ബാഴ്സയുടെ മാൽക്കത്തിന് ഗതികേട് ; ഇനി റഷ്യയിൽ ബൂട്ട് കെട്ടും
ബാഴ്സയുടെ ബ്രസീലിയൻ താരം മാൽക്കത്തിനെ സ്വന്തമാക്കി സെനിത് സെയിന്റ് പീറ്റേഴ്സ്ബർഗ്. 2018 ൽ 41 മില്യൺ യൂറോ കൊടുത്തു ഫ്രഞ്ച് ക്ലബായ ബോർഡ്ഓക്സിൽ നിന്ന് ബാഴ്സ ഭാവി വാഗ്ദാനം എന്ന് പറഞ്ഞു സ്വന്തമാക്കിയ താരമാണ് മാൽകം ഫിലിപ്പെ സിൽവ. എന്നാൽ മെസ്സിയും സുവാരസും കൂട്ടീഞ്ഞോയും ടെമ്പേലെയും അടങ്ങിയ ബാഴ്സയുടെ ആയുധപ്പുരയിൽ മാൽകം തഴയപ്പെടുകയുണ്ടായി. മാനേജർ വാൾവരെടെ ഒരിക്കൽ പോലും പ്രധാന മത്സരങ്ങളിൽ അദ്ദേഹത്തെ തന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഗ്രീസ്മാന്റെ വരവ് കൂടി ആയപ്പോൾ അദ്ദേഹത്തിന് പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. 36 മില്യൺ യൂറോയാണ് ബാഴ്സക്ക് സെനിത് താരത്തിനെ വാങ്ങിച്ചതിനു നൽകുക.
പക്ഷെ മാൽകം അതിലും നല്ല ക്ലബ് അർഹിക്കുന്നു എന്നൊരു തോന്നൽ. കഴിഞ്ഞ സീസൺ ബാഴ്സയിൽ പോകാതെ മറ്റേതു ക്ലബ്ബിൽ പോയിരുന്നെങ്കിലും മികച്ച ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ബാഴ്സയിൽ പോയി ഭാവി അനിശ്ചിതത്വത്തിൽ ആയ മറ്റൊരു താരമായി അദ്ദേഹം മാറി. കഴിഞ്ഞ വര്ഷം റോമയുമായി വാക്കാൽ കരാർ ഉറപ്പിച്ച മാൽകം അവസാന നിമിഷമാണ് ചുവടു മാറ്റി ബാഴ്സയിൽ എത്തിയത്. അതിന് പക്ഷെ അദ്ദേഹത്തിന് തന്റെ ഒരു വര്ഷം ബലി കഴിപ്പിക്കേണ്ടി വന്നു.
എന്നാൽ വെറും 22 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നുള്ളത് അദ്ദേഹത്തിന് ഗുണം ചെയ്യും. ഈ കളിക്കാരന്റെ നല്ല നാളുകൾ വരാൻ ഇരിക്കുന്നതെ ഉള്ളു. അസാമാന്യ വേഗതയുള്ള മാൽകം റഷ്യൻ വമ്പൻമാർക്ക് മുതൽക്കൂട്ടാകും. ഭാവിയിൽ ഇറ്റാലിയൻ ലീഗിലെയോ ഇംഗ്ലീഷ് ലീഗിലെയോ മുൻനിര ക്ലബ്ബുകളിൽ ഈ ബ്രസീലുകാരനെ കണ്ടാൽ അതിശയിക്കാനില്ല.