കോരിത്തരിപ്പിച്ച മത്സരത്തിൽ ആഴ്‌സണലിന് വിജയം; എന്കെത്തിയേക്ക് ഇരട്ട ഗോൾ
മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്‌സണൽ കുതിപ്പ് തുടരുന്നു. വിജയത്തോടെ ഒരു മത്സരം കയ്യിൽ ഇരിക്കെ സിറ്റിക്കെതിരായ ലീഡ് അവർ 5 ആയി തന്നെ നിലനിർത്തി. തോൽവി അറിയാതെ ആഴ്‌സണൽ മുന്നേറാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാമത്തെ മത്സരം. ഇരട്ട ഗോളുകൾ നേടിയ എഡി എന്കെത്തിയ ആണ് വിജയ ശില്പി.
ആഴ്‌സനലിനെ ഈ സീസണിൽ തോൽപിച്ച ഏക ടീം എന്ന നിലയിൽ മത്സരം തുടങ്ങിയ യുണൈറ്റഡ് ആണ് സ്കോറിങ്ങിനു തുടക്കം കുറിച്ചത്. ആഴ്‌സണൽ നിരയിലെ ഏറ്റവും മികച്ച പ്ലയെർ, തോമസ് പാർട്ടിയെ നോക്ക് കുത്തിയാക്കി റാഷ്‌ഫോർഡ് അതിമനോഹരമായ ഒരു ഗോളിലൂടെ അവരെ മുന്നിൽ എത്തിച്ചു[17′]. എന്നാൽ ആറ് മിനുട്ടിനുള്ളിൽ എന്കെത്തിയയിലൂടെ ആഴ്‌സണൽ തിരിച്ചടിച്ചു. ക്ഷാക്ക നൽകിയ ക്രോസ്സ്, ഹെഡ്ഡെറിലൂടെ ആണ് അദ്ദേഹം വല ചലിപ്പിച്ചത് [24′].
രണ്ടാം പകുതിയിൽ കരുതി കൂട്ടി ഇറങ്ങിയ ആഴ്‌സണൽ ബുക്കയോ സാക്കയിലുടെ ലീഡ് കരസ്ഥമാക്കി [53′]. ലൂക്ക് ഷോ – എറിക്സൺ എന്നിവരെ വെട്ടിച്ചു സാക്ക തൊടുത്ത ഷോട്ട്, സീസണിലെ ഏറ്റവും മികച്ച ഗോൾ എന്ന് വിലയിരുത്തപ്പെട്ടാലും അത്ഭുദപ്പെടാനില്ല. എന്നാൽ ആഴ്‌സനലിനെ പോലെ തന്നെ, ആറു മിനിറ്റുകൾക്കുള്ളിൽ തന്നെ യുണൈറ്റഡ് തിരിച്ചടിച്ചു. കോർണർ സൃഷ്ഠിച്ച ആശയക്കുഴപ്പം മുതലാക്കി ലിസാൻഡ്രോ മാർട്ടിനെസ് ആണ് ചുവന്ന ചെകുത്താന്മാരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് [59′].
മത്സരം തീരാൻ നിമിഷങ്ങൾ മാത്രം നിലനിൽക്കെ ഷിൻചെങ്കോ നടത്തിയ മുന്നേറ്റം എന്കെത്തിയ ഗോളിൽ കലാശിപ്പിച്ചപ്പോൾ എമിറേറ്റ്സ് സ്റ്റേഡിയം ഉന്മാദ ലഹരിയിൽ ആറടി. സുബ്സ്ടിട്യൂറ്റ് ആയി ഇറങ്ങിയ ലിയാൻഡ്രോ ട്രോസാഡും ആ നീക്കത്തിൽ നിർണായക പങ്കു വഹിച്ചു. ആഴ്‌സണൽ ആരാധകർക്ക് എന്ത് കൊണ്ടും ആത്മരതി അണയാം.