Editorial Foot Ball Top News

വിൻസെന്റ് കൊംപാനി – സിറ്റിയുടെ ആദ്യ ഇതിഹാസം

May 30, 2019

author:

വിൻസെന്റ് കൊംപാനി – സിറ്റിയുടെ ആദ്യ ഇതിഹാസം

2018-19 ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ മുപ്പത്തിയേഴാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ ലെസ്റ്റർ സിറ്റിയെ നേരിടുകയാണ്. മത്സരം ഗോൾരഹിതമായി എഴുപതാം മിനുറ്റിലേക്കു കടന്നിരിക്കുന്നു ഒരു റൗണ്ട് മത്സരം മാത്രം ബാക്കി നിൽക്കെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ വെറും ഒരു പോയൻറ് മാത്രം മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കു വിജയത്തിൽ കുറഞ്ഞതൊന്നിനെയും പറ്റി ചിന്തിക്കാനാകില്ലായിരുന്നു. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ലിവർപൂൾ രണ്ടു പോയന്റുകൾക്കു മുന്നിലെത്തും, കപ്പിനും ചുണ്ടിനുമിടയിൽ തങ്ങൾക്കു പ്രീമിയർ ലീഗ് കിരീടം നഷ്ടമാകും.

എഴുപതാം മിനുട്ടിലാണതു സംഭവിച്ചത്, ഇരുപത്തഞ്ചു വാര അകലെനിന്നും ഒരു മാഞ്ചസ്റ്റർ സിറ്റി ഡിഫെൻഡർ തൊടുത്ത ഷോട്ട് ലെസ്റ്റർ ഗോൾപോസ്റ്റിന്റെ വലതു മൂലയെ തുളച്ചു കയറി. എത്തിഹാദ് സ്റ്റേഡിയം പൊട്ടിത്തെറിച്ചു, ഗാലറികൾ ഒന്നടങ്കം ആർത്തു വിളിച്ചു, “Kompany, we believe in you captain!!”.

വളരെ നിർണായകമായൊരു നിമിഷത്തിൽ നിർണായകമായൊരു ഗോൾ, തീർച്ചയായും മറ്റൊരു പ്രീമിയർ ലീഗ് കിരീടത്തിലേക്കു മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ നിന്നു നയിക്കുകയായിരുന്നു മുപ്പത്തിമൂന്നുകാരനായ ആ ബെൽജിയൻ ഡിഫൻഡർ. ഈ സീസണിൽ സിറ്റിക്കുവേണ്ടി കൊംപാനി നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു അത്.

ബെൽജിയൻ ക്ലബായ ആൻഡർലെഷ്ടിനു വേണ്ടി സീനിയർ കരിയർ ആരംഭിച്ച കൊംപാനി പിനീട് ബുണ്ടസ്‌ലീഗ ക്ലബ്ബായ ഹാംബർഗർ എഫ് സി വഴിയാണ് 2008ൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധനിരയിലെത്തിയത്. ആദ്യ സീസണിൽത്തന്നെ മികച്ച പ്രകടനത്തോടെ ടീമിൽ സ്ഥാനമുറപ്പിച്ച കൊംപാനി 2011 പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു
തൊട്ടടുത്ത സീസണിൽത്തന്നെ ടീം നായകന്റെ ആം ബാൻഡും ഈ ബെൽജിയൻ താരത്തിന്റെ കൈകളിൽ വന്നുചേർന്നു. 2011-12 ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ ഗോൾ വ്യത്യാസത്തിൽ മാത്രം രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കൊംപാനി നേടിയ ഹെഡർ ഗോൾ ആ വർഷത്തെ പ്രീമിയർ ലീഗ് കിരീടം സിറ്റിക്കു ലഭിച്ചതിൽ നിർണായക പങ്കു വഹിച്ചു. പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം സിറ്റിയുടെ ആദ്യ കിരീടം കൂടിയായിരുന്നു അത്. ആ വർഷവും മികച്ച പ്രീമിയർ ലീഗ് താരങ്ങളുടെ ഇലവനിൽ കമ്പനി സ്ഥാനം പിടിച്ചു. 2013 -14 സീസണിൽ സിറ്റി പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിച്ചപ്പോഴും നായകസ്ഥാനത്തു കൊംപാനി തന്നെയായിരുന്നു. തന്റെ ഉയരം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കരുത്ത്. സിറ്റിക്കായി അദ്ദേഹം നേടിയ 18 ഗോളുകളിൽ പത്തും ഹെഡറുകളിലൂടെയായിരുന്നുവെന്നത് ഈ വസ്തുതയെ സാധൂകരിക്കുന്നു.

പിന്നീടിങ്ങോട്ടു കൊംപാനിയെ പരിക്കുകൾ വേട്ടയാടുന്ന കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷിയായത്. പരിക്കുമൂലം 2016 യൂറോ കപ്പിനുള്ള ബെൽജിയൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന കൊംപാനിക്ക് പിന്നീട് ഒരു സീസണിലും എല്ലാ കളികളിലും സിറ്റി കുപ്പായമണിയാൻ സാധിച്ചില്ല. 2017-18 സീസണിൽ വെറും 17 കളികളിൽ മാത്രമാണ് അദ്ദേഹത്തിനു കളത്തിലിറങ്ങാൻ സാധിച്ചത്. എങ്കിലും പരിക്കു ഭേദമായപ്പോഴൊക്കെ അയാൾ ഇലവനിൽ സ്ഥാനം പിടിച്ചത് പെപ്പിന്റെ കണക്കുകൂട്ടലുകളിൽ എത്രയധികം പ്രാധാന്യമുള്ള കളിക്കാരനാണ് കൊംപാനി എന്നതിന്റെ തെളിവാണ്. നൂറു പോയിന്റ് തികച്ചു സിറ്റി ആ സീസണിൽ കപ്പുയർത്തി. ഈ വർഷം വീണ്ടും കിരീടമുയർത്തിയതോടെ സിറ്റിയുടെ നാലു പ്രീമിയർ ലീഗ് കിരീടവിജയങ്ങളിലും ഭാഗമായെന്ന ചാരിതാർഥ്യത്തോടെ അദ്ദേഹം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബാൾ സീസണിലെ സാധ്യമായ നാലു കിരീടങ്ങളും നൽകിയാണ് സിറ്റി അവരുടെ പ്രിയപ്പെട്ട വൻമതിലിനു യാത്രാമൊഴി ചൊല്ലുന്നത്.

ബെൽജിയൻ ടീമിന്റെ നിർണായക ഘടകമായിരുന്നു എക്കാലത്തും കൊംപാനി. ഏദൻ ഹസാഡ്, ലുകാകു, ഡിബ്രൂയെൻ മുതലായ ലോകോത്തര താരങ്ങളടങ്ങുന്ന ബെൽജിയൻ സുവർണ കാലഘട്ടത്തെ നയിക്കാൻ സാധിച്ചതാണ് തന്റെ എക്കാലത്തെയും മികച്ച നേട്ടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എങ്കിലും 2018ൽ തന്റെ സുവർണടീമിനു കൈയെത്തും ദൂരത്തിൽ നഷ്ടമായ ആ ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ എന്നെങ്കിലുമൊരിക്കൽ തന്റെ നാടിനു സാധിക്കുമെന്നയാൾ ഉറച്ചു വിശ്വസിക്കുന്നുണ്ടാകാം. ഒരുപക്ഷെ ആ നിമിഷം തങ്ങൾക്കു സമ്മാനിക്കാൻ കരുത്തുള്ളൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ കൂടിയാകാം അദ്ദേഹം തന്റെ ആദ്യ ക്ലബ്ബായ ആൻഡർലെഷ്ടിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചത്. മറ്റൊരു ബെൽജിയൻ സുവർണതലമുറയെന്ന് അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാകുമോ?, വരും കാലം ഈ ചോദ്യത്തിനു മറുപടി നൽകട്ടെ.

Leave a comment