മിയാമി ഓപ്പൺ – ആദ്യദിനം
2019 മിയാമി ഓപ്പണ്‍ തുടക്കമായി. പുരുഷന്മാരിൽ വിജയിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ജോക്കോവിച്ച് ബർണാഡ് ടോമിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി; സ്കോർ 7-6, 6-2. ആദ്യദിവസത്തെ ഏറ്റവും വലിയ അട്ടിമറിയിൽ ലോക മൂന്നാം നമ്പർ ഡൊമിനിക് തീമിനെ പോളണ്ടിന്റെ ഹോബർട്ട് ഹർക്കാട്ട് അട്ടിമറിച്ചു; സ്കോർ 6-4, 6-4. ഇന്ത്യൻ വെൽസിൽ റോജർ ഫെഡററെ പരാജയപ്പെടുത്തി കിരീടം ഉയർത്തിയ തീമിൻറെ സന്തോഷത്തിന് അല്പായുസ്സ് ഉണ്ടായുള്ളൂ.
സെർബിയയുടെ ദൂസാൻ ലായോവികിന്റെ വകയായിരുന്നു രണ്ടാമത്തെ ഞെട്ടിപ്പിക്കൽ, ലോക അഞ്ചാം നമ്പർ കെയ് നിഷികോറിപുറത്ത്; സ്കോർ 2-6, 6-2, 6-3. നിലവിലെ ചാമ്പ്യനായ ജോൺ ഇസ്നർ, പതിനൊന്നാം നമ്പർ ബോർണ കൊറിച്ച് പന്ത്രണ്ടാം നമ്പർ മിലാസ് റാവോണിച്ച് എന്നിവർ അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്ന് റോജർ ഫെഡറർ അലക്സാണ്ടർ സ്വരെവ് എന്നിവർ കളത്തിലിറങ്ങും.
വനിതകളുടെ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ നവോമി ഒസാക്ക യെലീന വിക്മേയറേ പരാജയപ്പെടുത്തി; സ്കോർ 6-0, (3)6-7, 6-1. രണ്ടാം നമ്പർ സിമോൺ ഹാലപ്പ് നേരിട്ടുള്ള സെറ്റുകൾക്ക് ടൈലർ ടൗൺസെൻറ്നെ പരാജയപ്പെടുത്തി; സ്കോർ 6-1, 6-3. നിലവിലെ ചാമ്പ്യൻ സ്ലോവെൻ സ്റ്റീഫൻസ് കരോളിന പ്ലീസ്കോവ എന്നിവർ അടുത്ത റൗണ്ടിലേക്ക് കടന്നു. മുൻ ചാമ്പ്യനും ഇപ്പോൾ പത്താം സീഡുമായ സെറീന വില്യംസ് റെബേക്ക പീറ്റേഴ്സണെ കീഴടക്കി, സ്കോർ 6-3, 1-6, 6-1.