ആരാധക മനസ്സ് കീഴടക്കി ഡാനി സെബാലോസ്
ആര്‍സണല്‍-ബേണ്‍ലി മത്സരംപുരോഗമിക്കുന്നു, 84-ആം മിനിറ്റ്, എമിരേറ്റ്സ് സ്റ്റേഡിയം ഒന്നടങ്കം സബ്സ്റ്റിറ്റൂട്ട് ചെയ്യപ്പെടുന്ന, തന്റെ ആദ്യ ഹോം മാച്ച് മാത്രം കളിക്കുന്ന ഒരു ലോൺ താരത്തിന് ക്ലബ് ലെജിൻഡ്സിനു കൊടുക്കുന്ന പോലൊരു സ്റ്റാന്റിംഗ് ഒവേഷൻ നൽകുന്നു. അതെ, ആർസെനൽ തങ്ങളുടെ ഈ സീസണിലെ ഹീറോയെ കണ്ടെത്തി കഴിഞ്ഞു. ഡാനി സെബാലോസ് എന്ന 22കാരൻ സ്പാനിഷ് മിഡ്‌ഫീൽഡറിൽ അവർ ഒരുപാട് പ്രതീക്ഷിക്കുന്നു. ഏറെ നാളുകളായി ആർസെനലിന്റെ മിഡ്‌ഫീൽഡിൽ നഷ്ടപ്പെട്ടു പോയ ചിലത് തിരിച്ചു കിട്ടി തുടങ്ങി എന്ന് ഗണ്ണേഴ്‌സ് ആരാധകർ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.
ഈ സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് ആരംഭിക്കുമ്പോൾ ആർസെനൽ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷകൾ അധികം ഇല്ലായിരുന്നു. കഴിഞ്ഞ സീസൺ അവസാനം തുടർ തോൽവികളിലൂടെ ടോപ് 4 ഫിനിഷ് നഷ്ടപ്പടുത്തിയ,തുടരെ 3ആം തവണയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതെ, ആരോൺ റാംസെ, ഡാനി വെൽബെക്ക് എന്നിവരെ കോൺട്രാക്ട് പുതുക്കാതെ തന്നെ ഫ്രീ ഏജന്റ് ആയി പോകുന്നത് തടയാൻ ഒരു ശ്രമവും നടത്താത്ത ടീമും മാനേജ്മെന്റും ആരാധകരുടെ നിരന്തര വിമർശനങ്ങൾക്ക് വിധേയമായി. ഇതിനൊപ്പമാണ് കൂനിന്മേൽ കുരു പോലെ ട്രാൻസ്ഫർ ബഡ്ജറ്റ് വെറും 40മില്യൺ പൗണ്ട് മാത്രമേ ഉള്ളൂ എന്ന വാർത്ത പ്രചരിച്ചത്.
രാംസെയുടെ വിടവ് നികത്താൻ പല താരങ്ങളുടെയും പേരും ആര്സെനാലുമായി ലിങ്ക് ചെയ്യപ്പെട്ടു. മിക്കതും ബഡ്ജറ്റിൽ ഒതുങ്ങുന്ന ആവറേജ് താരങ്ങൾ. ഇത്തവണയും കഴിഞ്ഞ കുറെ വര്ഷങ്ങളായി നടക്കുന്ന പാച്ച് വർക്ക് ആയിരിക്കും എന്ന് ആരാധകർ കരുതിയ ദിനങ്ങൾ. പൊടുന്നനെയാണ് ലില്ലിയുടെ നിക്കൊളാസ് പെപെയുടെയും അത് പോലെ റയൽ മാഡ്രിഡ് താരം സെബാലോസിന്റെയും പേരുകൾ ഉയരുന്നത്.
സ്പെയിൻ U-21 ടീം അംഗമായ സെബാലോസ് ഒരു വർഷത്തെ ലോണിൽ റയൽ മാഡ്രിഡിൽ നിന്നും ആര്സെനലിലേക്കെത്തി.
എന്നാൽ ആര്സെനലിന്റെ പോയ വർഷത്തെ വിന്റർ ട്രാൻസ്ഫർ ദുരന്തമായി മാറിയ ബാഴ്സയുടെ സ്പാനിഷ് താരം ഡെനിസ് സുവാരസിന്റെ ഓർമ്മകൾ ഉള്ളത് കൊണ്ടായിരിക്കണം ആരാധകർ ഇരു കൈയും നീട്ടിയല്ല താരത്തെ വരവേറ്റത്. മറ്റൊരു സുവാരസ് ആകുമോ എന്ന ഭയവും, ലോൺ അവസാനിക്കുമ്പോൾ വാങ്ങാനുള്ള ഓപ്ഷൻ ആർസെനൽ ഉൾപെടുത്താതിരിക്കാൻ സെബാലോസ് റയലിനോട് അവശ്യപ്പെട്ടതായുള്ള വാർത്തകൾ കൂടി വന്നതോടെ സംശയദൃഷ്ടികളുടെ എണ്ണവും കൂടി. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ രണ്ടു മത്സരങ്ങളുടെ പ്രകടനം കൊണ്ട് തന്നെ ആരാധക മനസ്സിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് സെബാലോസ്. ഇന്നലത്തെ മത്സരത്തിൽ രണ്ടു അസ്സിസ്റ്റ് അടക്കം കളം നിറഞ്ഞാടി മാൻ ഓഫ് ദ മാച്ച് ആയ താരത്തതിന്‍റെ വേഗവും കണ്ട്രോളും പാഷനും കണ്ട ആരാധകർ ഇപ്പോ സെബലോസിനെ രാംസെയുടെ പകരക്കാരൻ എന്നതിന് പകരം തങ്ങളുടെ മിഡ്‌ഫീൽഡിലെ സൂപ്പർ സ്റ്റാർസ് ആയിരുന്ന സാന്റി കർസോളയുടെയും, സെസ് ഫാബ്രിഗാസിനുമൊപ്പം താരതമ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മിഡ്‌ഫീൽഡിൽ സംഭവിച്ച മുരടിപ്പ് തന്നെയാണ് പലപ്പോഴും ലോകോത്തര സ്‌ട്രൈക്കർമാർ ഉണ്ടായിട്ടും ടീം പലപ്പോഴും നനഞ്ഞ പടക്കമായി മാറിയത്. അതിനൊരു മാറ്റം ഒരു വര്ഷത്തേയ്ക്കാണെങ്കിലും സെബാലോസിന്റെ വരവോടെ ഉണ്ടാകുമെന്നു ആർസെനാൽ ആരാധകർ കരുതുന്നു.
താരതമ്യങ്ങൾ അതിശയോക്‌തി ഉയർത്തുന്നില്ല. 22വയസ്സ് മാത്രം പ്രായമുള്ള സെബാലോസിന് അതിനു വേണ്ട പ്രതിഭ ഉണ്ടെന്നു നിസ്സംശയം പറയാം. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും താരതമ്യേന ദുർബലരായ എതിരാളികളോടായിരുന്നു.ഗണ്ണേഴ്സിന്റെ അടുത്ത രണ്ടു മത്സരങ്ങൾ ലീഗ് കിരീട പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ലിവർപൂളും, ടോട്ടൻഹവുമായിട്ടാണ്. സീസണിൽ ടോപ് 4 അല്ലെങ്കിൽ അതിനും മുകളിലേക്ക് ഒരു സ്ഥാനം പ്രതീക്ഷിക്കുന്ന ആര്സെനാലിനും അത്പോലെ തന്നെ സെബാലോസിനെ സംബന്ധിച്ചും ഈ മത്സരങ്ങൾ നിർണായകമാണ്. സീസണിൽ ആരാധകർക്ക് നൽകിയ പ്രതീക്ഷകൾ വെറും പാഴ്കിനാവല്ലെന്നും, വമ്പൻമാർക്ക് എതിരെയും പ്രതീക്ഷകൾക്കും മേലെ സെബാലോസും, ഗണ്ണേഴ്‌സും മുന്നോട്ട് കുതിക്കും എന്ന് തന്നെ വിശ്വസിക്കാം. !






































