ചെൽസി – സമയം എടുക്കും, ക്ഷമ വേണം
10 മത്സരങ്ങളിൽ നിന്ന് 4 തോൽവികൾ, 3 സമനില; അങ്ങനെ ആകെ 12 പോയിന്റുമായി ലീഗിൽ പതിനൊന്നാം സ്ഥാനത്ത്. കോടികൾ വാരി എറിഞ്ഞു മുൻനിര കളിക്കാരെ സ്വന്തമാക്കുന്ന ഒരു ടീമിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥാനമല്ല അല്ല ഇത്. ഒരു ചെൽസി ആരാധകനായി ഇരിക്കുന്നത് കുറച്ചു വർഷങ്ങളായി വിഷാദവും. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ആരെല്ലാം വന്നിട്ടും നിലം തൊട്ടിട്ടില്ല.
പക്ഷെ പോച്ചടിനോ ഒരു പ്രതീക്ഷ ആണെന്നെ ഞാൻ പറയു. പലപ്പോഴും റിസൾട്ടും യാഥാർഥ്യവും തമ്മിൽ വലിയ അന്തരംഗം ഉണ്ട്. കഴിഞ്ഞ മത്സരങ്ങൾ തന്നെ എടുക്കുക. ബ്രെന്റ്ഫോഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവരെ സ്വന്തം തട്ടകത്തിലിട്ട് തോല്പിച്ചത്. പക്ഷെ കളി കണ്ടവർക്കറിയാം ചെൽസി എത്രത്തോളം മനോഹരമായിട്ടാണ് കളിച്ചത് എന്ന്. രണ്ടു തവണയാണ് പോസ്റ്റ് മാത്രം ചതിച്ചത്. ആദ്യ പകുതിയിലൊക്കെ ചെൽസി ആക്രമണനിരയുടെ അഴിഞ്ഞാട്ടമായിരുന്നു. ബ്രെന്റ്ഫോഡിന് മറുപടിയെ ഉണ്ടായിരുന്നില്ല.
ആഴ്സണലിന് എതിരെ നടന്ന മത്സരവും അങ്ങനെ തന്നെ. എല്ലാ അർത്ഥത്തിലും മികച്ചു നിന്നത് ചെൽസി തന്നെ. ഇത്രയും മനോഹരമായി ചെൽസി അടുത്തെങ്ങും കളിച്ചിട്ടില്ലാത്ത മത്സരമായിരുന്നു അത്.പക്ഷെ വിജയം മാത്രം ഒപ്പം നിന്നില്ല.
കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ചെൽസി താരങ്ങൾക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥയിൽ ചെൽസിയെ ആരും കാണേണ്ടി വരില്ലായിരുന്നു. പക്ഷെ പ്രതീക്ഷക്ക് വക ഉണ്ട്. അത് അവർ കളിക്കുന്ന മനോഹരമായ അറ്റാക്കിങ് ഗെയിം തന്നെ. അകെ ഒരു പോരായ്മ – ഗോളി മാത്രം. വെറും 10 മത്സരങ്ങൾ കൊണ്ട് ഒരു സീസണെ എഴുതി തള്ളാൻ നിൽക്കണ്ട. ഒരു തുടക്കം കിട്ടിയാൽ, ഈ ടീം ചിലപ്പോ അങ്ങ് കത്തിപ്പടരും. ലാവിയ, ഫൊഫാന പോലുള്ള വമ്പന്മാർ പരിക്ക് മാറി വരാനും കൂടി ഉണ്ടന്ന് ഓർക്കണം.
പക്ഷെ ക്ഷമ വേണം. പോച്ചെറ്റിനോയെ വിലയിരുത്താനുള്ള സമയം ആയിട്ടില്ല. അദ്ദേഹത്തിനെ മാറ്റി പെട്ടന്ന് ഒരാളെ കൊണ്ട് വരുന്നത് ഭൂഷിതവും അല്ല.