റാണയും റസ്സലും മിന്നി : കൊൽക്കത്തയ്ക്ക് രണ്ടാം ജയം.
നരേൻ തുടങ്ങി, റാണയും ഉത്തപ്പയും ഏറ്റെടുത്തു, റസ്സൽ വെടിക്കെട്ടോടെ പൂർത്തിയാക്കി. കൊൽക്കത്തയുടെ ഇന്നിംഗ്സിനെ ചുരുക്കത്തിൽ ഇങ്ങനെ വ്യാഖ്യാനിക്കാം. ടീം ഒന്നടങ്കം നന്നായി കളിച്ച കളിയിൽ കൊൽക്കത്തയ്ക്ക് പഞ്ചാബിന്റെ മേൽ 28 റൺസ് വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ആന്ദ്രേ റസ്സൽ ആണ് കളിയിലെ കേമൻ.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്. വരുൺ ചക്രവർത്തി എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റൺസ് ആണ് നരേൻ സ്വന്തമാക്കിയത്. അടുത്തടുത്ത ഓവറുകളിൽ നരേനും ക്രിസ് ലിന്നും പുറത്തായപ്പോൾ കൊൽക്കത്ത ഒന്ന് പതറി. 3.3 ഓവറിൽ 2 വിക്കെറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത അപ്പോൾ. എന്നാൽ പിന്നീട് വന്ന ഉത്തപ്പയും നിതീഷ് റാണയും നരേൻ നിർത്തിയിടത്തു നിന്ന് തുടങ്ങി. എല്ലാ ബൗളർമാരെയും കണക്കിന് ആക്രമിച്ച റാണ 2 ബൗണ്ടറിയും 7 സിക്സും പറത്തി. റാണാ 34 പന്തിൽ 63 റൺസ് എടുത്ത് പുറത്തായി. 14.3 ഓവറിൽ 146 റൺസ് ആയിരുന്നു അപ്പോൾ കൊൽക്കത്തയുടെ സമ്പാദ്യം. പിന്നാലെ എത്തിയ റസ്സൽ കഴിഞ്ഞ കൈലിയിലെ അതെ ഫോമിൽ തന്നെയായിരുന്നു. 17 പന്തുകൾ നേരിട്ട റസ്സൽ 47 റൺസ് എടുത്തു കൊൽക്കത്ത ഇന്നിംഗ്സ് 200 കടത്തി. 5 പടുകൂറ്റൻ സിക്സറുകളാണ് റസ്സലിന്റെ ബാറ്റിൽ നിന്ന് പറന്നത്. അവസാനം വരെ ബാറ്റേന്തിയ ഉത്തപ്പ 50 പന്തിൽ 67 റൺസ് എടുത്തു പുറത്താകാതെ നിന്നു. കൊൽക്കത്ത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തു.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ തന്നെ പഞ്ചാബിന് രാഹുലിനെ നഷ്ട്ടപ്പെട്ടു. കഴിഞ്ഞ കളിയിലെ താരം ക്രിസ് ഗെയ്ലിനും അധികം ആയുസ്സുണ്ടായിരുന്നില്ല. സ്കോർ 37 നിൽക്കെ 20 റൺസുമായി ഗെയ്ൽ പവലിയനിലെത്തി. ശ്രീലങ്കൻ സീരീസ് കഴിഞ്ഞു ടീമിനൊപ്പം ചേർന്ന ഡേവിഡ് മില്ലറും ഇന്ത്യൻ തരാം മായങ്ക് അഗർവാളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. മായങ്ക് അഗർവാൾ 58 റൺസ് എടുത്തു പുറത്തായപ്പോൾ മില്ലർ 59 റൺസ് എടുത്തു പുറത്താകാതെ നിന്നു. മൻദീപ് സിംഗ് അവസാനം വന്നു ഒന്ന് ശ്രമിച്ചു നോക്കിയെങ്കിലും ലക്ഷ്യത്തിനു 28 റൺസ് അകലെ പഞ്ചാബ് ഇന്നിംഗ്സ് അവസാനിച്ചു. 20 ഓവറിൽ 190 റൺസ് എടുക്കാനെ പഞ്ചാബിനായുള്ളൂ. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ 2 വിക്കറ്റ് എടുത്തു.