ലോകകപ്പ് 2019, വിജയത്തുടക്കത്തോടെ കങ്കാരുപ്പട
2019 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു വിജയത്തുടക്കം. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റുകൾക്കാണ് കങ്കാരുപ്പട കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 38.2 ഓവറിൽ 207 റണ്ണുകൾക്ക് എല്ലാവരും പുറത്തായി. അഫ്ഗാനിസ്ഥാനു വേണ്ടി യഥാക്രമം അൻപത്തിയൊന്നും നാല്പത്തിമൂന്നും റണ്ണുകൾ നേടിയ നജീബുള്ള സാദ്രാനും റഹ്മത്ത് ഷായും ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ ഓസ്ട്രേലിയക്കുവേണ്ടി പാറ്റ് കമ്മിൻസും ആദം സാമ്പയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. എട്ടു വിക്കറ്റുകൾക്കു 166 റൺസ് എന്ന നിലയിൽ പരുങ്ങിയ അഫ്ഗാൻ ടോട്ടൽ വാലറ്റത്തു റാഷിദ് ഖാൻ നടത്തിയ കൂറ്റനടികളുടെ സഹായത്തോടെയാണ് ഇരുന്നൂറു കടന്നത്. വെറും പതിനൊന്നു പന്തുകൾ നേരിട്ട റാഷിദ് മൂന്നു സിക്സുകളടക്കം 27 റണ്ണുകൾ നേടി പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 34.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 209 റണ്ണുകൾ നേടി ലക്ഷ്യം കടന്നു. 49 പന്തുകളിൽ നിന്നും 66 റൺസെടുത്ത ഓപ്പണർ ആരോൺ ഫിഞ്ചിന്റെ ബാറ്റിങ് മികവിൽ മികച്ച തുടക്കം ലഭിച്ചതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഫിഞ്ചിനെയും ഉസ്മാൻ ഖ്വാജയേയും സ്റ്റീവ് സ്മിത്തിനെയും നഷ്ടമായെങ്കിലും ഒരറ്റത്തു പിടിച്ചു നിന്ന ഡേവിഡ് വാർണർ ഓസീസിന്റെ വിജയം ഉറപ്പാക്കി. 89 റണ്ണുകൾ നേടി പുറത്താകാതെ നിന്ന വാർണർ തന്നെയാണ് ടോപ് സ്കോററും കളിയിലെ കേമനും. അഫ്ഗാനുവേണ്ടി മുജീബ് റഹ്മാൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.