ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; സെമിയിൽ അർജൻ്റീനയും, ക്രൊയേഷ്യയും തമ്മിൽ കൊമ്പുകോർക്കും.!
ഖത്തർ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയുവാൻ കഴിയും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീന ക്രൊയേഷ്യയേ നേരിടും. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ലാറ്റിൻ അമേരിക്കയിൽ നിന്നും അവസാനനാലിൽ അവശേഷിക്കുന്ന ഏകടീമാണ് അർജൻ്റീന. അതുകൊണ്ടുതന്നെ യൂറോപ്യൻ ടീമായ ക്രൊയേഷ്യയെ മലർത്തിയടിക്കാൻ ആൽബിസെലസ്റ്റിയൻസിന് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പർതാരം ലയണൽ മെസ്സിയാണ് ടീമിൻ്റെ കരുത്ത്. ഇതുവരെ 4 ഗോളുകളും, 2 അസ്സിസ്റ്റുകളും സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും അതേ മികവ് താരം പുറത്തെടുത്താൽ ക്രൊയേഷ്യയെ കീഴടക്കി ഫൈനൽ യോഗ്യത സ്വന്തമാക്കുവാൻ അർജൻ്റീനയ്ക്ക് സാധിക്കും.
ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടതിന് ശേഷം മിന്നുന്ന തിരിച്ചുവരവ് ആണ് സ്കലോണിയും സംഘവും നടത്തിയത്. ക്വാർട്ടറിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ കീഴടക്കിക്കൊണ്ടാണ് അർജൻ്റീന സെമിഫൈനൽ യോഗ്യത നേടിയത്. യെല്ലോകാർഡിൻ്റെ സസ്പെൻഷൻ ഉള്ളതിനാൽ വിങ് ബാക്കുമാരായ അക്യുനയും, മോണ്ടിയെലും ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. അതേസമയം സൂപ്പർതാരം ഡിമരിയ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് തന്നെയാണ് അറിയുവാൻ കഴിയുന്നത്. മറുവശത്ത് കിരീടം നേടുവാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ക്രൊയേഷ്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു തോൽവി പോലും അവർ അറിഞ്ഞിരുന്നില്ല. വെറ്ററൻ താരവും ടീമിൻ്റെ ക്യാപ്റ്റനുമായ ലൂക്കാ മോഡ്രിച്ചിലാണ് ടീമിൻ്റെ പ്രതീക്ഷകൾ.
ഇരുടീമുകളും തമ്മിൽ കഴിഞ്ഞ റഷ്യൻ ലോകകപ്പിലും ഏറ്റുമുട്ടിയിരുന്നു. അന്ന് അർജൻ്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിടുവാൻ ക്രൊയേഷ്യയ്ക്ക് സാധിച്ചു. അതിനൊരു പകരം ചോദിക്കൽ കൂടിയാവും അർജൻ്റീന ഇന്നത്തെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ക്രൊയേഷ്യക്കെതിരെ 3 മത്സരങ്ങളാണ് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസ്സി ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ നിന്നും 2 ഗോളുകൾ നേടുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും മെസ്സിയുടെ ബൂട്ടുകളിൽ തന്നെയാണ് ടീമിൻ്റെ പ്രതീക്ഷകൾ.
എന്തായാലും നമുക്ക് ഇരുടീമുകളുടെയും സാധ്യത ഇലവനുകൾ ഒന്ന് പരിശോധിക്കാം;
ARGENTINA: E Martinez(GK), N Molina, C Romero, N Otamendi, N Tagliafico, R De Paul, E Fernandes, Maccallister, A Di Maria, J Alvarez, L Messi (C).
CROATIA: Livakovic(GK), Juranovic, Gvardiol, Lovren, Sosa, Brozovic, Modric (C), Kovacic, Perisic, Kramaric, Vlasic.
ഇതാകും ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും കളത്തിൽ ഇറക്കുവാൻ സാധ്യതയുള്ള ഇലവൻ. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പയറ്റിയ 5-3-2 ഫോർമേഷനിൽ നിന്നും 4-3-3 ഫോർമേഷനിലേക്ക് അർജൻ്റീന തിരികെയെത്തും. ക്രൊയേഷ്യ ബ്രസീലിനെതിരെ പയറ്റിയ അതേ അടവും, അതേ ഫോർമേഷനും തന്നെയാവും ഇന്നും പരീക്ഷിക്കുക. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കാം ഇതെന്ന കാരണം കൊണ്ടുത്തന്നെ കയ്യും മെയ്യും മറന്ന് പോരാടാൻ ആകും അർജൻ്റൈൻ താരങ്ങൾ ശ്രമിക്കുക. മറുവശത്ത് തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.
എന്തായാലും 2014ലെ റണ്ണേഴ്സ് അപ്പും, 2018ലെ റണ്ണേഴ്സ് അപ്പും മുഖാമുഖം വരുമ്പോൾ തീപാറുന്നൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.