ അവർ ലിംഗ ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു എതിരെ ശക്തിയായി ശബ്ദം ഉയർത്തുന്നതും കാണാൻ സാധിക്കും. ബാസ്കറ്റ് ബോൾ താരമായ സ്യു ബേർഡ് ആണ് മെഗാന്റെ കാമുകി.

മേഗൻ റപീനോ എന്ന ഒറ്റ താരം കാരണം വനിതാ ലോക കപ്പിൽ ഇത്തവണ പ്രേക്ഷകരുടെ എന്നതിൽ വൻ വർധനയുണ്ടായി എന്ന് സി.ൻ ൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ട്രംപുമായി നടന്ന വാക്കേറ്റത്തിന് ശേഷമായിരുന്നു ഇത്. ഏതായാലും മേഗൻ കാരണം വനിതാ ഫുട്ബോളിനെ ഏവരും ശ്രദ്ധിക്കാൻ തുടങ്ങി. അത് നല്ല കാരണങ്ങൾ കൊണ്ടാണ് എന്നുള്ളത് അവരുടെ മഹത്വം വർധിപ്പിക്കുന്നു. ഈ ലോക കപ്പ് കഴിഞ്ഞതോടെ വനിത ഫുട്ബോളിന് പാശ്ചാത്യ ലോകത്തു വളരെ ഉയർന്ന സാധ്യത ആണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. അതിൽ മേഗൻ റപീനോയുടെ പങ്കു വളരെ വലുതായിരിക്കും എന്ന് ഇപ്പളെ പ്രവചിക്കാനാകും.

Leave a comment