Manchester is red..! ഡെർബിയിൽ സിറ്റി കീഴടക്കി യുണൈറ്റഡ്.!
പ്രീമിയർ ലീഗിലെ അതിവാശിയേറിയ മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയരായ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ഈയൊരു വിജയം എന്നത് യുണൈറ്റഡിൻ്റെ പോരാട്ടവീര്യത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്.
രണ്ടാം പകുതിയുടെ 60ആം മിനിറ്റിൽ ഡിബ്രുയ്ൻ്റെ ക്രോസിൽ നിന്നും സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയ ജാക്ക് ഗ്രീലിഷാണ് ഒരു മികച്ച ഹെഡ്ഡറിലൂടെ സിറ്റിക്ക് മത്സരത്തിൽ ലീഡ് നേടിക്കൊടുത്തത്. അതോടെ യുണൈറ്റഡ് വീണ്ടുമൊരു ഡെർബി തോൽവിയിലേക്ക് ചുവടെടുത്ത് വെക്കുകയാണെന്നാണ് ഏവരും കരുതിയത്. എന്നാൽ 78ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ഗോൾ മടക്കുകയായിരുന്നു. കാസെമിറോ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്.
തുടർന്ന് 4 മിനിറ്റുകൾക്ക് ശേഷം ഗർനാച്ചോയുടെ പാസിൽ നിന്നും റാഷ്ഫോർഡ് യുണൈറ്റഡിനായി വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. ഈയൊരു ഗോളോടെ ഓൾഡ് ട്രഫോർഡിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയ താരം (10) എന്ന റെക്കോർഡ് കൂടി റാഷ്ഫോർഡ് സ്വന്തമാക്കി. ശേഷിച്ച സമയം സിറ്റി സമനില ഗോളിനായി പൊരുതി നോക്കിയെങ്കിലും യുണൈറ്റഡ് അതിന് അനുവദിച്ചില്ല എന്ന് വേണം പറയാൻ. ഒടുവിൽ നിശ്ചിതസമയം പിന്നിട്ടപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റിക്ക് മേൽ യുണൈറ്റഡ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
അങ്ങനെ ലീഗിലെ ആദ്യപാദത്തിൽ എത്തിഹാദിൽ വെച്ചേറ്റ തോൽവിക്ക് കണക്ക് തീർക്കുവാനും ചുവന്ന ചെകുത്താന്മാർക്ക് കഴിഞ്ഞു. ഈയൊരു വിജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി യുണൈറ്റഡ് 3ആം സ്ഥാനത്തേക്ക് കയറി. അതേസമയം തോൽവി ഏറ്റുവാങ്ങിയ സിറ്റി 18 മത്സരങ്ങളിൽ നിന്നും 39 പോയിൻ്റുമായി 2ആം സ്ഥാനത്തുതന്നെ തുടരുകയാണ്.