Cricket cricket worldcup Top News

വാർണർ തിളങ്ങി, ഓസീസിന് മിന്നും ജയം

June 12, 2019

author:

വാർണർ തിളങ്ങി, ഓസീസിന് മിന്നും ജയം

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്താനെ 42 റൺസിനു പരാജയപ്പെടുത്തി. തുടക്കത്തിൽ ബൗളിങ്ങിനെ പിന്തുണയ്ക്കുമെന്നു കരുതിയ പിച്ചിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്നു നൽകിയത്. വാർണറിന്റെ സെഞ്ചുറിയുടെയും (107) ഫിഞ്ചിന്റെ അർദ്ധസെഞ്ചുറിയുടെയും (82) പിൻബലത്തിൽ കൂറ്റൻ സ്കോറിലേക്കു കുതിക്കുകയായിരുന്ന ഓസീസിനെ പക്ഷേ അവസാന ഓവറുകളിൽ പാകിസ്ഥാൻ ബൗളർമാർ പിടിച്ചുകെട്ടി. 33 ഓവറുകളിൽ രണ്ടു വിക്കറ്റുകൾക്ക് 223 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസ് 49 ഓവറുകളിൽ 307 റൺസിന് ഓൾ ഔട്ട്‌ ആവുകയായിരുന്നു. പത്ത ഓവറിൽ വെറും മുപ്പതു റണ്ണുകൾ മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസ് ബൗളർ മുഹമ്മദ്‌ ആമിർ ആണ് ഓസീസ് മധ്യനിരയെ തകർത്തത്. വാർണർ ആണ് ഓസീസ് നിരയിൽ ടോപ് സ്‌കോറർ.

ഓവറിൽ ആറിനു മുകളിൽ ശരാശരിയുടെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് ഓപ്പണർ ഫഖർ സമാനെ തുടക്കത്തിലേ നഷ്ടമായി. മികച്ച തുടക്കം ലഭിച്ചെങ്കിലും സ്റ്റാർ ബാറ്റ്സ്മാൻ ബാബർ ആസമിനെയും വേഗത്തിൽ നഷ്ടമായ പാകിസ്ഥാന് ഓപ്പണർ ഇമാം ഉൾ ഹഖും മുഹമ്മദ്‌ ഹഫീസും ചേർന്ന നാലാം വിക്കെറ്റ് കൂട്ടുകെട്ടാണ് പ്രതീക്ഷകൾ നൽകിയത്.
53 റണ്ണുകൾ നേടിയ ഇമാം പുറത്തായതിനു ശേഷം മധ്യനിരയിൽ നിന്നും കാര്യമായ സംഭാവനകൾ ഉണ്ടാകാതിരുന്നതോടെ ഓസീസ് കളിയിൽ മേൽക്കോയ്മ നേടുകയായിരുന്നു. അവസാന ഓവറുകളിൽ വഹാബ് റിയാസ്, ഹസൻ അലി എന്നിവരെ കൂട്ടുപിടിച്ചു സർഫ്രാസ് തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും 45.4 ഓവറിൽ 266 റൺസിന് പാക് ഇന്നിംഗ്സ് അവസാനിച്ചു. ഇമാമാണ് പാക് നിരയിൽ ടോപ് സ്‌കോറർ. ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് മൂന്നും റിച്ചാർഡ്സൺ മിച്ചൽ സ്റ്റാർക് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. ഡേവിഡ് വാർണർ ആണ് കളിയിലെ കേമൻ.

Leave a comment

Your email address will not be published. Required fields are marked *