ഹാലണ്ടിൻ്റെ ഹാട്രിക് മികവിൽ വോൾവ്സിനെ തകർത്ത് സിറ്റി.!
പ്രീമിയർ ലീഗിലെ മാച്ച് ഡേയ് 21ൽ അരങ്ങേറിയ പോരാട്ടത്തിൽ വോൾവ്സിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിൻ്റെ ഹാട്രിക് മികവിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 40ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ഡിബ്രുയ്ൻ്റെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ ഹാലണ്ട് വലകുലുക്കുകയായിരുന്നു.
ശേഷം ആദ്യപകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാംപകുതി ആരംഭിച്ച് 5 മിനിറ്റ് തികഞ്ഞപ്പോഴേക്കും ഗുണ്ടോഗനെ ബോക്സിൽ വീഴ്ത്തിയതിന് സിറ്റിക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത ഹാലണ്ടിന് പിഴച്ചില്ല. സ്കോർ 2-0. ശേഷം വെറും 4 മിനിറ്റിൻ്റെ ഇടവേളയിൽ താരത്തിൻ്റെ ഹാട്രിക് നേട്ടവും പൂർത്തിയായി. ഇത്തവണ റിയാദ് മാഹ്റെസാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷിച്ച സമയവും നിരവധി അവസരങ്ങൾ സിറ്റി സൃഷ്ടിച്ചുവെങ്കിലും പിന്നീട് ഗോളുകൾ ഒന്നുംതന്നെ പിറന്നില്ല. ഗോൾമടക്കാനായി ലഭിച്ച അവസരങ്ങൾ വോൾവ്സിനും മുതലെടുക്കാനായില്ല.
ഒടുവിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് മത്സരം ആതിഥേയർ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 20 മത്സരങ്ങളിൽ നിന്നും 45 പോയിൻ്റായി സമ്പാദ്യം. അതേസമയം തോൽവി ഏറ്റുവാങ്ങിയ വോൾവ്സ് 20 മത്സരങ്ങളിൽ നിന്നും 17 പോയിൻ്റുമായി 17ആം സ്ഥാനത്തുതന്നെ തുടരുകയാണ്.
ഹാട്രിക് നേട്ടത്തോടെ മത്സരത്തിൽ മിന്നിത്തിളങ്ങിയ എർലിങ് ഹാലണ്ട് തന്നെയാണ് കളിയിലെ താരം.