Cricket Top News

വീണ്ടും ഫിഞ്ച് .. ഓസ്‌ട്രേലിയക്ക് രണ്ടാം ജയം.

March 25, 2019

author:

വീണ്ടും ഫിഞ്ച് .. ഓസ്‌ട്രേലിയക്ക് രണ്ടാം ജയം.

അതേ സ്ഥലം ,അതേ ഫലം, അതേ താരം. കഴിഞ്ഞ ദിവസം മത്സരം നടന്ന അതേ ഗ്രൗണ്ടിൽ വെച്ച് വീണ്ടും ഓസ്‌ട്രേലിയയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ വിജയം വീണ്ടും ഓസ്‌ട്രേലിയക്കൊപ്പം നിന്നു. 8 വിക്കെട്ടിനായിരുന്നു വിജയം. കഴിഞ്ഞ കളിയിൽ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ച ആരോൺ ഫിഞ്ച് തന്നെയാണ് ഇക്കുറിയും ഓസ്‌ട്രേലിയയുടെ വിജയ ശില്പി. തുടർച്ചയായ രണ്ടാം സെഞ്ചുറിയും കരിയറിലെ പതിമൂന്നാം സെഞ്ചുറിയും ആണ് ഫിഞ്ച് ഇന്നലെ കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ മുഹമ്മദ് റിസ്‌വാന്റെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് എടുത്തു. 126 പന്തിൽ നിന്ന് 115 റൺസ് എടുത്ത റിസ്‌വാൻ 11 ബൗണ്ടറികൾ നേടി. 61 പന്തിൽ 60 റൺസ് നേടിയ നായകൻ ഷൊഹൈബ് മാലിക് റിസ്‌വാന് മികച്ച പിന്തുണ നൽകി. ഹാരിസ് സൊഹൈൽ 34 റൺസെടുത്തു പുറത്തായി. നന്നായി പന്തെറിഞ്ഞു കൊണ്ടിരുന്ന റിച്ചാർഡ്സൺ ഇടക്ക് വെച്ച പരിക്ക് പറ്റി പുറത്തു പോയത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാർഡ്സൺ, കോൾട്ടർനീൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സാമ്പ, ലിയോൺ, ഫിഞ്ച് എന്നിവർ ഓരോ വിക്കെറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ അനായാസമെന്നോണം ബാറ്റ് വീശി. ആരോൺ ഫിഞ്ചും ഉസ്മാൻ ഖവാജയും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 209 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചുറിക്ക് 12 റൺസ് അകലെ ഖവാജ പുറത്തായെങ്കിലും അപ്പോഴേക്കും പാക്കിസ്ഥാൻ കളി കൈവിട്ടിരുന്നു. അവിടെ നിന്ന് ആരോൺ ഫിഞ്ച് ഒറ്റക്ക് കളിനിയന്ത്രണം ഏറ്റെടുത്തു. പുറകെ വന്ന മാസ്‌വെൽ പെട്ടന്ന് റൺ ഔട്ട് ആയി. പിന്നീട് വന്ന മാർഷിനു കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. വിജയലക്ഷ്യത്തിന്റെ പകുതിയിലധികവും ഒറ്റക്ക് അടിച്ചെടുത്ത ഫിഞ്ച് പുറത്താകാതെ 153 റൺസ് എടുത്തു. 143 പന്തുകൾ നേരിട്ട ഫിഞ്ചിന്റെ ഇന്നിങ്സിൽ 11 ബൗണ്ടറിയും 6 സിക്സറുകളും ഉൾപ്പെടുന്നു. 47 .5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്‌ട്രേലിയ ലക്‌ഷ്യം കണ്ടു.

ബുധനാഴ്ച അബുദാബിയിൽ വെച്ച് നടക്കുന്ന മൂന്നാം ഏകദിനവും കൂടി വിജയിച്ച് തുടർച്ചയായ രണ്ടാം പരമ്പര വിജയം കരസ്ഥമാക്കാനാകും ഓസ്‌ട്രേലിയയുടെ ലക്‌ഷ്യം. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്‌ട്രേലിയ ഇപ്പോൾ 2 – 0 ത്തിനു മുന്നിലാണ്.

Leave a comment