Foot Ball Top News

മാഞ്ചസ്റ്ററിൽ സിറ്റി വസന്തം

April 25, 2019

author:

മാഞ്ചസ്റ്ററിൽ സിറ്റി വസന്തം

           അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. യുണൈറ്റഡ് വീണ്ടും പരാജയപ്പെട്ടു. രണ്ടാംപകുതിയിൽ ബെർണാർഡോ സില്‍വ ലിറോയ് സാനെഎന്നിവരുടെ ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി കളി ജയിച്ചു, അതിലൂടെ പ്രീമിയർ ലീഗ് ഒന്നാം സ്ഥാനം ലിവർപൂളിൽ നിന്ന് തിരിച്ചുപിടിച്ചു. ഏകപക്ഷീയമായ മത്സരത്തിൽ അർദ്ധാവസരങ്ങൾ ഗോൾ ആക്കിയാൽ അല്ലാതെ യുണൈറ്റഡിന് വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ അർദ്ധവും പൂർണവും ആയി കിട്ടിയ അവസരങ്ങൾ എല്ലാം തുലച്ചു യുണൈറ്റഡ് സിറ്റിക്ക് മുന്നിൽ അടിയറവു പറഞ്ഞു.
         54ആം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ഗോൾ വേട്ട തുടങ്ങിയത്.  മാന്ത്രിക സ്പർശവുമായി ബോക്സിന് അകത്തു നുഴഞ്ഞു കയറിയ സില്‍വ ലൂക്ക ഷോയെ വെട്ടി ഒഴിഞ്ഞു നിയർ പോസ്റ്റ് ലോട്ട് തൊടുത്ത ഷോട്ടിന് ഡി ഗെക്ക് മറുപടി ഇല്ലായിരുന്നു 12 മിനിറ്റ് അപ്പുറം ലിറോയ് സാനയുടെ വേഗത്തിനും ഷോട്ട് പവറിനും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ യുണൈറ്റഡ് രണ്ടാം ഗോൾ വഴങ്ങി. യുണൈറ്റഡ് ഭാഗത്തുനിന്ന് അവിടെവിടെയായി പ്രതിഭയുടെ മിന്നലാട്ടങ്ങൾ കണ്ടു എന്നല്ലാതെ സിറ്റിയോട് വിജയിക്കാൻ അത് പോരായിരുന്നു. ഒന്നാം പകുതിയിൽ റാഷ്ഫോർഡിന്റെയും ഫ്രണ്ടിന്റെയും വകയായി വന്ന് ലോങ്ങ് റേഞ്ച്റുകൾ, പോഗ്ബയുടെ ക്രോസിന് പറന്ന് കാൽ വച്ച ലിന്ഗാർഡിന്റെ പ്രയത്നം ഇവയെല്ലാം വിഫലശ്രമങ്ങളുടെ ഉദാഹരണങ്ങളാണ്.
         ഇന്നലത്തെ രണ്ടു ഗോളുകൾ കൂടി ചേർത്ത് സിറ്റി ഈ സീസണിൽ എല്ലാ കോമ്പറ്റീഷനകളിലുമായി 157 ഗോളുകൾ നേടി കഴിഞ്ഞു. ഒരു ഇംഗ്ലീഷ് ക്ലബ്ബിൻറെ ഏറ്റവും വലിയ ഗോൾ വേട്ടയാണിത്. സീസൺ അവസാനിക്കാൻ ഇനിയും നാല് മത്സരങ്ങൾ സിറ്റിക്ക് ബാക്കിയുണ്ട്. 2013-14 സീസണിൽ മാനുവൽ പെലഗ്രീനിയുടെ കീഴിൽ സിറ്റി തന്നെ സ്ഥാപിച്ച റെക്കോർഡാണ് അവർ തകർത്തത്. ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്നു പ്രീമിയർലീഗ് വിജയങ്ങൾ നേടുന്ന മാനേജർ എന്ന് കിരീടവും പെപ്പ് ഗാർഡിയോളക്ക് സ്വന്തം.  യുണൈറ്റഡിനും കിട്ടി ഒരു റെക്കോർഡ്. 1971നു ശേഷം തുടർച്ചയായി 12 കളികളിൽ യുണൈറ്റഡ് ഗോൾ വഴങ്ങുന്നത് ആദ്യമായാണ്.
           തോൽവിയോടെ മഞ്ചസ്റ്റർ പട്ടണത്തിൽ പലരുടെയും തലകൾ ഉരുളും എന്ന് ഉറപ്പ്. സീസൺ അവസാനത്തോടെ യുണൈറ്റഡിൽ ഒരു വൻ ഉടച്ചുവാർക്കൽ ഉണ്ടാകുന്നതാണ്. ഇത്രനാളും ചുവപ്പണിഞ്ഞ് നഗരം ഇനി നിലയിലാണ് ഭാവി കാണുന്നത് എന്ന് അംഗീകരിക്കാൻ മഞ്ചസ്റ്റർ ഫുട്ബോൾ പ്രേമികൾക്ക് ആകുന്നില്ല. മുൻ ഇതിഹാസതാരം റോയ് കീൻ പൊട്ടിത്തെറിച്ചു കൊണ്ടാണ് കളിയെ വിലയിരുത്തിയത്.  മിഡ്ഫീൽഡർ ഫ്രണ്ടാണ് കീൻൻറെ ദേഷ്യത്തിന് നല്ലതുപോലെ ഇരയായത്. തുടർച്ചയായി തോൽവികൾ എങ്കിലും ഗ്യാരി നെവിൽ ഇപ്പോഴും ഒലെ ഗുണ്ണർ സോൾസ്ജെറിൽ വിശ്വസിക്കുന്നു. ഈ സീസൺ ഏറെക്കുറെ അവസാനിച്ച യുണൈറ്റഡിന് അടുത്ത സീസണിൽ എങ്കിലും നല്ലൊരു നേട്ടമുണ്ടാക്കാൻ കഴിയട്ടെ എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
Leave a comment

Your email address will not be published. Required fields are marked *