വിജയവഴി തേടി എസി മിലാന്
കഴിഞ്ഞ മൂന്നു സീരി എ മത്സരത്തില്‍ ഒരു ജയം പോലും രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ വിഷമിച്ചിരിക്കുന്ന എസി മിലാന് ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സാന്‍ സിറോയില്‍ വെച്ച് ലീഗില്‍ പതിനേഴാം സ്ഥാനത്തും റിലഗേഷന്‍ ഭീഷണിയും നേരിടുന്ന സസുവോളോയേ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് കിക്ക് ഓഫ്.
ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള എസി മിലാന് തങ്ങളുടെ ചിരവൈരികള്‍ ആയ ഇന്റര്‍ മിലാനെ മറികടന്നു രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കും.ഇത് കൂടാതെ ഒരു വിജയം മിലാന് ക്യാംപിനു ഇപ്പോള്‍ അനിവാര്യം കൂടിയാണ്.എന്തെന്നാല്‍ കോപ ഇറ്റാലിയ, സുപ്പെര് കോപ ഇറ്റാലിയാന എന്നീ രണ്ടു ഡോമെസ്റിക് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ അവര്‍ കഴിഞ്ഞ സീരി എ പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ലാസിയോക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് ആണ് പരാജയപ്പെട്ടത്.ഇപ്പോള്‍ കോച്ച് പിയോളിക്ക് നല്ല രീതിയില്‍ സമ്മര്‍ദം ആരാധകരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ പോക്ക് തുടര്‍ന്നാല്‍ അടുത്ത സീസന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും കിട്ടാക്കനിയാവും.ഈ അവസ്ഥയില്‍ ഒരു വിജയം നേടാന്‍ ആയാല്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് താരങ്ങളെ പ്രചോദിപ്പിക്കാന്‍ കോച്ചിന് കഴിയും.അതിനാല്‍ എന്ത് വില കൊടുത്തും ഒരു വിജയം നേടുക എന്ന ലക്ഷ്യത്തില്‍ ആണ് എസി മിലാന് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.