Cricket cricket worldcup legends

Sr വിവ് റിച്ചാർഡ്‌സ് – ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ബാറ്റിംഗ് വിസ്ഫോടനം

May 17, 2019

author:

Sr വിവ് റിച്ചാർഡ്‌സ് – ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ബാറ്റിംഗ് വിസ്ഫോടനം

എന്താണ് സർ വിവ് റിച്ചാർഡ്സിനെ ക്രീസിൽ നിന്നും പുറത്താക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം?. എഴുപതുകളുടെ മധ്യത്തിൽ ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരെ അലട്ടിയിരുന്നൊരു ചോദ്യമായിരുന്നു അത്.

തികച്ചും ലളിതമായിരുന്നു അതിനുള്ള ഉത്തരം, അദ്ദേഹത്തെ നോൺ സ്ട്രൈക്ക് എൻഡിൽ എത്തിക്കുക !!. അതെ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഏകദിന ബാറ്സ്മാനായിരുന്നു വിവ് റിച്ചാർഡ്‌സ് എന്ന കരീബിയൻ താരം.

1952 മാർച്ച്‌ ഏഴിനു കരീബിയൻ ദ്വീപുകളിലെ ഇപ്പോൾ ആന്റിഗ്വ എന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌ ലീവാർഡ്
ദ്വീപുകളിലാണ് വിവ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിൽ അഭിരുചി കാട്ടിയ വിവ് വളരെ പെട്ടന്നുതന്നെ ക്ലബ്‌ ക്രിക്കറ്റിൽ കഴിവുകാട്ടാൻ തുടങ്ങി. 1972ൽ ഫസ്റ്റ് ക്ലാസിലും 74ൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച വിവ് 1975ലെ ആദ്യ ഏകദിന ലോകകപ്പിൽ തന്നെ കരീബീയൻ ദ്വീപുകൾക്കുവേണ്ടി തന്റെ ലോകകപ്പ് അരങ്ങേറ്റവും കുറിച്ചു.

തന്റെ ആദ്യ ലോകകപ്പിൽ ഫീൽഡിങ്ങിലെ വിദ്യുതസ്ഫുലിംഗമായാണ് വിവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധേയനാകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഫൈനലിൽ ചാപ്പൽ സഹോദരന്മാരടക്കം മൂന്നു മുൻനിര ബാറ്സ്മാന്മാരെ റണ്ണൗട്ടാക്കിയ വിവ് വിൻഡീസിന്റെ ആദ്യ വിശ്വവിജയത്തിൽ നിർണായക പങ്കു വഹിച്ചു. തൊട്ടടുത്ത വർഷം വെറും പതിനൊന്നു ടെസ്റ്റുകളിൽനിന്നും ഏഴു സെഞ്ചുറികളുടെ സഹായത്തോടെ ആയിരത്തിഎഴുന്നൂറിലേറെ റണ്ണുകൾ നേടി റെക്കോർഡിട്ടതോടെ വിവ് വിൻഡീസ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.

1979ൽ വീണ്ടും ഇംഗ്ലണ്ടിൽ വച്ചു നടന്ന ലോകകപ്പിന്റെ ഫൈനലിൽ വീണ്ടും വിവ് തന്റെ വിശ്വരൂപം പ്രദർശിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ 99 റൺസിന് നാലു വിക്കറ്റുകൾ എന്ന നിലയിൽ പരുങ്ങിയ വിൻഡീസിനെ വിവ് സെഞ്ചുറിയോടെ മുന്നിൽ നിന്നു നയിച്ചു. നിശ്ചിത 60 ഓവറുകളിൽ ഒൻപതു വിക്കറ്റിനു 286 റൺസ് നേടിയ ക്ലെയ്‌വ് ലോയ്ഡും സംഘവും ഇംഗ്ലണ്ട് നിരയെ 194 റണ്ണുകൾക്കു പുറത്താക്കി തുടർച്ചയായ രണ്ടാം ലോകകിരീടം ചൂടുമ്പോൾ ഫൈനലിൽ കളിയിലെ കേമനായി തിരഞ്ഞെടുത്തതും റിച്ചാർഡ്സിനെയായിരുന്നു.

താരതമ്യേന കൂടുതൽ ബൗൺസ് പ്രദാനം ചെയ്യുന്ന ഇംഗ്ലീഷ്, കരീബിയൻ വിക്കറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ ജന്മമെടുത്തിരുന്നത്.
വേഗമേറിയ പന്തുകളെ ഫ്രണ്ട് ഫൂട്ടിൽ നിന്നുകൊണ്ട് പുൾഷോട്ടുകളിലൂടെ അതിർത്തിവര കടത്തിയിരുന്ന വിവ് ലോകമെമ്പാടുമുള്ള ഫാസ്റ്റ് ബൗളർമാരുടെ പേടിസ്വപ്നമായി മാറി. ബാംഗ്ലൂരിൽ തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ തന്നെ ഒരിന്നിംഗ്‌സിൽ 194 റൺസുകൾ അടിച്ചുകൂട്ടിയ വിവ് സ്പിന്നിനെയും ഫലപ്രദമായി നേരിടാൻ തനിക്കാകുമെന്ന് തെളിയിച്ചു.

നിശ്ചിത ഓവർ ക്രിക്കറ്റിൽ ലോകത്തൊരു ബാറ്സ്മാനും ബൗളെർമാർക്കുമേൽ ഇത്രയധികം ആധിപത്യം സ്ഥാപിച്ചിട്ടുണ്ടാകില്ല. നൂറിലധികം സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്യുന്നതിനെപ്പറ്റി ബാറ്റസ്മാൻമാർ ചിന്തിച്ചിട്ടില്ലാത്ത കാലത്തു സ്ഥിരമായി ആ പ്രഹരശേഷി കൈവരിക്കാൻ വിവ് റിച്ചാർഡ്സിനു സാധിച്ചു. കറുത്ത ബ്രാഡ്മാൻ, മാസ്റ്റർ ബ്ലാസ്റ്റർ മുതലായ പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1984ൽ ഓൾഡ് ട്രാഫൊർഡിൽ ഇംഗ്ലണ്ടിനെതിരെ വെറും 171 പന്തുകളിൽ നിന്നും 184 റണ്ണുകൾ നേടിയ റിച്ചാർഡ്സിന്റെ ഇന്നിംഗ്‌സിനെ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് വിസ്ഡൻ അടയാളപെടുത്തിയത്.

അക്കാലത്തു വേഗതകൊണ്ടു ലോകം ഭരിച്ചിരുന്ന ഇംഗ്ലീഷ് ഓസീസ് ഫാസ്റ്റ് ബൗളർമാരുടെ പന്തുകളെ ലാഘവത്തോടെയാണ് വിവ് നേരിട്ടത്. ക്രീസിനു വെളിയിൽ വന്നു പുൾ ചെയ്തു നേടുന്ന ബൗണ്ടറികൾ അവരുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു സ്ലോ സ്റ്റാർട്ടർ ആയിരുന്നു വിവ്. ഇന്നിങ്സിന്റെ തുടക്കത്തിൽ ബാക്‌ഫുട്ടിൽ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തെ പുറത്താക്കാനുള്ള ഏക മാർഗവും അതായിരുന്നു.

റെക്കോര്ഡുകളുടെ കളിത്തോഴൻ കൂടിയായിരുന്നു ഈ കരീബീയൻ സൂപ്പർ താരം. ടീമിന്റെ നായകൻ കൂടിയായിരിക്കെ 1986ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ വെറും 56 പന്തുകളിൽ നേടിയ ടെസ്റ്റ്‌ സെഞ്ചുറിയായിരുന്നു അക്കാലത്തെ ഏറ്റവും വേഗതയേറിയ ടെസ്റ്റ്‌ സെഞ്ചുറി. നീണ്ട മുപ്പതു വർഷക്കാലം ഈ റെക്കോർഡ് തകരാതെ നിലകൊണ്ടു. ഏകദിന ക്രിക്കറ്റിൽ 1000 മുതൽ 6000 വരെയുള്ള ഓരോ നാഴികക്കല്ലുകളും ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡുകളും വിവ് കൈവശം വച്ചിട്ടുണ്ട്. 1984 മുതൽ 91 വരെ റിച്ചാർഡ്സിന്റെ നേതൃത്വത്തിൽ ടെസ്റ്റ്‌ മത്സരങ്ങൾക്കിറങ്ങിയ വിൻഡീസ് ഒരു സീരീസിൽപോലും പരാജയം രുചിട്ടില്ല

കാൽപന്തുകളിയുടെ ചരിത്രത്തിലും ഈ കരീബിയൻ കരുത്തന്റെ കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്, തന്റെ നാടായ ആന്റിഗ്വക്കുവേണ്ടി പന്തു തട്ടിയ അദ്ദേഹം 1974 ഫിഫ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിലും തന്റെ നാടിനെ പ്രതിനിധീകരിച്ചു.

“Hitting across the line” എന്നാണ് വിവ് തന്റെ ആത്മകതയ്ക്കു നാമകരണം ചെയ്തത്. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ഓസീസ് പര്യടനത്തിനിടെ റോഡ്‌നി ഹോഗിന്റെ ബൗൺസർ വിക്കറ്റിനു കുറുകെ കളിക്കാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ തലയിൽ കൊണ്ടു പരിക്കേറ്റു. പക്ഷേ തൊട്ടടുത്ത പന്തിൽ അതേ ഷോട്ടിലൂടെ വിവ് സിക്സെർ നേടി. റോഡ്സിന്റെ അടുത്ത ആറു ഓവറുകളിൽ നിന്നു മാത്രം അറുപതിലേറെ റണ്ണുകളാണ് വിവ് അടിച്ചുകൂട്ടിയത്!!. തൊണ്ണൂറിലേറെ പ്രഹരശേഷിയുമായാണ് അദ്ദേഹം തന്റെ ഏകദിന കരിയർ അവസാനിപ്പിച്ചത്.

റിച്ചാർഡ്സ് ക്രിക്കറ്റിനു നൽകിയ സംഭാവനകളെ മാനിച്ചു 1991ൽ ബ്രിട്ടീഷ് പാർലമെന്റ് അദ്ദേഹത്തെ ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ ഓഫീസർ പദവി നൽകി ആദരിച്ചു. രണ്ടായിരാമാണ്ടിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ക്രിക്കറ്റ്‌ കളിക്കാരിൽ ഒരാളായി തെരഞ്ഞെടുത്തതും ഈ വെസ്റ്റ് ഇന്ത്യൻ പവർഹൗസിനെയായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രൻ മാലി വിൻഡീസ് ആഭ്യന്തരക്രിക്കറ്റിൽ സജീവമായിരുന്നു. ഇന്ത്യൻ ചലച്ചിത്രതാരം നീന ഗുപ്തയുമായുണ്ടായിരുന്ന ബന്ധത്തിൽ അദ്ദേഹത്തിന് ഒരു പെൺകുട്ടിയുമുണ്ട്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ ലീഗുകളിൽ പരിശീലകനായും ഉപദേശകനായും അദ്ദേഹം ഇപ്പോഴും ലോകക്രിക്കറ്റിലെ സജീവസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പഴയകാല റെക്കോർഡുകളിലൂടെ കണ്ണോടിക്കുന്ന ഏതൊരു വ്യക്തിയും ഒരു തവണയെങ്കിലും അദ്‌ഭുതത്തോടെ മനസ്സിലോർക്കും

“വിവ് ബാറ്റു വീശിയിരുന്നത് ഈ കാലഘട്ടത്തിലായിരുന്നുവെങ്കിൽ”

Leave a comment

Your email address will not be published. Required fields are marked *