Cricket IPL Top News

തുടരുമോ ഈ മഞ്ഞക്കടലിരമ്പം

March 22, 2019

author:

തുടരുമോ ഈ മഞ്ഞക്കടലിരമ്പം

ഈ ഐപിഎല്ലിൽ ഏവരും ആകാംക്ഷയോടെ  ഉറ്റു നോക്കുന്ന ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മുൻ ഇന്ത്യൻ നായകൻ ധോണി നയിക്കുന്നു എന്നത് തന്നെയാണ് ചെന്നൈയെ ഇത്രയും ആളുകൾക്ക് സ്വീകാര്യമാക്കിയത്. രണ്ടു വർഷത്തെ വിലക്കിനു ശേഷം കഴിഞ്ഞ സീസൺ കളിച്ച അവർ, ചാമ്പ്യന്മാരായാണ് തിരിച്ചു വരവ് അറിയിച്ചത്. ഇത്തവണയും അവർക്ക് ചാമ്പ്യൻ പട്ടം നിലനിർത്താനാവുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

എം എസ് ധോണി, സുരേഷ് റൈന, ഷെയിൻ വാട്സൺ, ഡുപ്ലെസിസ്, അമ്പാട്ടി റായുഡു, സാം ബില്ലിംഗ്സ് എന്നിവരാണ് ചെന്നൈയ്യുടെ ബാറ്റിംഗ് കരുത്ത്. രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നീ ഓൾറൗണ്ടർമാരും ചെന്നൈ നിരയുടെ കരുത്ത് വർധിപ്പിക്കുന്നു. പ്രധാന ബൗളർ ആയ ലുങ്കി എന്ഗിടി പരുക്ക് മൂലം പിന്മാറിയത് അവരുടെ ബൗളിംഗ് നിരയെ ബാധിക്കുമെങ്കിലും, ഡേവിഡ് വില്ലീ, മോഹിത് ശർമ്മ, കരൺ ശർമ്മ മുതലായ ബൗളർമാർ ഏത് വമ്പൻ ബാറ്സ്മാന്മാരുടെയും ഉറക്കം കെടുത്താൻ കഴിവുള്ളവരാണ്.

ഭൂരിഭാഗം കളിക്കാരും 30 കഴിഞ്ഞവരാണെന്നതാണ് ചെന്നൈ സൂപ്പർ കിങ്സിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഷെയിൻ വാട്സണും ഡ്വെയ്ൻ ബ്രാവോയും ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു കഴിഞ്ഞു. ലോക കപ്പിന് ശേഷം വിരമിക്കാൻ സാധ്യത ഉള്ള താരമാണ് എം എസ് ധോണി. സുരേഷ് റെയ്‌ന ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ല.
ഇത്തരം പ്രശ്ങ്ങൾ അലട്ടുന്ന ടീം ആണ് ചെന്നൈ എങ്കിലും ഏതു സാഹചര്യത്തിൽ നിന്നും തിരിച്ചു വരാനുള്ള കഴിവ് ചെന്നൈയെ വേറിട്ട് നിർത്തുന്നത്. പ്രായം കൂടിയ ടീം എന്ന വിമർശനവുമായി ആണ് കഴിഞ്ഞ വർഷവും ചെന്നൈ എത്തിയത്. പക്ഷെ ചാമ്പ്യന്മാരായാണ് അവർ മടങ്ങിയത്. 11 തവണ കളിയിലെ കേമൻ പട്ടം ചെന്നൈയ് കളിക്കാരെ തേടിയെത്തി. അതിൽ 8 ഉം വ്യത്യസ്ത കളിക്കാരാണെന്നത് ചെന്നൈയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. ഓരോ കളിയിലും വ്യത്യസ്ത കളിക്കാർ ടീമിന്റെ രക്ഷക്കെത്തി എന്നുള്ളതാണ് കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിനെ ചാമ്പ്യന്മാരാകാൻ സഹായിച്ച മറ്റൊരു ഘടകം.

കഴിഞ്ഞ വർഷത്തെ കളി മികവും ധോണിയുടെ അനുഭവ സമ്പത്തും കണക്കിലെടുത്താൽ ഇത്തവണയും ചാമ്പ്യന്മാരാകാൻ എന്തുകൊണ്ടും കഴിവുള്ളവരാണ് ചെന്നൈ സൂപ്പർ കിങ്‌സ്.

Leave a comment