Editorial Foot Ball Top News

റോയലാവാൻ റോയ്‌സിന് മുന്നിൽ ഇതൊരവസരം !!

September 17, 2019

റോയലാവാൻ റോയ്‌സിന് മുന്നിൽ ഇതൊരവസരം !!

ലോക ഫുട്ബോളിൽ ഉത്തേജകജനകമായ കളി പുറത്തെടുക്കുന്നവർ വിരളമാണ്. അവർ അതിനാൽ നമ്മുടെ മനസ്സിൽ സൃഷ്ഠിക്കുന്ന ചലനങ്ങൾ വളരെ വലുതായിരിക്കും. അങ്ങനെ വേറിട്ട നിറുത്താൻ പറ്റുന്ന താരമാണ് ജർമനിയുടെ മാർക്കോ റോയ്‌സ്. ഇന്ന് ബാഴ്‌സലോണയെ നേരിടുന്ന ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോട്ട്മണ്ടിന്റെ കപ്പിത്താൻ കൂടിയാണ് ഈ 30 വയസ്സുകാരൻ.

2012 ൽ ബൊറൂസിയ മോചെൻഗ്ലാഡ്ബാക്കിൽ നിന്ന് ഇന്നത്തെ ലിവർപൂളിന്റെ പരിശീലകനായ യോർഗെൻ ക്ളോപ്പാണ് റോയ്‌സിനെ ഡോട്ട്മണ്ടിൽ എത്തിക്കുന്നത്. ഡോട്ട്മണ്ടിന്റെ ലെവൻഡോസ്‌കി, ഗോട്സെ, റോയ്‌സ് ത്രയം ആരാധകരെ ത്രസിപ്പിച്ചത് ചെറുതായിട്ടൊന്നുമല്ല. ഗോട്സെയും ലെവൻഡോസ്‌കിയും കൂടുമാറി പോയിട്ടും റോയ്‌സ് മഞ്ഞപ്പടയുടെ വിശ്വസ്തനായി തുടർന്നു. പിന്നീട് മികിടാരിയൻ, ഗുൻഡോവാൻ, ഒബാമയാങ് പോലത്തെ നിരവധി താരങ്ങളുമായി കൂട്ടുപിടിച്ചു ജർമനിയിൽ ബയേണിന് നല്ലൊരു പ്രതിരോധം തീർക്കാൻ അദ്ദേഹം ശ്രമിച്ചു. പക്ഷെ ഒരിക്കലും ഡോട്ട്മണ്ടുമൊത്തു ബുണ്ടസ്‌ലീഗ കിരീടം എന്ന സ്വപ്നം മാത്രം പൂവണിഞ്ഞില്ല.

ചാമ്പ്യൻസ് ലീഗിലും യൂറോപ്പ കപ്പിലും കഥ മറ്റൊന്നായിരുന്നില്ല. 2013 ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ ടീം എത്തിയെങ്കിലും ബദ്ധവൈരികളായ ബയേണിനോട് തോൽക്കേണ്ടി വന്നു. 2017 യൂറോപ്പ കപ്പ് സെമിയിൽ ലിവര്പൂളിനോട് തോറ്റു പുറത്തു പോയതും ഈ താരത്തിന് ഒരു യൂറോപ്യൻ കപ്പ് നിരസിച്ചു.

ബൊറൂസ്സിയിലെ മികച്ച പ്രകടനം 2014 ലോക കപ്പ് ടീമിൽ അദ്ദേഹത്തിന് സ്ഥാനം നേടി കൊടുത്തു. പക്ഷെ പരിക്ക് മൂലം അദ്ദേഹത്തിനു ബ്രസീലിൽ പോകാൻ സാധിച്ചില്ല. ആ ലോക കപ്പിൽ ജർമ്മനി കിരീടം ചൂടിയെങ്കിലും ഒരു ലോക കപ്പ് വിജയി ആകാൻ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല.

ഒരു നല്ല ടീമിൽ കളിച്ചിരുന്നെങ്കിൽ ഇന്ന് കിരീടങ്ങൾ അദ്ദേഹം വാരി കൂട്ടിയേനെ. കിരീടങ്ങളുടെ അഭാവം കാരണം കൊണ്ട് മാത്രം ലോകത്തിലെ മികച്ച കളിക്കാരുടെ പട്ടികയിൽ അദ്ദേഹം പലപ്പോഴും സ്ഥാനം പിടിച്ചിട്ടുമില്ല.

ഇതിനെയെല്ലാം മറികടക്കാനുള്ള അവസരം ഇന്ന് റോയ്‌സിന് ഉണ്ട്. ഡോട്ട്മണ്ട് ഈ സീസണിൽ കരുത്തരാണ്. സാഞ്ചോയും റോയെസും അൽകസറും ചേരുന്ന ആക്രമണ ത്രയം ഗോളുകൾ വാരി കൂട്ടുകയാണ് ബുണ്ടസ്‌ലീഗയിൽ. ഗോട്സെ, തോർഗൻ ഹസാഡ്, ജൂലിയൻ ബ്രാൻഡെറ്റ് തുടങ്ങിയവർ മധ്യനിരയെയും ശക്തമാക്കുന്നു. മാറ്റ് ഹമ്മെൽസിന്റെ വരവ് പ്രതിരോധത്തെ ദൃഢമാക്കുന്നു.

പക്ഷെ ഡോട്ട്മണ്ടിനും റോയ്‌സിനും ഇനിയും കിരീടങ്ങൾ ഇല്ലാതെ യൂറോപ്പിലെ മികച്ചവർ എന്ന പട്ടം അവകാശപ്പെടാൻ ആവില്ല. തങ്ങളുടെ സ്ഥാനം ബലമായി പിടിച്ചെടുക്കേണ്ടിയിരിക്കുന്നു അവർ. അത് ചാമ്പ്യൻസ് ലീഗിലായാലും ബുണ്ടസ്‌ലീഗയിൽ ആയാലും. ഇന്ന് കരുത്തരായ ബാഴ്‌സയെ വരവേൽക്കുമ്പോൾ അത് തന്നെയാകും മഞ്ഞപ്പടയും അവരുടെ കപ്പിത്താനായും ലക്‌ഷ്യം വെക്കുന്നത്. ലോകത്തോട് തങ്ങളുടെ വരവ് ഉറക്കെ അറിയിക്കുക. അവർക്ക് അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a comment