Foot Ball Top News

തിരിച്ചു വരവുകളുടെ തമ്പുരാക്കന്മാർ – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

May 8, 2019

author:

തിരിച്ചു വരവുകളുടെ തമ്പുരാക്കന്മാർ – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ആൻഫീൽഡിൽ വന്നു കളിച്ചു ജയിക്കാനും ബഹുമാനം അർഹിക്കാനും കുറച്ചു കൂടി മൂപ്പ് വേണം എന്ന് ബാഴ്‌സയെ ഓർമപ്പെടുത്തി യോർഗെൻ ക്ളോപ്പും പിള്ളേരും. 3 ഗോൾ വഴങ്ങിയ പാപഭാരത്തെ മറികടന്നു, എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചു ലിവർപൂൾ ഫൈനലിലേക്ക് ഓടി കയറി. ഡച്ച് താരം വൈനാൾഡാം, ബെൽജിയം താരം ഒറിഗി എന്നിവർ രണ്ട് ഗോളുകൾ വീതം കരസ്ഥമാക്കിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇതിൽ വൈനാൾഡാം നേടിയ രണ്ട് ഗോളുകളും ലിവർപൂൾ ആരാധകർ എന്നും താലോലിക്കും എന്ന് തീർച്ച.

ഫിർമിഞ്ഞോയും സാലയും ഇല്ലാതെ ഇറങ്ങിയ ലിവർപൂൾ ഷക്കിറിയുടെ വേഗതയും ഒറിഗിയുടെ സാന്നിധ്യവും ഉപയോഗപ്പെടുത്തി തുടക്കം മുതലേ പ്രെസ്സിങ് ഗെയിം പുറത്തെടുത്തു. 7 ആം മിനുട്ടിൽ തന്നെ അത് ഗോളിൽ കലാശിക്കുകയും ചെയ്തു. ജോർഡി അൽബ വരുത്തിയ പിഴവ് മുതലെടുത്തു മാനേ തുടങ്ങിയ ആക്രമണമാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തുടരെ തുടരെ രണ്ടു ഗോളുകൾ അടിച്ചു വൈനാൾഡാം, കളി ബാഴ്സയിൽ നിന്ന് തട്ടി എടുത്തു. അർണോൾഡ് നൽകിയ ക്രോസിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാം ഗോൾ ആകട്ടെ ഷക്കിറി കൊടുത്ത പാസ് ഹെഡ് ചെയ്തും. 78 ആം മിനുട്ടിൽ തന്ത്രപരമായ ഒരു കോർണർ കിക്കിലൂടെ ഒറിഗി വലചലിപ്പിച്ചു ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു. തിരിച്ചടിക്കാന്നുള്ള ശേഷി പോലും ബാഴ്സക്ക് അതോടെ നഷ്ടപ്പെട്ടിരുന്നു.

വിജയത്തിന്റെ ക്രെഡിറ്റ് നമ്മുക്ക് യോർഗെൻ ക്ളോപ്പിനു നൽകേണ്ടി വരും. സാലയിൽ നിന്നും തികച്ചും വ്യത്യസ്തനായ ഷക്കിറിയെ ഇത് പോലെ മർമപ്രധാനമായ മത്സരത്തിൽ അദ്ദേഹം വിനയോഗിച്ചതു ഏവരെയും ഞെട്ടിച്ചു. രണ്ടാം പകുതിയിൽ റോബർട്സൺനെ വലിച്ചു വൈനാൽഡത്തെ ഇറക്കിയതിലൂടെ അവർക്ക് പ്രെസ്സിങ് ഗെയിം കുറച്ചു കൂടി ശക്തിയായി ഉപയോഗിക്കാൻ സാധിച്ചു. അത് ഷക്കിറിയെ കൂടുതൽ സ്വതന്ത്രൻ ആക്കുകയും അയാളും മാനേയും ബാഴ്സ പ്രതിരോധത്തെ ക്ഷയിപ്പിക്കുകയും ചെയ്തു. വൈനാൾഡാം ആകട്ടെ രണ്ട് ഗോളുകൾ കരസ്ഥമാക്കി ബാഴ്‌സയെ ഞെട്ടിക്കുകയും ചെയ്തു.

ഇന്ന് നടക്കുന്ന അയാക്സ് – ടോട്ടൻഹാം മത്സരത്തിലെ വിജയിയെ ആയിരിക്കും ലിവർപൂൾ ഫൈനലിൽ നേടുക. ഒരു എവേയ് ഗോൾ കരസ്ഥമാക്കിയ, സ്വന്തം തട്ടകത്തിൽ ഇറങ്ങുന്ന അയാക്സിനാണ് മുൻതൂക്കം. എന്നാൽ ആ മുൻതൂക്കം മറികടക്കാൻ ടോട്ടൻഹാമിന്‌ അയാൾ ചരിത്രത്തിലെ ആദ്യ ഓൾ ഇംഗ്ലീഷ് ഫൈനലിന് നമ്മൾ സാക്ഷ്യം വഹിക്കും.

Leave a comment