Editorial Foot Ball Stories Top News

അൻസു ഫാത്തി; ഫുട്ബോളിലെ പുത്തൻ പ്രതീക്ഷ

September 20, 2019

author:

അൻസു ഫാത്തി; ഫുട്ബോളിലെ പുത്തൻ പ്രതീക്ഷ

“He is very good, he doesnt have one pair, he’s got two pairs (of balls), this kid has a lot of personality”.

മുൻ ബാഴ്സലോണ സൂപ്പർ താരം സാമുവൽ എറ്റൂവിന്റെ വാക്കുകൾ മതിയാകും അൻസു ഫാത്തിയുടെ പ്രതിഭയെ വർണിക്കാൻ. ഇക്കഴിഞ്ഞ വാരം ബാഴ്സലോണയ്‌ക്കുവേണ്ടി ലാ ലീഗയിൽ അരങ്ങേറ്റം കുറിച്ച പതിനാറുകാരൻ പയ്യൻ അത്രയേറെ പ്രതീക്ഷയാണ് ഫുട്ബോൾ ലോകത്തിനു നൽകുന്നത്.

ആദ്യ മത്സരത്തിൽ ബാഴ്സലോണയ്‌ക്കുവേണ്ടി അൻസു കളിക്കാനിറങ്ങുമ്പോൾ തന്നെ അവൻ ചരിത്രത്തിന്റെ ഭാഗമായിരുന്നു. ക്യാമ്പ്‌ ന്യൂവിൽ ബാഴ്സയ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു മാറി. സൂപ്പർ താരങ്ങൾ നിറഞ്ഞ ബാഴ്സ നിരയിൽ വാൽവർദേ ഒരു പതിനാറുകാരനെ അവതരിപ്പിച്ചപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. പക്ഷെ കളത്തിലിറങ്ങി രണ്ടു മിനിറ്റിനുള്ളിൽ തന്നെ എതിർ ടീമിന്റെ വല ചലിപ്പിച്ച ഫാത്തി ആ സംശയങ്ങൾക്കുള്ള മറുപടി നൽകി. വെറും അഞ്ചു മിനിറ്റിനുള്ളിൽ ഡി ജോങ്ങിന്റെ കാലുകളിലേക്കു മനോഹരമായൊരു അസ്സിസ്റ്റ്‌കൂടി നൽകിയതോടെ അൻസു ഫാത്തി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഒരിരിപ്പിടം സ്വന്തമാക്കി.

അത്ര മനോഹരമായിരുന്നില്ല അൻസുവിന്റെ ബാല്യം, ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ട ഗിനിയ ബിസാവുവിൽ നിന്നും ബോറി ഫാത്തിയെന്ന ഫുട്ബോൾ കളിക്കാരൻ പോർചുഗലിലേക്കു ചേക്കേറിയത് കുട്ടികൾക്ക് ഒരുനേരമെങ്കിലും വയറു നിറയെ ആഹാരം കൊടുക്കാൻ സാധിക്കുന്ന മെച്ചപ്പെട്ട ഒരു ജീവിതം ലക്ഷ്യമിട്ടായിരുന്നു. അവിടെ ചെറു ക്ലബ്ബുകളുടെ പരിശീലകനായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് സ്പാനിഷ് നഗരമായ സെവില്ലയ്ക്കടുത്തുള്ള മറീനാലിഡ യെപ്പറ്റി അയാൾ കേട്ടത്. കുടിയേറ്റക്കാർക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നൽകുന്ന ആ നഗരത്തിലേക്കു ജീവിതം പറിച്ചുനട്ട അയാളെ കാത്തിരുന്നതു വറുതിയുടെ നാളുകളായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി അയാൾ ആ നഗരത്തിൽ ഭിക്ഷയെടുത്തു. അവസാന ശ്രമമെന്ന നിലയ്ക്കാണ് അയാൾ അവിടത്തെ മേയറെ ചെന്നുകണ്ടത്. മേയറുടെ ഡ്രൈവറായി ജോലി തുടങ്ങിയ ബോറി തന്റെ ഭാര്യയെയും കുട്ടികളെയും സ്പെയിനിലേക്കെത്തിച്ചു സമീപനഗരമായ ഹെറേരയിൽ താമസം തുടങ്ങി.

കുട്ടിക്കാലത്തു ക്രിസ്ത്യാനോ റൊണാൾഡോയുടെ കളികണ്ടു ഫുടബോളിനെ സ്നേഹിച്ച അൻസു സെവില്ലയുടെ ട്രെയിനിങ് ക്യാമ്പിലെത്തി. അവന്റെ പ്രതിഭ കേട്ടറിഞ്ഞ റയലും ബാഴ്സയും അൻസുവിനുവേണ്ടി സെവില്ലയെ സമീപിച്ചതോടെ ട്രാൻസ്ഫർ തർക്കങ്ങളിൽ പെട്ട അൻസുവിനെ ലാ മാസിയ ഏറ്റെടുത്തു.

പിന്നീടങ്ങോട്ട അൻസുവിനു വളർച്ചയുടെ നാളുകളായിരുന്നു. ഇടയിൽ സംഭവിച്ച പരിക്ക് കുറച്ചുകാലം കളിക്കളത്തിൽ നിന്നു മാറ്റിനിർത്തിയെങ്കിലും കൂടുതൽ ശക്തിയോടെ അവൻ തിരിച്ചുവന്നു. ഇപ്പോൾ സാക്ഷാൽ ലയണൽ മെസ്സിയുടെ പിൻഗാമിയായാണ് അവനെ ലോകം കാണുന്നത്. സ്‌പെയിൻ ദേശീയടീമിന്റെ കുപ്പായവും അവനുവേണ്ടി കാത്തിരിക്കുന്നു. ഒരിക്കൽ പട്ടാളടാങ്കുകളുടെ വെടിയൊച്ചകൾ മുഴങ്ങിയിരുന്ന അവന്റെ കാതുകളിലിപ്പോൾ പ്രശംസകളുടെ സംഗീതമാണ് കേൾക്കുന്നത്. അൻസു കളിച്ചുയരട്ടെ, യുദ്ധങ്ങൾ കരിനിഴൽ വീഴ്‌ത്തുന്ന ആയിരക്കണക്കിന് ബാല്യങ്ങളുടെ മുന്നിൽ പ്രതീക്ഷയായും പ്രചോദനമായും അവന്റെ കഥകൾ വാഴ്ത്തപ്പെടട്ടെ.

Leave a comment