ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി ചെന്നൈ
ധോണിയും കോലിയും ഏറ്റുമുട്ടുമ്പോൾ ഒരു ബാറ്റിംഗ് വിരുന്നു പ്രതീക്ഷിച്ചു മത്സരം കാണാൻ പോയവരെ ബൗളിംഗ് വിരുന്നു ഒരുക്കി സ്വീകരിച്ച് ഐപിഎൽ സീസൺ 12 ന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപർ കിങ്സിന് 7 വിക്കറ്റിന്റെ ഉജ്വല വിജയം. ഒരു ടി 20 മത്സരത്തിന് ചേർന്ന പിച്ച് ആയിരുന്നോ ഇത് എന്ന സംശയം നിലനിൽക്കുമ്പോഴും കോലിയും ഡിവില്ലിയേഴ്സും മൊയീൻ അലിയും ഹെത്മേയറും അടങ്ങുന്ന ബാറ്റിംഗ് നിരക്ക് 70 എന്ന സ്കോറിനെ ന്യായീകരിക്കാനാകില്ല .
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. 3.3 ഓവറിൽ 16 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ കോലിയുടെ വിക്കറ്റ് നഷ്ടമായി. 12 പന്തുകൾ നേരിട്ട കോലിക്ക് വെറും 6 റൺസ് മാത്രമാണ് നേടാനായത്. ഹർഭജൻ സിങിന്റെ പന്തിൽ ജഡേജയുടെ കൈകളിൽ കോലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. പിന്നീട് വന്ന ഡിവില്ലിയേഴ്സിനും മൊയീൻ അലിക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അധികം അപകടങ്ങൾ വരുത്തുന്നതിന് മുൻപ് തന്നെ ഹർഭജൻ ഇരുവരെയും മടക്കി അയച്ചു. ഡിവില്ലേഴ്സ് പുറത്തായ അതെ ഓവറിൽ ഹെത്മേയർ റൺ ഔട്ട് ആയത് ബാംഗ്ലൂരിനെ കൂടുതൽ പരുങ്ങലിൽ ആക്കി. അന്താരാഷ്ട്ര കളികളിൽ സജീവമല്ലാത്ത ഹർഭജൻ തന്റെ മൂന്നു വിക്കറ്റ് പ്രകടനത്തിലൂടെ തന്റെ കാലം അവസാനിച്ചിട്ടില്ല എന്ന് തെളിയിച്ചു. ബാംഗ്ലൂരിനെ പൂർണമായും തകർക്കുന്ന ഉത്തരവാദിത്തം ഹർഭജന്റെ കയ്യിൽ നിന്നും ഇമ്രാൻ താഹിറും ജഡേജയും ഏറ്റെടുത്തതോടെ ബാംഗ്ലൂർ ഇന്നിംഗ്സ് 70 ൽ അവസാനിച്ചു. കൂട്ടുകാർ കൂട്ടത്തോടെ കൂടാരം കയറിയപ്പോഴും ഒരു അറ്റത്തു ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനേ പാർഥിവ് പട്ടേലിന് കഴിഞ്ഞുള്ളു. 29 റൺസ് എടുത്ത് ഏറ്റവും ഒടുവിൽ പുറത്താകുമ്പോൾ ടീമിന് പൊരുതി നോക്കാവുന്ന സ്കോർ സമ്മാനിക്കാൻ പാർഥിവിന് കഴിഞ്ഞില്ല. പാർഥിവ് അല്ലാതെ മറ്റാരും രണ്ടക്കം കടന്നില്ല എന്നത് ബാംഗ്ലൂരിന്റെ തോൽവിയുടെ ആഴം വർധിപ്പിക്കുന്നു. ഹർഭജനെ കൂടാതെ ഇമ്രാൻ താഹിറും 3 വിക്കറ്റ് നേടി മികച്ചു നിന്നു. ജഡേജ രണ്ടു വിക്കറ്റും ബ്രാവോ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. 10 ബോൾ നേരിട്ട വാട്സൺ സംപൂജ്യനായാണ് ചാഹലിന്റെ മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഒത്തു ചേർന്ന റെയ്നയും റായിഡുവും ചെറിയ ലക്ഷ്യം മുന്നിൽ കണ്ടു പക്വതയോടെ ബാറ്റ് വീശി. 19 റൺസ് എടുത്ത റെയ്നയും 28 റൺസ് എടുത്ത റായിഡുവും പുറത്താകുമ്പോഴേക്കും ചെന്നൈ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. കേദാർ ജാദവിനും ജഡേജക്കും ചടങ്ങു തീർക്കുക മാത്രമായിരുന്നു ദൗത്യം. 17 .4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി. ഇതിനിടയിൽ ഐപിഎല്ലിൽ ആദ്യമായി 5000 റൺസ് എടുക്കുന്ന താരം എന്ന റെക്കോർഡിന് സുരേഷ് റൈന അർഹനായി.
ബാംഗ്ലൂരിന് വേണ്ടി 4 ഓവറിൽ ഒരു മെയ്ഡൻ അടക്കം 6 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനം മാത്രമാണ് അവർക്ക് ഇന്നത്തെ ദിവസം ഓർത്തിരിക്കാൻ പറ്റുന്ന ഒരേയൊരു ഘടകം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ചെന്നൈ 4 സ്പിന്നേഴ്സിനെ ഇറക്കിയപ്പോൾ ബാംഗ്ലൂരിന് രണ്ടു പേരെ ഉണ്ടായിരുന്നു എന്നുള്ളതും മത്സര ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു തോൽവി സംഭവിച്ചത് നന്നായി എന്നാണ് മത്സര ശേഷം കോലി പറഞ്ഞത്. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ ഇന്നത്തെ മത്സരത്തിലെ പിഴവുകൾ തിരുത്തി നല്ല മത്സരം കാഴ്ചവെക്കാനാകുമെന്നാണ് കോലിയും കൂട്ടരും കരുതുന്നത്.