Cricket legends

പട്ടേലിന്റെ സ്വന്തം ടെസ്റ്റ്‌

May 25, 2019

author:

പട്ടേലിന്റെ സ്വന്തം ടെസ്റ്റ്‌

പ്രശസ്തമായ കൽക്കട്ട ടെസ്റ്റ്‌ ഓർമയില്ലേ?. ലോകക്രിക്കറ്റിൽ അജയ്യരായി മുന്നേറിയ ഓസ്ട്രേലിയൻ യാഗാശ്വത്തെ ഇന്ത്യ പിടിച്ചുനിർത്തിയ അതേ ടെസ്റ്റ്‌ തന്നെ. വിജയങ്ങളുടെ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി എത്തിയ ഓസ്‌ട്രേലിയ ആദ്യ മത്സരം വിജയിച്ചെങ്കിലും കൊൽക്കൊത്തയിലെ രണ്ടാം ടെസ്റ്റിൽ ലക്ഷ്മണും ദ്രാവിഡും ചേർന്ന അവരെ നിലംപരിശാക്കി. ഒരു പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഓര്മിക്കപ്പെടുന്ന ടെസ്റ്റ്‌ മത്സരത്തിനായിരിക്കാം അന്നു കൊൽക്കൊത്തയിലെ ഈഡൻ ഗാർഡൻ മൈതാനം സാക്ഷ്യം വഹിച്ചത്.

1959 ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം. ടെസ്റ്റ്‌ ക്രിക്കറ്റിലെ വൻ ശക്തികളായ ഓസ്ട്രേലിയ ഒരു അശ്വമേധത്തിനു കോപ്പുകൂട്ടുകയായിരുന്നു. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ഒരു ചെറിയ പോരാട്ടത്തിനുപോലും അനുവദിക്കാതെ നിർദയം കശാപ്പുചെയ്ത ശേഷം ഇന്ത്യയിലേക്കു വന്ന കങ്കാരുക്കൾക്കെതിരെ ഒരു ചെറുത്തുനിൽപുപോലും ആരും ഇന്ത്യൻ ടീമിൽ നിന്നും പ്രതീക്ഷിച്ചിരിക്കില്ല. ആദ്യ മത്സരം ഇന്ത്യ ഇന്നിങ്സിനു തോറ്റതോടെ മറ്റൊരു ഓസ്ട്രേലിയൻ ആധിപത്യത്തിനാണ് കളമൊരുങ്ങുന്നതെന്ന് എല്ലാവരും പ്രവചിച്ചു. ആ കലണ്ടർ വർഷത്തെ തങ്ങളുടെ ആറാം ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം ഈ വാദത്തിനു കൂടുതൽ ശക്തിയേകി.

കാൺപൂരിൽ നടക്കാനിരുന്ന രണ്ടാം ടെസ്റ്റിന് മുന്നേ ചീഫ് സെലക്ടർ ലാലാ അമർനാഥ് ടീമിൽ ചെറിയൊരു മാറ്റം വരുത്തി. മുപ്പത്തഞ്ചു വയസ്സുള്ള, വെറും മൂന്നു ടെസ്റ്റുകൾ മാത്രം മുൻ പരിചയം കൈമുതലായുള്ളൊരു സ്പിൻ ബൗളറെ ടീമിൽ ഉൾപെടുത്തുമ്പോൾ പുതുതായി നിർമിച്ച പിച്ചിൽ ആ സ്പിന്നർ അദ്‌ഭുതം കാണിക്കുമെന്ന് ഒരിക്കലും അമർനാഥ് കരുതിയിരിക്കില്ല. പക്ഷേ അതൊരു തീരുമാനമായിരുന്നു, പിന്നീട് ചരിത്രമായി മാറിയ ഒരു തീരുമാനം. ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ആ മത്സരത്തിനു സ്വന്തം പേരു നൽകിയാണ് “ജാസുബൈ പട്ടേൽ” എന്ന ആ സ്പിന്നർ മൈതാനം വിട്ടത്.

മത്സരത്തിന്റെ ആദ്യദിനം ഏറെക്കുറെ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു. ഓസീസ് ബൗളിങ്ങിന്റെ പരിചയസമ്പത്തിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ഇന്നിംഗ്സ് വെറും152 റൺസുകളിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കെറ്റ് നഷ്ടത്തിൽ 128 എന്ന ശക്തമായ നിലയിലായിരുന്നു. ആദ്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെയും പട്ടേലിനു മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ലഞ്ചിനു ശേഷം പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞു. തന്റെ ആദ്യപന്തിൽ തന്നെ ഓപ്പണർ മക്ഡൊണാൾഡിന്റെ കുറ്റി തെറിപ്പിച്ച പട്ടേൽ ഇന്ത്യയെ മൽസരത്തിലേക്കു തിരികെ കൊണ്ടുവന്നു. ഓഫ് സ്റ്റമ്പിന് വെളിയിലെ ദുർബലമേഖല നന്നായി ഉപയോഗിച്ച പട്ടേലിന്റെ പന്തുകൾ കളിക്കാനാകാതെ ഓസീസ് ബാറ്റ്സ്മാൻമാർ അടിയറവു പറഞ്ഞു. 219 റൺസിൽ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ വെറും 69 റൺസുകൾ മാത്രം വിട്ടുകൊടുത്തു ഒൻപതു വിക്കറ്റുകളാണ് ജാസുബൈ പട്ടേൽ എന്ന ഓഫ് സ്പിന്നർ വീഴ്ത്തിയത്. ചന്ദു ബോർദേയുടെ പന്തിൽ പുറത്തായ നോർമൻ ഒ നീൽ അതിനു മുന്നേ നൽകിയ ക്യാച്ച് ബാപ്പു നട്കർണി പാഴാക്കിയില്ലായിരുന്നുവെങ്കിൽ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റുകളും നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടം കരസ്ഥമാക്കുവാൻ പട്ടേലിനു സാധിക്കുമായിരുന്നു. രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. നാലാം ദിവസം ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യൻ ഇന്നിംഗ്സ് 291റൺസുകളിൽ
അവസാനിച്ചു.

ഒന്നര ദിവസം ബാക്കിനിൽക്കെ 225 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസ് ബാറ്സ്മാന്മാരെ പട്ടേൽ വീണ്ടും കറക്കി വീഴ്ത്താൻ തുടങ്ങി. നാലാം ദിവസം അവസാനിക്കുമ്പോൾ 64 റണ്ണുകൾ നേടുന്നതിനിടെ നാല് ഓസ്ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയ പട്ടേലും ഉമ്രിഗറും ചേർന്നു രണ്ടാമിന്നിങ്സിൽ അവരുടെ നടുവൊടിച്ചു. അവസാന ദിനം വെറും105 റണ്ണുകൾക്ക് കങ്കാരുക്കളുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടത്തിനുകൂടി പട്ടേൽ അവകാശിയായി. മത്സരം ഇന്ത്യ 119 റണ്ണുകൾക്കു വിജയിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്‌ വിജയമായി കാൺപൂർ ടെസ്റ്റ്‌ മാറി. മത്സരത്തിൽ 124 റണ്ണുകൾ വഴങ്ങി 14 വിക്കറ്റുകൾ വീഴ്ത്തി തന്റെ ഒറ്റയാൾ പ്രകടനം കൊണ്ട് കരുത്തരായ ഓസീസ് പടയെ വീഴ്ത്തിയ പട്ടേലിന്റെ പ്രകടനത്തോടെ “Patel’s Test” എന്നാണ് കാൺപൂർ ടെസ്റ്റ്‌ അറിയപ്പെടുന്നത്.

ഗുജറാത്തിൽ ജനിച്ച ജാസുബൈ പട്ടേലിനു പത്തു വയസ്സുള്ളപ്പോൾ നടന്ന ഒരു അപകടമാണ് അവന്റെ ജീവിതത്തിൽ വഴിത്തിരിവായത്. വീഴ്ചയിൽ കൈക്കു സാരമായി പരിക്കേറ്റെങ്കിലും അസാധാരണമായ ഒരു ബൌളിംഗ് ആക്ഷൻ സ്വന്തമാക്കുവാൻ ഇതോടെ പട്ടേലിനു സാധിച്ചു. ഈ ആക്ഷൻ പലപ്പോഴും വിമർശനവിധേയമാകുകയും ചെയ്തു. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും വളരെ വൈകിയാണ് പട്ടേലിനു ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. അതുല്യ പ്രകടനം കൊണ്ട് ഒരു മത്സരത്തിൽ ശ്രദ്ധേയനായെങ്കിലും പിന്നീട് ആ മികവു തുടരാൻ പട്ടേലിനു കഴിഞ്ഞില്ല. വെറും മൂന്നു മത്സരങ്ങൾകൂടി കളിച്ച പട്ടേൽ പിന്നീടൊരിക്കലും ടീമിൽ തിരികെയെത്തിയില്ല. വെറും ഏഴു മത്സരങ്ങൾ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച അദ്ദേഹം 29 വിക്കറ്റുകൾ നേടി. കാൺപൂരിൽ അദ്ദേഹം നേടിയ 63 റണ്ണുകൾക്ക് ഒൻപതു വിക്കറ്റ് എന്ന പ്രകടനം1999ൽ അനിൽ കുംബ്ലെ തന്റെ പത്തു വിക്കറ്റ് പ്രകടനത്തോടെ മറികടക്കുന്നതുവരെ ഒരു ഇന്നിങ്സിൽ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനമായി നിലകൊണ്ടു. നീണ്ട നാൽപത് വര്ഷക്കാലമാണ് അദ്ദേഹത്തിന്റെ റെക്കോർഡ് തകരാതെ നിന്നത്!!. 1960ൽ വിജയ് ഹസാരെക്കൊപ്പം പദ്മശ്രീ ബഹുമതിയാൽ ആദരിക്കപ്പെട്ട ആദ്യ ക്രിക്കറ്റ്‌ താരവും പട്ടേൽ തന്നെ. 1992 ഡിസംബർ 12നു തന്റെ അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

ഒരുപക്ഷെ ഒരു നീണ്ട കരിയർ ലഭിച്ചിരുന്നുവെങ്കിൽ ജാസുബൈ പട്ടേൽ എന്ന ഗുജറാത്തുകാരൻ ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് അദ്‌ഭുതങ്ങൾ സൃഷ്ടിച്ചേനെ. എങ്കിലും “പട്ടേലിന്റെ ടെസ്റ്റ്‌” ഇന്ത്യൻ ക്രിക്കറ്റിലെ തിളക്കമാർന്ന ഒരേടാണ്, ഒപ്പം പട്ടേലും !!.

Leave a comment