ബൊറൂസിയ vs ബാഴ്സലോണ മാച്ച് റിവ്യൂ
“സിഗ്നൽ ഇഡുന പാർക്ക്”, അതൊരു മാന്ത്രിക ചതുരമാണ്. ബർമുഡ ത്രികോണം പോലെ. ബൊറൂസിയ ഡോർട്മുണ്ട് എന്ന ആതിഥേയരെ കീഴടക്കാനായി അവിടെയെത്തുന്ന എതിരാളികളെ വരവേൽക്കുക അവിടത്തെ ഭ്രാന്തമായ അന്തരീക്ഷമാകും. ആ ആവേശം തീർക്കുന്ന ചുഴികളിൽ പെട്ട അവർ പരാജയത്തിന്റെ പടുകുഴികളിലേക്ക വലിച്ചു താഴ്ത്തപ്പെടും.
ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയെ മഞ്ഞ പുതച്ചു കിടന്ന ഗാലറികളാണ് ജർമനിയിൽ വരവേറ്റത്. അതു നൽകിയ സമ്മർദ്ദം മൂലമാകണം, സാക്ഷാൽ ലയണൽ മെസ്സി സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയിട്ടുപോലും മികച്ച കളി കാഴ്ചവെയ്ക്കാൻ ബാഴ്സയ്ക്കു കഴിയാതെ പോയത്.
കളി തുടങ്ങുമ്പോൾതന്നെ മത്സരം ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. പതിനാറുകാരനായ അൻസു ഫാത്തി ചാംപ്യൻസ് ലീഗിൽ ബാഴ്സയ്ക്കു വേണ്ടി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. പക്ഷേ ലാ ലീഗയിൽ മികച്ച തുടക്കം കുറിച്ച ഫാത്തി തന്റെ യു സി എൽ അരങ്ങേറ്റത്തിൽ തീർത്തും നിറം മങ്ങി. മത്സരം ഒരു മണിക്കൂർ പൂർത്തിയാക്കുമ്പോഴേക്കും ഫാത്തിയ്ക്കു പകരം മെസ്സി കളത്തിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഗാലറിയിലെ ആരവങ്ങളിലും ഡോർട്മുണ്ട് പ്രതിരോധത്തിലും ബാർസ ആക്രമണങ്ങൾ മുങ്ങിപ്പോകുകയായിരുന്നു. മത്സരത്തിലുടനീളം ഏഴു ഷോട്ടുകൾ മാത്രമാണ് ബാഴ്സ തൊടുത്തത്. അതിൽ ലക്ഷ്യത്തിലേക്കു പാഞ്ഞത് ഒന്നു മാത്രം.
മറുവശത്തു ഡോർട്മുണ്ട് ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇരുപത്തഞ്ചാം മിനുട്ടിൽ തോർഗൻ ഹസാഡിലൂടെ തുടങ്ങിയ ആക്രമണം പാകോയിലൂടെയും റീയൂസിലൂടെയും സാഞ്ചോയിലൂടെയും ഡോർട്മുണ്ട് പല തവണ ആവർത്തിച്ചു. പക്ഷേ ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ മിന്നുന്ന ഫോമിലായിരുന്നു. അൻപത്തിയേഴാം മിനുട്ടിൽ സാഞ്ചോയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച റീയൂസിന്റെ പെനാൽടിയടക്കം തനിക്കുനേരെ വന്ന പന്തുകളെല്ലാം തടുത്തിട്ട സ്റ്റീഗൻ അക്ഷരാർത്ഥത്തിൽ ബാഴ്സയെ രക്ഷപ്പെടുത്തുകയായിരുന്നു. എഴുപത്തിയേഴാം മിനുട്ടിൽ ബ്രൻഡിന്റെ ഷോട്ട് സ്റ്റീഗനെ പരാജയപ്പെടുത്തിയെങ്കിലും ക്രോസ് ബാർ രക്ഷകനായതോടെ വിലപിടിപ്പുള്ള ഒരു സമനിലയുമായി കളം വിടാൻ ബാഴ്സയ്ക്കു കഴിഞ്ഞു.
സമനിലയിൽ പിരിഞ്ഞെങ്കിലും മത്സരഫലത്തിൽ ഡോർട്മുണ്ട് തീർത്തും നിരാശരായിരിക്കും. കാരണം അടുത്ത അങ്കം ക്യാമ്പ് ന്യൂവിലാണ്. വർദ്ധിതവീര്യവുമായെത്തുന്ന മിശിഹയെയും കൂട്ടരെയും കാറ്റലോണിയൻ മണ്ണിൽവച്ചു വീഴ്ത്താൻ ഡോർട്മുണ്ട് ശ്രമിക്കുമ്പോൾ രണ്ടാം പാദത്തിലും മത്സരം തീപാറുമെന്നുറപ്പ്.






































