ഒന്നാംസ്ഥാനം നിലനിർത്താൻ ബാർസ; എതിരാളികൾ ഗെറ്റാഫെ.!
ലാ ലിഗയിൽ വമ്പന്മാരായ ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ താരതമ്യേന ദുർബലരായ ഗെറ്റാഫെയേയാണ് സാവിയും സംഘവും നേരിടാൻ ഒരുങ്ങുന്നത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന മത്സരമായതു കൊണ്ടുതന്നെ അനായാസം വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് ബാർസ ക്യാമ്പിൻ്റെ വിശ്വാസം. സൂപ്പർ കോപ്പയിൽ റയലിനെ തകർത്ത് കിരീടം ചൂടിയതിൻ്റെ ആത്മവിശ്വാസം കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. സസ്പെൻഷൻ മൂലം പോളിഷ് സൂപ്പർതാരം ലെവണ്ടോസ്കി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.
താരത്തിൻ്റെ അഭാവത്തിൽ ഒരുപക്ഷേ ഡെമ്പെലെ, ഫെറാൻ/ഫാറ്റി, റാഫീഞ്ഞ സഖ്യമാകും മുന്നേറ്റനിരയിൽ അണിനിരക്കുക. നിലവിൽ 16 മത്സരങ്ങളിൽ നിന്നും 41 പോയിൻ്റുമായി ബാർസ ഒന്നാംസ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഈയൊരു സ്ഥാനം ഊട്ടിയുറപ്പിക്കാൻ അവർക്ക് സാധിക്കും. അതേസമയം പരാജയപ്പെട്ടാലും ബാർസക്ക് തൽക്കാലം ഒന്നാംസ്ഥാനം നഷ്ടപ്പെടുകയില്ല. മറുവശത്ത് 17 മത്സരങ്ങളിൽ നിന്നും 17 പോയിൻ്റുമായി ഗെറ്റാഫെ 16ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് ബാർസയെ അട്ടിമറിക്കാൻ കഴിഞ്ഞാൽ 3 സ്ഥാനങ്ങൾ വരെ മെച്ചപ്പെടുത്താൻ ഗെറ്റാഫെയ്ക്ക് സാധിക്കും. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.