Foot Ball Top News

ലൂയിസ് വാൻ ഗാൽ – ഒരു യുഗാന്ത്യം

March 12, 2019

author:

ലൂയിസ് വാൻ ഗാൽ – ഒരു യുഗാന്ത്യം

 

അലോഷ്യസ് പൗലസ് മരിയ വാൻ ഗാൽ എന്ന ലൂയിസ് വാൻ ഗാൽ, ലോക ഫുട്ബോളിലെ ഏറ്റവും അലംകൃതരായ മാനേജർമാരിൽ ഒരാൾ ഇന്ന് വിരമിക്കുന്നു. 29 വർഷത്തെ ഗംഭീരമായൊരു മാനെജീരിയൽ കരിയറിനാണ് അന്ത്യമാകുന്നതു. വാൻ ഗാലിന്റെ തട്ടില്‍ ലോക ഫുട്ബോളിലെ പല മഹാരഥന്മാര്‍ വന്ന് ആടിത്തിമിർത്തൂ. ചിലര്‍ പിച്ചവച്ച് പഠിച്ചതും ഈ ഡച്ച് ചാണക്യന്റെ കണ്‍മുന്നിലാണ്‌. ഇരുപതിലധികം മേജര്‍ ടൈറ്റിലുകൾ നേടിയ ഈ ഫുട്ബോൾ മാന്ത്രികന്റെ വഴിയിലൂടെ ഒരു തിരനോട്ടം.

ഡച്ച് ക്ലബ് സ്പാർടാ റോട്ടർഡാമിന്റെ ഒരു ഇതിഹാസ താരമായിരുന്നു വാൻ ഗാൽ. അവര്‍ക്കു വേണ്ടി 248 കളികളില്‍ മധ്യനിരയിൽ ബൂട്ട് കെട്ടിയിട്ടുണ്ട് അദ്ദേഹം. എന്നാൽ വാൻ ഗാൽലെ പ്രതിഭാശാലി പിറന്നത് ബൂട്ടഴിച്ച ശേഷമുള്ള മാനെജീരിയൽ കരിയറിലാണ്.

 

  1. അയാക്സ്(1991-1997)

1991ലാണ്, അന്ന് അയാക്സ് (ajax) അസിസ്റ്റന്റ് കോച്ച് ആയിരുന്നു വാൻ ഗാൽ, ക്ലബ് മാനേജർ ആയി പ്രമോട്ട് ചെയ്യപ്പെടുന്നത്. 1994, 1995, 1996 തുടർച്ചയായി മൂന്ന് കൊല്ലം അയാക്സ് ഡച്ച് ചാമ്പ്യന്മാരായി. സീനിയർ മാനെജീരിയൽ കരിയറിൽ ഹാട്രിക് നേടുന്ന അപൂര്‍വ്വം മാനെജർമാരിൽ ഒരാളാണ് വാൻ ഗാല്‍. അതും തന്റെ കരിയർ തുടങ്ങി ആദ്യ നാളുകളില്‍ തന്നെ. ഇതിൽ 1994-95 സീസൺ ഇല്‍, അയാക്സ് ലീഗിലോ ചാമ്പ്യൻസ് ലീഗിലോ തോല്‍വി അറിഞ്ഞിട്ടില്ല എന്ന റെക്കോഡും ഉള്‍പ്പെടുന്നു. ആ സീസൺടെ പരിസമാപ്തി അയാക്സ്ന്റെ 1995 ചാമ്പ്യൻസ് ലീഗ് കിരീടത്തോട് കൂടി ആയിരുന്നു. അയാക്സ്ന്റെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് കിരീടം. ആ വര്‍ഷം തന്നെ UEFA സൂപ്പർ കപ്പും അയാക്സ് നേടി. ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ മാനെജർ ആയി മാറി ലൂയിസ് വാൻ ഗാല്‍. പാട്രിക് ക്ളൈവർട്, ഡെന്നീസ് ബർഗ്കാമ്പ്, എഡ്ഗര്‍ ഡേവിസ്, എഡ്വിൻ വാൻ ഡർ സാർ എന്നിവരെല്ലാം അയാക്സിൽ വാൻ ഗാലിന്റെ ശിഷ്യന്‍മാര്‍ ആയിരുന്നു. അയാക്സിലെ പരിപൂര്‍ണ വിജയങ്ങള്‍ക്ക് സമ്മാനമായി 1997ൽ അദ്ദേഹത്തെ തേടി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് – നുസാൻ എന്ന ഡച്ച് പ്രഭു പട്ടം എത്തി.

ചാമ്പ്യൻസ് ലീഗ് ട്രോഫിയുമായി

 

  1. ബാർസലോണാ (1997-2000)

1997 മുതൽ 2000 വരെ ബാർസലോണായെ മേയ്ക്കാന്‍ ആയിരുന്നു വാൻ ഗാലിന്റെ വിധി. മൂന്ന് സീസണിൽ രണ്ട് ലാ ലീഗ പട്ടവും ഒരു കോപ്പ ഡെല്‍ റേ പട്ടവും ന്യൂ ക്യാംമ്പിൽ അദേഹം എത്തിച്ചു. എന്നിരിക്കിലും ബാർസ നാളുകള്‍ അത്ര ശുഭകരമായിരിന്നില്ല. തുടർച്ചയായി മാധ്യമങ്ങളും കളിക്കാരും ആയി വാൻ ഗാൽ ഏറ്റുമുട്ടിക്കൊണ്ടിരിന്നൂ. സൂപ്പർസ്റ്റാർ റിവാൾഡോയെ തന്റെ വരുതിക്ക് വരുത്താൻ ശ്രമിച്ചു പുള്ളി നന്നേ പരാജയപ്പെട്ടു. ഒടുക്കം ബാർസയോട് വിട പറയുമ്പോൾ വാൻ ഗാല്‍ പറഞ്ഞത് പ്രശസ്തമാണ്

“എന്റെ മാധ്യമ സുഹൃത്തുക്കളെ, ഞാൻ പോകുന്നു, നിങ്ങള്‍ക്ക് അഭിനന്ദനങ്ങൾ”

 

  1. മാതൃരാജ്യം

അടുത്ത ഊഴം ഡച്ച് ദേശിയ ടീമിനെ ലോകകപ്പിന് സജ്ജരാക്കുക എന്നതായിരുന്നു. വാൻ ഗാലിന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടം ആയിരുന്നു അത്. നെതർലാന്റ്സ് ടീം ലോകകപ്പിന് ക്വാളിഫൈ ചെയ്യാത്തതിലൂടെ വാൻ ഗാലിന് തന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. സർ അലക്സ് ഫെര്‍ഗുസന്‍ ആ വര്‍ഷം വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഉയര്‍ന്നപ്പോള്‍, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മനേജർ ആകാൻ പോകുന്നത് വാൻ ഗാല്‍ ആയിരിക്കും എന്ന് ശ്രുതി പരന്നു. എന്നാൽ സർ അലക്സ് വിരമിച്ചതുമില്ല, വാൻ ഗാല്‍ യുണൈറ്റഡിൽ എത്തിയതുമില്ലാ. അടുത്ത ലക്ഷ്യം ബാർസ ആയിരുന്നു.

 

  1. വീണ്ടും ബാർസ (2002-03)

ബാർസലോണയുടെ ഏറ്റവും മോശപ്പെട്ട ഒരു സീസൺ ആയിരുന്നു 2002-03. സീസൺടെ തുടക്കത്തിൽ മൂന്ന് വർഷത്തെ കരാറില്‍ എത്തിയ വാൻ ഗാല്‍, സീസൺ തുടങ്ങി ആറാം മാസം ക്ലബ് വിടുമ്പൊൾ ബാർസ റലഗേഷൻ സോണിന് മൂന്ന് പോയിന്റ്‌ മാത്രം മുകളിലായിരുന്നു. ടേബിളില്‍ 12-ാം സ്ഥാനത്തും. നമ്മളറിയുന്ന ബാർസലോണാ അങ്ങനെയല്ല. പിന്നീട് കുറച്ചു നാൾ അയാക്സ്ന്റെ ടെക്നിക്കൽ ഡയറക്ടർ പോസ്റ്റിൽ വാൻ ഗാല്‍ ഉണ്ടായിരുന്നെങ്കിലും അത് വളരെ പെട്ടെന്ന് അവസാനിച്ചു.

 

  1. അല്ക്കമാർ സാൻസ്ട്രീക്ക്(AZ Alkmaar)(2005-2009)

അയാക്സ് അല്ലാതെ മറ്റൊരു ഡച്ച് ക്ലബ്ബിനെ വാൻ ഗാല്‍ പരിശീലിപ്പിക്കും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാൽ ഒരു സാധാരണ ക്ലബ്ബായിരുന്നു അല്ക്കമാർ സാൻസ്ട്രീക്കിനെ(AZ Alkmaar) ഡച്ച് ചാമ്പ്യന്മാരാക്കി ഒരിക്കൽകൂടി തന്നെ കാലം കഴിഞ്ഞിട്ടില്ല എന്നത് വാൻ ഗാല്‍ തെളിയിച്ചു. 2008-2009 സീസണിൽ തോൽവിയറിയാതെ 28 കളികളിൽ AZ നെ അദ്ദേഹം നയിച്ചു. AZ Alkmaarൽ ഏറ്റവും നല്ല സ്മരണകളുമായി വാൻ ഗാല്‍ ജർമനിക്ക് വണ്ടി കയറി.

 

  1. ബയൺ മ്യൂണിക്ക്(2009-11) 

ഇന്നു കാണുന്ന നിലയിൽ ബയൺ മ്യൂണിക്കിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് വാൻ ഗാല്‍. ആര്യൻ റോബനെ റയൽ മാഡ്രിഡിൽ നിന്ന് വാങ്ങിയും, യൂത്ത് ടീമിൽ ഉണ്ടായിരുന്ന തോമസ് മുള്ളർ ഹോൾഡർ ബാഡ്സ്ടൂബർ എന്നിവരെ ഒന്നാം നിരയില്‍ കൊണ്ടുവന്നു അദ്ദേഹം ബയണിനെ അഴിച്ചുപണിതു. അറ്റാക്കിങ് പ്ലേമേക്കർ ആയിരുന്ന ബാസ്റ്റ്യൻ ഷ്വായ്ൻസ്റ്റീഘറെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയി വളർത്തിയെടുത്തത് വാൻ ഗാല്‍ ആയിരുന്നു. വന്ന വർഷം തന്നെ വാൻ ഗാല്‍ ബയണിനെ ബുണ്ടസ് ലിഗ ചാമ്പ്യന്മാരാക്കീ. ആ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പഴയ ശിഷ്യനായ ഹോസേ മൊറീഞ്ഞോയുടെ ഇൻറർ മിലാനോട് തോൽക്കുന്നത് വരെ ബയൺ കടിഞ്ഞാൺ പൊട്ടിയ കുതിരയെപ്പോലെ കുതിക്കുകയായിരുന്നു.

ബുണ്ടസ് ലിഗയും ജർമൻ കപ്പ് ട്രോഫിയുമായി

  1. വീണ്ടും ഹോളണ്ടിലേക്ക്(2012-14) 

ഡച്ച് നാഷണൽ ടീം കോച്ച് ആകാൻ ഒരിക്കൽകൂടി വാൻ ഗാലിന് വിളിവന്നു. ഇത്തവണ പുള്ളി രണ്ടും കല്പിച്ച് ആയിരുന്നു. 2014 വേൾഡ് കപ്പ് ആയിരുന്നു ലക്ഷ്യം. യൂറോ 2012ൽ ഗംഭീരമായി പരാജയപ്പെട്ടെങ്കിലും അതൊന്നും വേൾഡ് കപ്പ് എന്ന ലക്ഷ്യത്തെ താഴ്ത്തിയില്ലാ. ലോകകപ്പിലെ ആദ്യത്തെ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ചാമ്പ്യൻമാരായ സ്പെയിനെ 5-1ന് തകർത്തുകൊണ്ടാണ് നെതർലൻഡ്സ് തുടങ്ങിയത്. ആ മികവ് അവർ അടിയറവെച്ചത് സെമിഫൈനലിൽ അർജൻറീനയുടെ മുമ്പിൽ മാത്രമാണ്, അതും പെനാൽറ്റി ഷൂട്ടൗട്ടിൽ മാത്രം. ലൂസേഴ്സ് ഫൈനലിൽ ബ്രസീലിനെ 3-0 ന് തോൽപ്പിച്ച് 2014 വേൾഡ് കപ്പിലെ മൂന്നാം സ്ഥാനം ഹോളണ്ടിന് സമ്മാനിച്ച വാൻ ഗാല്‍ രാജ്യാന്തര കുപ്പായം അഴിച്ചുവെച്ച് വീണ്ടും ക്ലബ്ബ് ഫുട്ബോളിലോട്ട് മടങ്ങി.

 

  1. ഇനി ഇംഗ്ലണ്ടിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ(2014-16) 

സർ അലക്സ് ഫെർഗൂസന്റെ വിരമിക്കലോടെ ആകെ പരിതാപകരമായ അവസ്ഥയിൽ പെട്ട് ഉഴലുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്തം വാൻ ഗാലിന്റെ ചുമലില്‍ വന്നു. ഡേവിഡ് മോയസ്സിന് പകരക്കാരനായി 2014ൽ യുണൈറ്റഡിന്റെ ചുമതലയേറ്റൂ അദ്ദേഹം. ഇന്ന് യുണൈറ്റഡ് സൂപ്പർതാരങ്ങളായി വിലസുന്ന ആൻറണി മാർഷിയാൽ ആന്തർ ഹെരേരാ ലൂക്ക് ഷോ എന്നിവർ വാൻ ഗാലിന്റെ സൈനിങ് ആയിരുന്നു. കൗണ്ടർ അറ്റാക്ക്ലും ലോങ്ങ് ബോൾ ടാക്ടിക്സികളിലും കോൺസെൻട്രേറ്റ് ചെയ്ത് മുങ്ങിക്കൊണ്ടിരുന്ന യുണൈറ്റഡിനെ ഒന്ന് സന്തുലിതമാക്കി എടുത്തു വാൻ ഗാല്‍. സർ അലക്സിനെ വിരമിക്കലിന് ശേഷം ഒരു ട്രോഫിക്ക് വേണ്ടിയുള്ള യുണൈറ്റഡ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായിരുന്നു വാൻ ഗാലിന്റെ നേതൃത്വത്തിൽ ടീം നേടിയ 2016 FA കപ്പ്. എന്നിരുന്നാലും യുണൈറ്റഡിനെ അതിന്റെ പഴയ പ്രതാപത്തിന്റെ നിഴലിൽ പോലും എത്തിക്കാൻ കഴിയാതെ പോയ അദ്ദേഹത്തിന് കൃത്യം രണ്ടു ദിവസത്തിനുശേഷം മാനേജർ സ്ഥാനം നഷ്ടപ്പെട്ടു.

2016 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആർസനൽ മത്സരത്തിനിടെ 

 

അതിനുശേഷം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാതിരുന്ന ലൂയിസ് വാൻ ഗാല്‍ മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന്‌ 11.03.2019 ന് തന്റെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീലയിട്ടൂ.

 

ടെക്നിക് കൊണ്ടും കളി വിശകലനം കൊണ്ടും ലൂയിസ് വാൻ ഗാല്‍ ഇന്ന് ലോകത്തെ പല മാനേജർമാർക്കും ഗുരു തുല്യനാണ്. മൂന്നു വ്യത്യസ്ത രാജ്യങ്ങളിൽ ലീഗ് കിരീടം നേടിയിട്ടുള്ള വിരലിലെണ്ണാവുന്ന മാനേജർമാരിൽ ഒരാളാണ് അദ്ദേഹം. കേളി മികവുകൊണ്ട് വാൻ ഗാലിന്റെ ടീമുകൾ അമാനുഷികരായിരുന്നില്ല, എന്നാൽ അജയ്യരായിരുന്നു. അത്ര ശക്തമായ ഡിഫൻസീവ് ടെക്നിക്സ് പ്രയോഗിക്കുന്നതിൽ ലോകഫുട്ബോളിലെ പല മാനേജർമാർക്കും മാർഗ്ഗദർശിയായിരുന്നു അദ്ദേഹം.

അയാക്സിനെയും ബാഴ്സയെയും ബയൺ മ്യൂണിക്കിനെയും നെതർലാൻഡ്സ്നെയും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതിന്, ഞാനടക്കമുള്ള തലമുറയുടെ ഫുട്ബോൾ വിശ്വാസങ്ങളിൽ ഇഴുകിചേർന്ന ആശാനേ….. നന്ദി.

 

 

Leave a comment

Your email address will not be published. Required fields are marked *