Cricket cricket worldcup Epic matches and incidents

ഹെർഷൽ ഗിബ്‌സും 1999 ലോകകപ്പും

May 15, 2019

author:

ഹെർഷൽ ഗിബ്‌സും 1999 ലോകകപ്പും

1999 ജൂൺ 13 ലീഡ്സ്,

“സുഹൃത്തേ നിങ്ങളൊരു ലോകകപ്പാണ് താഴെയിട്ടത് !!”.

ഒരുപക്ഷെ ലോകക്രിക്കറ്റിൽ കേട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും സൗമ്യവും എന്നാൽ വിനാശകരവുമായ സ്ലെഡ്ജിങ് ആയിരിക്കാം ഹെർഷൽ ഗിബ്ബ്‌സ് അന്ന് നേരിട്ടത്. മക്ഗ്രാത്തും ഫ്ലെമിങും വോണുമടങ്ങുന്ന ലോകോത്തര ബൌളിംഗ് നിരയെ നേരിട്ട് സെഞ്ചുറി നേടിയ രാജ്യത്തിന്റെ പോരാളിയിൽ നിന്നും ഒരു ദുരന്തനായകനിലേക്ക് ഒരു ഡ്രോപ്പ് ക്യാച്ചിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഗിബ്ബ്‌സ് കരുതിയിരിക്കില്ല അത് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത്രയധികം വിനാശം വിതയ്ക്കുമെന്ന്. പക്ഷേ സ്റ്റീവ് വോ എന്ന തന്ത്രശാലിയായ നായകന്റെ കണക്കുകൂട്ടലിൽ ആ നിമിഷം വളരെ വിലപ്പെട്ടതായിരുന്നു. വീണുകിട്ടിയ ജീവൻ മുതലാക്കി സെഞ്ചുറിയുമായി ടീമിനെ വിജയതീരത്തെത്തിച്ച സ്റ്റീവിന്റെ ആഹ്ലാദത്തിൽനിന്നും മനസ്സിലാക്കാമായിരുന്നു ആ വിജയം എത്രയധികം പ്രധാനമാണെന്ന്.

1999 ജൂൺ 17, ബിർമിങ്ഹാം.

താൻ നിലത്തിട്ട ക്യാച് എത്രത്തോളം വിലപിടിപ്പുള്ളതാണെന്നു മനസ്സിലാക്കുവാൻ ഹെർഷൽ ഗിബ്സിനു വെറും മൂന്നു ദിവസത്തെ കാത്തിരിപ്പേ വേണ്ടി വന്നുള്ളൂ. ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ വീണ്ടും ഓസ്‌ട്രേലിയയെ എതിരിടുമ്പോഴും ടൂർണമെന്റിൽ ഏറ്റവും സാധ്യത കല്പിച്ചിരുന്നത് സൗത്ത് ആഫ്രിക്കക്ക് തന്നെയായിരുന്നു. പൊള്ളോക്കും ഡൊണാൾഡും നേതൃത്വം നൽകുന്ന ബൌളിംഗ് നിര. ഗിബ്‌സും കിർസ്റ്റനും ക്രോണ്യേയും റോഡ്‌സുമടങ്ങുന്ന ബാറ്റിംഗ് നിര. മറ്റു ടീമുകൾക്ക് സ്വപ്നം മാത്രമായ കാലിസ്, ക്ലൂസ്‌നർ പോലെയുള്ള ഓൾ റൗണ്ടർമാർ !. സൂപ്പർ സിക്സിൽ സംഭവിച്ച അപ്രതീക്ഷിത തോൽവിയ്ക്ക് ക്രോണ്യേയും സംഘവും പകരം വീട്ടുമെന്ന് എല്ലാവരും കരുതി.

പ്രതീക്ഷിച്ചപോലെയായിരുന്നു മത്സരത്തിന്റെ ആദ്യപകുതി. അഞ്ചു വിക്കറ്റ് നേടിയ പൊള്ളോക്കും നാലു വിക്കറ്റുകളുമായി ഡൊണാൾഡും ചേർന്നു നടത്തിയ തേരോട്ടത്തിൽ ഓസ്ട്രേലിയൻ ബാറ്റിംഗ് തകർന്നടിഞ്ഞു. അർദ്ധസെഞ്ച്വറി നേടിയ മൈക്കൽ ബെവന്റെയും സ്റ്റീവ് വോയുടെയും മികവിൽ ഇരുന്നൂറു കടന്നെങ്കിലും 213 എന്ന സ്കോർ ശരാശരിക്കും വളരെ താഴെയുള്ളതായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. പക്ഷേ 48 റണ്ണിൽ വച്ചു ഗിബ്‌സ് മടങ്ങിയതോടെ അവരുടെ ബാറ്റിംഗ് തകർച്ചയെ നേരിട്ടു. ഷെയ്ൻ വോണിന്റെ മാന്ത്രിക വിരലുകൾക്കു മുന്നിൽ 61 റൺസിന്‌ നാലു വിക്കറ് എന്ന നിലയിലേക്ക പതിച്ചെങ്കിലും അവിടെ നിന്നും റോഡ്സും കാലിസും ചേർന്നു രക്ഷാപ്രവർത്തനം തുടങ്ങി. ഇരുവരും അർദ്ധ സെഞ്ചുറി നേടി പുറത്തായതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലായി സൗത്ത് ആഫ്രിക്ക.

അവസാന അഞ്ച് ഓവറുകളിൽ നാലു വിക്കറ്റ് ശേഷിക്കെ 39 റൺസ് നേടുകയെന്നത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നില്ല. കൂറ്റനടിക്കു പേരുകേട്ട പൊള്ളോക്കും ക്ലൂസ്നരും ക്രീസിൽ നിൽക്കേ അപ്പോഴും സാദ്ധ്യത പ്രൊറ്റീസ്‌ നിരയ്‌ക്കായിരുന്നു. പക്ഷേ സ്കോർ 183ൽ നിൽക്കേ പൊള്ളോക്കും പത്തു റണ്ണുകൾ മാത്രം കൂട്ടിച്ചേർത്തു മാർക്ക്‌ ബൗച്ചറും പവലിയനിലേക്കു മടങ്ങിയതോടെ ലക്ഷ്യം നേടാനുള്ള ദൗത്യം പൂർണമായും ക്ലൂസ്‌നറുടെ ചുമലിലായി. കൂടെയുണ്ടായിരുന്നത് ബാറ്റിങ്ങിൽ ഒട്ടും തന്നെ മികവു പുലർത്താത്ത സ്റ്റീവ് എൽവർത്തിയും അലൻ ഡൊണാൾഡുമായിരുന്നു.

എങ്കിലും കൈയരികിലെത്തിയ ലക്ഷ്യം വിട്ടുകളയാൻ ക്ലൂസ്‌നർ തയ്യാറായിരുന്നില്ല. നാല്പത്തിയൊമ്പതാം ഓവറിലെ നാലാം പന്തിൽ എൽവർത്തി റണ്ണൗട് ആയതോടെ സമവാക്യം ഏറ്റവും ലളിതമായ രൂപം കൈവരിച്ചു. എട്ടു പന്തുകളിൽ ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്കു ജയിക്കാൻ വേണ്ടത് പതിനാറു റണ്ണുകൾ. പക്ഷേ തൊട്ടടുത്ത പന്തിൽ മക്ഗ്രാത്തിന്റെ പന്തിൽ സിക്സെർ നേടിയ ക്ലൂസ്‌നർ ലക്ഷ്യം അവസാന ഓവറിൽ ഒൻപതു റണ്ണുകളിലേക്ക ചുരുക്കി.

പിന്നീടാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും സംഭവബഹുലമായ ഓവർ പിറവിയെടുക്കുന്നത്. നാല്പത്തിയൊമ്പതാം ഓവർ മക്ഗ്രാത് എറിഞ്ഞതോടെ അവസാന ഓവറിൽ എട്ടു റണ്ണുകൾ പ്രതിരോധിക്കാനുള്ള ദൗത്യം ഡാമിയൻ ഫ്ലെമിങ്ങിൽ വന്നുചേർന്നു. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ താനാണെന്ന് ക്ലൂസ്‌നർ ഊട്ടിയുറപ്പിക്കുകയായിരുന്നു അടുത്ത രണ്ടു പന്തുകളിൽ. കവറിലൂടെയും ലോങ്ങ്‌ ഓഫിലൂടെയും ബൗണ്ടറി കടന്ന ആദ്യ രണ്ടു പന്തുകൾക്കു ശേഷം സൗത്ത് ആഫ്രിക്ക ജയം ഉറപ്പിച്ചു. നാലു പന്തുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് കേവലം ഒരു റൺ മാത്രം. പക്ഷേ സുപ്രധാന മത്സരത്തിന്റെ സമ്മർദ്ദം തെന്നാഫ്രിക്കയുടെ പ്രിയപ്പെട്ട സുളുവിനെ പിടികൂടാൻ തുടങ്ങിയിരുന്നു. അടുത്ത പന്തിൽ ഇല്ലാത്ത റണ്ണിനോടിയ ക്ലൂസ്‌നറും ഡൊണാൾഡും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. എങ്കിലും പതിനൊന്നു ഫീൽഡർമാരും മുപ്പതു വാരയ്ക്കുള്ളിൽ നിൽക്കേ എന്തിനാണയാൾ തൊട്ടടുത്ത പന്തിൽ വീണ്ടുമൊരു റിസ്കി സിംഗിളിന് ശ്രമിച്ചത്?. അതും മൂന്നു പന്തുകൾ വീണ്ടും ബാക്കി നിൽകുമ്പോൾ. എന്തായാലും സ്‌ട്രൈക്കിങ് എൻഡിൽ ഫ്ലെമിംഗ് എറിഞ്ഞ ത്രോ കരസ്ഥമാക്കിയ ഗിൽക്രിസ്റ് സ്റ്റമ്പുകളുടെ ക്രമം തെറ്റിക്കുമ്പോൾ കൈയിലെ ബാറ്റു നഷ്ടമായ ഡൊണാൾഡ് ക്രീസിൽ നിന്നും വളരെ അകലെയായിരുന്നു. ഒരു പക്ഷേ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായൊരു ചിത്രമായിരുന്നു അത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ സിക്സിൽ നേടിയ വിജയത്തിന്റെ പിൻബലത്തോടെ ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചു. എന്തായിരുന്നു ദക്ഷിണാഫ്രിക്കയുടെ പരാജയകാരണം?. കരിയറിലുടനീളം വെറും ശരാശരിയ്ക്കു താഴെ മാത്രം മികവു പുലർത്തിയ ഡൊണാൾഡിലെ റണ്ണറേ കണ്ണടച്ചു വിശ്വസിച്ച ക്ലൂസ്‌നറുടെ ബ്രയിൻഫേഡ് ആണോ?, അതോ നിരുത്തരവാദപരമായി ബാറ്റു ചെയ്ത മിഡിൽ ഓർഡറോ?. അന്നു ബിർമിംഗ്ഹാമിൽ വീണ കണ്ണീരിനു ആരായിരുന്നു യഥാർത്ഥ ഉത്തരവാദി?.

വർഷങ്ങൾക്കുശേഷം ഒരഭിമുഖത്തിനിടെ ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ പറഞ്ഞ വാചകം താനൊരിക്കലും ഉപയോഗിച്ചിട്ടില്ലായെന്നു സ്റ്റീവ് വോ നിഷേധിക്കുകയുണ്ടായി. പക്ഷേ ഇരു മത്സരങ്ങളും വീക്ഷിച്ച ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഇത്തരം ഒരഭിപ്രായം ഉയർന്നു വന്നേക്കാം..

“ഗിബ്‌സ് അന്നു താഴെയിട്ടതൊരു ലോകകപ്പാണ് ”

Syam…

Leave a comment

Your email address will not be published. Required fields are marked *