Editorial Foot Ball

ഒരു രക്തസാക്ഷിയുടെ ആത്മകഥ

July 2, 2019

author:

ഒരു രക്തസാക്ഷിയുടെ ആത്മകഥ

കുട്ടിക്കാലത്ത അച്ഛൻ വാങ്ങിത്തന്ന ഫുട്ബോളിൽ ആദ്യമായി കാൽ തൊട്ടപ്പോളുണ്ടായ അനുഭൂതി ആരെയും പറഞ്ഞറിയിക്കാൻ സാധിച്ചിരുന്നില്ല. ഉറങ്ങുമ്പോൾ പോലും ഞാനാ പന്തിനെ താഴെവെക്കാൻ മടിച്ചു. രാത്രിയിൽ ആദ്യമായായിരിക്കണം ഞാൻ അമ്മയുടെ കരവലയത്തിൽ നിന്നും പുറത്തു കടന്നത്. ഏറെക്കാലത്തെ സ്വപ്നത്തിനുശേഷം സ്വന്തമാക്കിയ എനിക്കേറ്റവും പ്രിയപ്പെട്ട കാൽപന്തിനെ മാറോടണച്ചു ഞാൻ ഉറങ്ങി. എന്റെ ഇഷ്ടവിനോദത്തിൽ ലോകം കീഴടക്കുന്ന ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ട്. പക്ഷെ വർഷങ്ങൾക്കിപ്പുറം ഇഷ്ടതോഴനായ ആ പന്ത് എനിക്ക് സമ്മാനിച്ചത് മരണത്തിന്റെ തണുപ്പാണ്. കരഘോഷങ്ങൾകു പകരം എനിക്കുവേണ്ടി ഉയർന്നത് ലോകത്തിന്റെ വിതുമ്പലുകളാണ്.

എന്റെ പേര് “ആന്ദ്രേ എസ്കോബാർ സാൽദരിയാഗ”… ഒരു കണ്ണുനീർതുള്ളിയുടെ അകമ്പടിയോടെയല്ലാതെ എന്നെ ഓർക്കുവാൻ നിങ്ങൾക്കാവുമോ..?. ലോകകപ്പിന്റെ രക്തസാക്ഷിയായി ഓര്മിക്കപ്പെടുമ്പോൾ എന്നെ കൊന്നുതള്ളിയവരോട് ഒന്നുമാത്രമേ എനിക്കു ചോദിക്കാനുള്ളൂ. എന്തിനായായിരുന്നു നിങ്ങളെന്നെ ഇല്ലാതാക്കിയത്..?. നികത്താനാകാത്ത ഏതു പാപമാണ് എന്റെ രക്തത്താൽ പരിഹരിക്കപ്പെട്ടത്?. കാലം കടന്നുപോകവേ ഓർമകളിൽ നിന്നും മറഞ്ഞുപോകുമായിരുന്ന ഒരു തെറ്റിന് നിങ്ങൾ നൽകിയ ശിക്ഷ മനോഹരമായ കാല്പന്തുകളിക്കു തന്നെ തീരാകളങ്കമായില്ലേ.. ?

കാല്പന്തുകളിയെ നെഞ്ചോടുചേർക്കുമ്പോഴും എന്റെ മാതൃകാപുരുഷൻ അച്ഛനായിരുന്നു. ഒരുപക്ഷെ ഒരു പ്രതിരോധഭടനാകാൻ എന്നെ പ്രേരിപ്പിച്ചതുപോലും അദ്ദേഹത്തിന്റെ ജീവിതമായിരിക്കാം. തുച്ഛമായ വരുമാനത്തിലും എന്റെ കുടുംബത്തെ സംരക്ഷിച്ചു നിർത്തിയിരുന്ന അദ്ദേഹത്തിൽ നിന്നുമാണ് ഞാനും പ്രേരണയുൾക്കൊണ്ടത്. ഒരു നല്ല പ്രതിരോധഭടനിൽ എന്തൊക്കെ ഗുണങ്ങളുണ്ടാകണമെന്നു സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പിതാവ്‌ തന്നെയാണ് എന്റെ ആദ്യ പരിശീലകൻ.

അത്ലറ്റികോ ക്ലബിന്വേണ്ടി അരങ്ങേറ്റം കുറിച്ച നാൾമുതൽ ഞാൻ അറിയപ്പെട്ടിരുന്നത് “ജെന്റിൽമാൻ” എന്നായിരുന്നു. ഒരു ഡിഫെൻസ് പ്ലയെർക്കു കളിക്കളത്തിൽ ആ പേര് സമ്പാദിക്കുക എത്ര ദുഷ്കരമാണെന്നു നിങ്ങൾക്കറിയാമോ.?. മെഡലിൻ എന്ന ചെറുപട്ടണത്തിൽ നിന്നും എന്നെ കൊളംബിയൻ ദേശീയടീമിലെ സ്ഥിരാംഗമാക്കിയതും കളിക്കളത്തിലെ പ്രകടനം തന്നെയാണ്. എന്റെ രാജ്യത്തിന്റെ മഞ്ഞക്കുപ്പായത്തിലും ആ പേരു നിലനിർത്താനായെന്ന ഗർവോടെ തന്നെയാണ് ഞാൻ മടങ്ങിയത്.

എനിക്കു നേരെ വെടിയുതിർത്തവരോട് ഒരപേക്ഷയുണ്ട്. ആ സെൽഫ് ഗോൾ മൂലം അന്ധമായിപോയ നിങ്ങളുടെ കണ്ണുകൾ എന്റെ അൻപതു മത്സരങ്ങൾ നീണ്ട കൊളംബിയൻ കരിയറിന് നേരെ ഒരിക്കലെങ്കിലും തുറക്കൂ. എന്റെ മാതൃരാജ്യത്തിനു വേണ്ടി ഏറ്റവും വിശ്വസ്തനായ ഒരു കാവല്ഭടനായിരുന്നില്ലേ ഞാൻ ?. ഞാൻ സെൽഫ് ഗോളടിച്ച അതെ അമേരിക്കൻ ടീമിനെതിരെ 1988 റോയ്സ് കപ്പിൽ നമ്മുടെ ടീമിന്റെ മാനം കാത്ത സമനിലഗോൾ എന്റെ സംഭാവനയായിരുന്നു എന്നു വായിക്കുമ്പോൾ നിങ്ങൾക്കു പശ്ചാത്തപിക്കാൻ തോന്നുന്നുവോ.?. എങ്കിലും പറയാം സുഹൃത്തുക്കളെ ആ സെൽഫ് ഗോൾ മനഃപൂര്വമായിരുന്നില്ല. ആന്ദ്രേക്ക് ഒരിക്കലും കൊളംബിയയെ വഞ്ചിക്കാനാകില്ല..

ക്ഷമിക്കണം സുഹൃത്തുക്കളെ, എന്റെ തെറ്റു മൂലം ലക്ഷങ്ങൾ നഷ്ടപ്പെട്ട നിങ്ങൾക്കു തിരികെ നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല. പക്ഷെ നിങ്ങൾ അതിനു പകരമായി എന്നിൽ നിന്നും എന്തെല്ലാമാണ് കവർന്നെടുത്തത് ?. ഒരു ശരാശരി കുടുംബത്തിന്റെ മുന്നോട്ടുള്ള വഴിയിലെ പ്രതീക്ഷാനാളമായിരുന്നു ഈ ആന്ദ്രേ. എന്റെ പിതാവിന്റെ, സഹോദരങ്ങളുടെ കണ്ണുനീരിൽ ഞാൻ ചെയ്‌ത പാപം കഴുകപ്പെടട്ടെ. അഞ്ചു വർഷമായി എനിക്കുവേണ്ടി കാത്തിരുന്ന പ്രണയിനിയുടെ കഴുത്തിൽ വിശ്വാസത്തിന്റെ മിന്നണിയിക്കാൻ നിങ്ങൾക്ക് എന്നെ അനുവദിക്കാമായിരുന്നില്ലേ?. വെറും അഞ്ചു മാസങ്ങൾക്കപ്പുറത്തു നടക്കാനിരുന്ന ഞങ്ങളുടെ വിവാഹത്തെപ്പറ്റി എന്റെ “പമേല” എന്തുമാത്രം സ്വപ്‌നങ്ങൾ കണ്ടിരിക്കാം. എല്ലാത്തിലുമുപരി എന്നിലേക്കു പായിച്ച ഓരോ വെടിയുണ്ടക്കും അകമ്പടിയായി വന്ന ഗോൾ..ഗോൾ എന്ന നിങ്ങളുടെ അലർച്ച എന്നിലെ ഫുട്ബോളറെ എന്തുമാത്രം വേദനിപ്പിച്ചെന്നറിയാമോ ?.

മയക്കുമരുന്നു മാഫിയയുടെ പകയുടെ ഇര എന്നതിനേക്കാൾ ഞാൻ പ്രണയിച്ച കാൽപന്തുകളിയുടെ രക്തസാക്ഷി എന്നറിയപ്പെടാനാണ് എനിക്കിഷ്ടം. അതുകൊണ്ട് തന്നെയാണ് ഇന്നും എസ്കോബാർ ഫൗണ്ടേഷന്റെ കീഴിൽ നൂറുകണക്കിന് കുരുന്നുകളെ എന്റെ പിതാവ് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. അവരിലൂടെ, നാലുവര്ഷത്തിൽ ഒരിക്കൽ നടക്കുന്ന ലോകഫുട്ബോൾ മാമാങ്കത്തിലൂടെ ആന്ദ്രേ എസ്കോബാർ എന്നെന്നും ഓർമ്മിക്കപ്പെടും.

കാലങ്ങൾക്കിപ്പുറം അനശ്വരതയുടെ ഈ ലോകത്തുവച്ചു നാം വീണ്ടും കണ്ടുമുട്ടിയേക്കാം. അപ്പോൾ നിറഞ്ഞ ചിരിയോടെ നിങ്ങളോടു ഒന്നുമാത്രം ഈ ആന്ദ്രേ പറയാനാഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്നെ കൊല്ലാനായിട്ടില്ല സുഹൃത്തുക്കളെ. കാല്പന്തുകളിയെ സ്നേഹിക്കുന്ന കോടിക്കണക്കിനു ഹൃദയങ്ങളിൽ ഞാനിന്നും ജീവിക്കുന്നു. കണ്ണുനീരിന്റെ നനവോടെ, ഒരു പിഴവിന്റെ നിണമണിഞ്ഞ ഓർമയായി..

എന്ന്
ആന്ദ്രേ എസ്കോബാർ (കാൽപന്തുകളിയുടെ രക്തസാക്ഷി)

Leave a comment