Cricket IPL Top News

ധോണി vs കോഹ്ലി; ആരു ജയിക്കും ?

March 22, 2019

author:

ധോണി vs കോഹ്ലി; ആരു ജയിക്കും ?

മറ്റൊരു ഐപിഎലിനു കൂടി ശനിയാഴ്ച തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടും. ഇന്ത്യയുടെ രണ്ടു സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നു എന്നത്കൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലിന്റെ തുടക്കം ഗംഭീരമാകും.

ഒരുപാട് പുതിയ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്. സൂപ്പർ താരമായ മക്കല്ലത്തെ അവർ നിലനിർത്തിയിരുന്നില്ല . മൻദീപ് സിങിനെ പഞ്ചാബിലേക്ക് വിട്ടു നൽകുകയും പകരം മർക്കസ് സ്റ്റോയ്‌നിസ് എന്ന ഓസ്‌ട്രേലിയൻ ഓൾറൗണ്ടറെ ബാംഗ്ലൂർ ക്യാമ്പിലെത്തിക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിന്റെ കൂറ്റനടിക്കാരൻ ഷിംറോൺ ഹെത്മെയർ, മുംബൈ യുവതാരം ശിവം ദുബെ എന്നിവരാണ് ഇത്തവണത്തെ ബാംഗ്ലൂർ ഉറ്റുനോക്കുന്ന പുതിയമുഖങ്ങൾ. വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്സും നയിക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് ബാംഗ്ലൂരിന്റെ കരുത്ത്. എല്ലാ വർഷവും മികച്ച ബാറ്റിംഗ് നിരയുമായി എത്തുന്ന ബാംഗ്ലൂരിന് ബൗളിംഗ് ആയിരുന്നു എക്കാലത്തെയും തലവേദന. ഇക്കുറി ടിം സൗത്തിയും ഉമേഷ് യാദവും ചാഹലും നയിക്കുന്ന ബൗളിംഗ് നിരക്ക് ആ തലവേദന മാറ്റാനാകുമെന്നാണ് ടീം കരുതുന്നത്.      ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം നടക്കുന്നതിനാൽ സ്റ്റോയ്‌നിസും കോൾട്ടർനീലും വൈകിയേ ബാംഗ്ലൂരിനൊപ്പം ചേരുകയുള്ളൂ എന്നുള്ളതാണ് ടീമിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. എന്നിരുന്നാലും കോളിൻ ഡി ഗ്രാൻഡ്‌ഹോമിന്റെ സാന്നിധ്യം ഒരു പരിധിവരെ അവയെ മറികടക്കാനുതകുമെന്നാണ് ടീം അധികൃതർ കരുതുന്നത്.

മറുഭാഗത്ത് നിലവിലെ ചാമ്പ്യന്മാർ എന്ന നെറ്റിപ്പട്ടവുമായാണ് ചെന്നൈ എത്തുന്നത്. വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ചെന്നൈ ഇക്കുറി ഇറങ്ങുന്നത്. 5 കോടി രൂപക്ക് മോഹിത് ശർമയെ വാങ്ങിയതൊഴിച്ചാൽ മറ്റു താരങ്ങളെല്ലാം തന്നെ കഴിഞ്ഞ വർഷം ചെന്നൈ ക്യാമ്പിലുണ്ടായിരുന്നവർ തന്നെയാണ്. ഷെയിൻ വാട്സണും, അമ്പാട്ടി റായിഡുവും നയിക്കുന്ന ബാറ്റിംഗ് നിരയും ഡ്വെയ്ൻ ബ്രാവോ, ജഡേജ എന്നീ ഓൾറൗണ്ടർമാരുമാണ് ചെന്നൈ നിരയുടെ കരുത്ത്. പാക്കിസ്ഥാൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷമാണ് വാട്സന്റെ വരവ്. നിലവിലെ ചാമ്പ്യന്മാർ ആണ് തങ്ങൾ എന്നത് ചെന്നൈയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സ്വന്തം തട്ടകത്തിൽ തങ്ങളുടെ സ്വന്തം കാണികളുടെ മുന്നിലാണ് മത്സരം എന്നതിനാൽ ചെന്നൈക്ക് തന്നെയാണ് മുൻ‌തൂക്കം. ഇതിനു മുൻപ് 22 തവണ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 14 തവണ വിജയം ചെന്നൈക്കൊപ്പം നിന്നപ്പോൾ 7 തവണ മാത്രമാണ് ബാംഗ്ലൂരിന് വിജയിക്കാനായത്.

ചെന്നൈ സാധ്യത ടീം : ഷെയിൻ വാട്സൺ, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, ഡുപ്ലെസിസ്, എം എസ് ധോണി, കേദാർ ജാദവ്, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മോഹിത് ശർമ്മ, ഇമ്രാൻ താഹിർ.

ബാംഗ്ലൂർ സാധ്യത ടീം : പാർഥിവ് പട്ടേൽ, വിരാട് കോഹ്‌ലി, ഡി വില്ലിയേഴ്‌സ്, ഹെത്മെയർ , മൊയീൻ അലി, ഗ്രാൻഡ്‌ഹോം, ശിവം ദുബെ, വാഷിംഗ്‌ടൺ സുന്ദർ, ഉമേഷ് യാദവ്, ചഹൽ, മുഹമ്മദ് സിറാജ്.

Leave a comment