മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിലേക്ക്
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന ജയം. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ജർമൻ ടീമായ ഷാൽക്കയെ ഏഴ് ഗോളിന് നിഷ്പ്രഭരാക്കികൊണ്ട് ആയിരുന്നു സിറ്റിയുടെ വിജയം. ഇരു പാദങ്ങളിലുമായി 10-3 എന്ന ആധികാരിക ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
സെർജിയോ അഗ്വേറോയുടെ ഇരട്ട ഗോളുകളും, ലിറോയ് സാനെ, റഹീം സ്റ്റർലിംഗ്, ബെർണാർഡോ സില്വ, ഫിലിപ്പ് ഫോഡൻ, ഗബ്രിയേൽ ജീസസ് എന്നിവരുടെ ഗോളുകളും ആണ് മുൻ ജർമൻ ചാമ്പ്യൻമാർക്ക് നാണംകെട്ട തോൽവി സമ്മാനിച്ചത്. കളിയുടെ സമസ്തമേഖലകളിലും നിറഞ്ഞാടിയ സിറ്റി കളിക്കാർക്കെതിരെ ഒന്ന് ആക്രമിക്കാൻ പോലുമുള്ള ശേഷി ഷാൽകയുടെ താരങ്ങൾക്ക് ഉണ്ടായിരുന്നില്ല. രണ്ടു ചിറകുകളിലുമുള്ള സാനെയുടെയും സ്റ്റെർലിങിന്റെയും വേഗത അവരെ വല്ലാതെ വെള്ളം കുടിപ്പിച്ചു. ഇതോടുകൂടി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലെ ഏറ്റവും ഉയർന്ന വിജയത്തിൻറെ സംയുക്ത റെക്കോർഡിന് അർഹരായിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.
എന്തായാലും ഷാൽക്ക മാനേജർ ഡൊമിനിക്കൊ ടെഡെസ്ക്കോയുടെ നില പരുങ്ങലിലാണ്. ബുണ്ടസ് ലിഗയിൽ തപ്പിത്തടയുന്ന ഷാൽക്ക റെലഗേഷൻ ഭീഷണി നേരിടുന്നവരാണ്. ഈവർഷത്തെ ലീഗ് കപ്പ് താങ്കളുടെ ട്രോഫി റൂമിൽ ഇതിനോടകം എത്തിച്ച മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, FA കപ്പ് എന്നിവകൂടി നേടി ഒരു ചാതുർ നേട്ടമാണ് ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാൽ ലോക ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അത്യപൂർവ്വമായ ഒരു നേട്ടമാകും അത്.
– കളിപ്രാന്തൻ